| Thursday, 4th July 2019, 2:56 pm

രാഹുലിന് പിന്നാലെ റാവത്തും; അസം ജനറല്‍ സെക്രട്ടറി സ്ഥാനമൊഴിഞ്ഞു; 'പരാജയത്തിന്റെ ഉത്തരവാദിത്തമേറ്റെടുക്കുന്നു'

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂഡല്‍ഹി: രാഹുല്‍ഗാന്ധിയുടെ രാജിക്ക് പിന്നാലെ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഹരീഷ് റാവത്ത് രാജിവെച്ചു. അസം ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്നുമാണ് അദ്ദേഹത്തിന്റെ രാജി. ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‌ നേരിട്ട പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജി വക്കുകയാണെന്ന് റാവത്ത് വ്യക്തമാക്കി.

അസമിന്റെ ചുമതലയുള്ള നേതാവായിരിക്കെ, ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് നേരിട്ട പരാജയത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്ത് താന്‍ രാജി വെക്കുകയാണെന്ന് ഹരീഷ് റാവത്ത് ട്വീറ്റ് ചെയ്തു. തെരഞ്ഞെടുപ്പില്‍ അസമില്‍ മൂന്നിടത്ത് മാത്രമാണ് കോണ്‍ഗ്രസ് ജയിച്ചത്.

‘പാര്‍ട്ടിക്ക് നേരിട്ട പരാജയത്തിന്റെയും സംഘാടന പിഴവിന്റെയും ഉത്തരവാദിത്വം ഔദ്യോഗിക ചുമതലയിലുള്ള ഞങ്ങള്‍ക്കാണ്. അസമില്‍ പാര്‍ട്ടിയുടെ മോശം പ്രകടനത്തിന്റെ ഉത്തരവാദിത്വം ഞാന്‍ ഏറ്റെടുക്കുന്നു. ഞാന്‍ എന്റെ ഭാഗത്തുനിന്നുണ്ടായ കൃത്യവിലോപം അംഗീകരിച്ചുതന്നെ സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്നും രാജിവക്കുന്നു’, ഹരീഷ് റാവത്ത് പറഞ്ഞു.

മുന്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായ ഹരീഷ് റാവത്ത് ജനങ്ങള്‍ തന്നെ സ്‌നേഹിക്കുന്നുണ്ടെന്നും അതിന് സ്ഥാനമാനങ്ങളുടെ ആവശ്യമില്ലെന്നും കൂട്ടിച്ചേര്‍ത്തു. രാഹുല്‍ ഗാന്ധിയെപ്പോലെ ജനസമ്മതനായ നേതാവ് അധ്യക്ഷ സ്ഥാനത്ത് തുടരണമെന്നും അദ്ദേഹം പറഞ്ഞു.

‘അദ്ദേഹം (രാഹുല്‍ ഗാന്ധി) പാര്‍ട്ടിയെ മുന്നില്‍നിന്ന് നയിച്ചാല്‍ 2022ലെ നിയമസഭാ തെരഞ്ഞെടുപ്പുകളിലും 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും വിജയം കോണ്‍ഗ്രസിനൊപ്പമായിരിക്കും. ബി.ജെ.പിയെയും നരേന്ദ്രമോദിയെയും കോണ്‍ഗ്രസിന് നിഷ്പ്രയാസം പുറംതള്ളാന്‍ കഴിയും. അതുകൊണ്ടുതന്നെയാണ് ജനാധിപത്യ ശക്തികളും കോണ്‍ഗ്രസ് പ്രവര്‍ത്തകരും രാഹുലിനോട് അധ്യക്ഷസ്ഥാനത്ത് തുടരാന്‍ ആവശ്യപ്പെടുന്നത്’, റാവത്ത് പറഞ്ഞു.

അഞ്ച് തവണ പാര്‍ലമെന്റ് അംഗവും രണ്ടാം യു.പി.എ മന്ത്രിസഭയില്‍ ജലവിഭവ മന്ത്രിയായിരുന്നു ഹരീഷ് റാവത്ത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ നൈനിറ്റാളില്‍ നിന്ന് മത്സരിച്ച അദ്ദേഹം ഉത്തരാഖണ്ഡ് ബി.ജെ.പി പ്രസിഡണ്ട് അജയ് ഭട്ടിനോട് മൂന്ന് ലക്ഷത്തിലേറെ വോട്ടുകള്‍ക്ക് പരാജയപ്പെടുകയായിരുന്നു. തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ, കോണ്‍ഗ്രസ് അധികാരത്തിലെത്തുകയാണെങ്കില്‍ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുമെന്ന ഇദ്ദേഹത്തിന്റെ പരാമര്‍ശം വിവാദമായിരുന്നു.

ബുധനാഴ്ചയാണ് കോണ്‍ഗ്രസ് അധ്യക്ഷ പദവിയില്‍ നിന്നും രാഹുല്‍ഗാന്ധി ഔദ്യോഗികമായി രാജി പ്രഖ്യാപിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തോല്‍വിയുടെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജിയെന്ന് കത്തില്‍ പറഞ്ഞിരുന്നു. കോണ്‍ഗ്രസിനെ സേവിക്കുന്നത് തനിക്ക് അംഗീകാരമാണെന്നും രാജ്യത്തോടും തന്റെ പാര്‍ട്ടിയോടും കടപ്പെട്ടിരിക്കുന്നെന്നും രാഹുല്‍ കത്തില്‍ വ്യക്തമാക്കി.

We use cookies to give you the best possible experience. Learn more