| Monday, 16th September 2019, 10:57 pm

'കലാ രംഗത്ത് ജാതീയ വേര്‍തിരിവുകളുണ്ട്, ഞാന്‍ പ്രിവിലേജ്ഡാണ്'; ജാതി തിരയുന്നവര്‍ കലയെ സ്‌നേഹിക്കുന്നവരല്ലെന്നും ഹരീഷ് ശിവരാമകൃഷ്ണന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കലാ രംഗത്ത് ജാതീയ വേര്‍തിരിവുകള്‍ നിലനില്‍ക്കുന്നുണ്ടെന്ന് ഗായകന്‍ ഹരീഷ് ശിവരാമകൃഷ്ണന്‍. കലയ്ക്ക് രണ്ടു തരത്തിലുള്ള ആസ്വാദകരാണുള്ളതെന്നും ഹരീഷ് പറഞ്ഞു. കലയെ സ്‌നേഹിക്കുന്നവരും കലയിലെ ജാതി അന്വേഷിഷിക്കുന്നവരുമാണ് ആ രണ്ടു കൂട്ടരെന്നും മനോരമ ന്യൂസിനു നല്‍കിയ അഭിമുഖത്തില്‍ ഹരീഷ് പറഞ്ഞു.

‘കലയ്ക്കു രണ്ടു തരത്തിലുള്ള ആസ്വാദകര്‍ ഉണ്ട്. ഒന്ന് കലയെ സ്‌നേഹിക്കുന്നവര്‍ മറ്റൊരുപക്ഷം കലയുമായി ബന്ധമില്ലാത്ത കലയെ ചുറ്റിപറ്റി ജീവിക്കുന്നവരാണ്. അവരാണ് കലയുടെ പുറംമോടികളെ കുറിച്ച് വ്യാകുലപ്പെടുന്നവര്‍. ചെരിപ്പിട്ടിട്ടുണ്ടോ, ചന്ദനക്കുറി തൊട്ടിട്ടുണ്ടോ, പേര് വെച്ച് സമുദായം കണ്ടെത്താന്‍ ശ്രമിക്കുക, പൂണൂലുണ്ടോ എന്ന് നോക്കുക, ജാതിവാല്‍ കണ്ടെത്താന്‍ ശ്രമിക്കുക. ഇവരൊന്നും ഒരു തരത്തില്‍ കലയെ സ്‌നേഹിക്കുന്നവരല്ല. ഇത്തരം ആളുകളെ വളരെ ബഹുമാനപുരസരം തള്ളിക്കളയുകയാണ് പതിവ്. കലയെ സ്‌നേഹിക്കുന്നവര്‍ക്ക് പാടുന്നവരുടെ ഐഡന്റിറ്റി പരിശോധിക്കാന്‍ സമയം കിട്ടില്ല.’ ഹരീഷ് പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഗുരുവായൂരില്‍ ചെമ്പൈ സ്വാമികളുടെ പേരിലുള്ള ഓഡിറ്റോറിയത്തില്‍ പാടിയ തന്നോട് പൂണൂലെവിടെ എന്ന് ഒരാസ്വാദകന്‍ ചോദിച്ചതായും ഹരീഷ് വ്യക്തമാക്കി.

‘പാടിയത് ആഭേരി രാഗമാണെന്നോ സംഗതി എങ്ങനെയുണ്ടെന്നോ വിലയിരുത്താതെ പൂണൂലു അന്വേഷിക്കുന്ന ആസ്വാദകരെ ആസ്വാദകരായി കാണാനാവില്ല. പൂണൂല്‍ ഇടുന്ന കമ്മ്യൂണിറ്റിക്കാരനാണ് ഞാന്‍. പക്ഷേ അതിടാറില്ല. കര്‍ണാടക സംഗീതം പാടുന്ന എന്നെ അത്തരം കമ്മ്യൂണിറ്റിക്കാരനായി കാണാനും അങ്ങനെ കയ്യടക്കാനുമാണ് അക്കൂട്ടര്‍ ശ്രമിക്കുന്നത്.

സമൂഹത്തിലെ ജാതിവ്യവസ്ഥകളെക്കുറിച്ച് പല തെറ്റായ ധാരണകളും ഉണ്ടായിരുന്നു. എന്റെ തന്നെ അറിവില്ലായ്മകൊണ്ട് പലതും നേരത്തെ പറഞ്ഞിട്ടുണ്ട്. ഇവിടുത്തെ സമവാക്യങ്ങള്‍ ഇപ്പോഴാണ് എനിക്ക് പിടികിട്ടിയത്. അതുകൊണ്ട് ഞാനതിനെ തിരുത്താന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. ഞാന്‍ കണ്ടില്ലാത്തതൊന്നും ഇല്ല എന്നായിരുന്നു വിചാരം. അത് തെറ്റാണ്. ഞാന്‍ പ്രിവിലേജുള്ള ആളല്ല എന്ന് നേരത്തെ വാദിക്കുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഞാന്‍ തിരുത്തി. ഞാന്‍ പ്രിവിലേജ്ഡ് ആണ്.’ ഹരീഷ് പറഞ്ഞു.

‘കച്ചേരി എന്നത് കര്‍ണാടിക് സംഗീതത്തിന്റെ ഒരു രീതി മാത്രമാണ്. അതുമാത്രമല്ല രീതി. അതിന് വേറെയും മാനങ്ങളുണ്ട്. അത്തരം മാനങ്ങളിലേക്ക് കൊണ്ടുപോകാനാണ് പ്രോഗ്രസീവ് റോക്കുമായി കര്‍ണാടിക്കിനെ സമന്വയിപ്പിക്കുന്നതിലൂടെ ചെയ്യാന്‍ ശ്രമിക്കുന്നത്. കല വളരെ ജൈവികമാണ്. അതിനെ അങ്ങനെ തളച്ചിടാന്‍ പറ്റില്ല. ഒരു ഫോര്‍മാറ്റില്‍ തളച്ചിടാമെന്നേയുള്ളു.’ ഹരീഷ് പറഞ്ഞു.

Latest Stories

We use cookies to give you the best possible experience. Learn more