| Saturday, 11th March 2017, 12:58 pm

ഉത്തരാഖണ്ഡിലും കോണ്‍ഗ്രസിന് കനത്ത ആഘാതം; ഇരുമണ്ഡലങ്ങളിലും മുഖ്യമന്ത്രി ഹരീഷ് റാവത്തിന് തോല്‍വി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസിന്റെ പ്രതീക്ഷകള്‍ ഓരോന്നായി മുങ്ങിത്താഴുകയാണ്. മുഖ്യമന്ത്രി ഹരീഷ് റാവത്ത് ഇരു മണ്ഡലങ്ങളില്‍ നിന്നും തോറ്റത് കോണ്‍ഗ്രസിന് കനത്ത ആഘാതമാണ് ഏല്‍പ്പിച്ചിരിക്കുന്നത്. ഹരിദ്വാര്‍ റൂറല്‍ മണ്ഡലത്തില്‍ ബി.ജെ.പിയുടെ യതിശ്വരാനന്ദിനോട് 12227 വോട്ടിന്റെ തോല്‍വിയാണ് റാവത്ത് ഏറ്റുവാങ്ങിയത്. 32645 വോട്ടുകള്‍ മാത്രമേ മുഖ്യമന്ത്രിയ്ക്ക് നേടാന്‍ സാധിച്ചുള്ളൂ.

ഉദ്ദംസിംഗ് നഗര്‍ ജില്ലയിലെ കിച്ച മണ്ഡലത്തിലും റാവത്ത് മത്സരിച്ചിരുന്നു. എന്നാല്‍ ഇവിടേയും അദ്ദേഹത്തിന് വിജയം നേടാന്‍ സാധിക്കതെ പോയി. ഭരണവിരുദ്ധ വികാരം തന്നെയാണ് റാവത്തിന് തിരിച്ചടിയായത്. ഉത്തരാഖണ്ഡ് സര്‍ക്കാരിലെ ഭിന്നതയും ആഭ്യന്തര കലഹവുമെല്ലാം അദ്ദേഹത്തിന് തിരിച്ചടിയായെന്ന് വേണം വിലയിരുത്താന്‍. ബി.ജെ.പിയുടെ രാജേഷ് ശുക്ലയോടാണ് റാവത്ത് കിച്ചയില്‍ പരാജയപ്പെട്ടത്.

ഭരണവിരുദ്ധ വികാരമാണ് ഉത്തരാഖണ്ഡിലും മറ്റ് സംസ്ഥാനങ്ങളിലേതുപോലെ ബി.ജെ.പിയ്ക്ക് ഗുണകരമായത്. 52 സീറ്റുകളുമായി ബി.ജെ.പി ഉത്തരാഖണ്ഡില്‍ അധികാരത്തിലേക്കു മുന്നേറുന്ന കാഴ്ച്ചയാണ് ഇപ്പോള്‍ സാധിക്കുന്നത്. ഏറെ പിന്നിലാണ് രണ്ടാമതുള്ള കോണ്‍ഗ്രസുള്ളത്. കോണ്‍ഗ്രസിന് 14 സീറ്റുകളില്‍ മാത്രമേ മുന്നിലെത്താന്‍ സാധിച്ചുള്ളൂ. 70 സീറ്റുകളിലായിരുന്നു ഉത്തരാഖണ്ഡില്‍ തെരഞ്ഞെടുപ്പ് നടന്നത്.


Also Read: മോദി തരംഗവും ബി.ജെ.പി കൊടുങ്കാറ്റുമൊന്നുമല്ല; തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത് ഭരണകക്ഷിയ്‌ക്കെതിരായ ജനരോഷം


ആഭ്യന്തര കലഹം ഇരു പാര്‍ട്ടികളേയും തെരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങുമ്പോള്‍ ബാധിച്ചിരുന്നു.നാല്‍പ്പതോളം സീറ്റുകളില്‍ ബി.ജെ.പിയും മുപ്പത് സീറ്റുകളിലും കോണ്‍ഗ്രസും ജയിക്കുമെന്നാണ് എം.ആര്‍.സി പ്രവചിക്കുന്നത്. ഇന്ത്യാ ടുഡെ സര്‍വ്വേയിലും ബി.ജെ.പിയ്ക്കായിരുന്നു മുന്‍തൂക്കം.

കഴിഞ്ഞ മാസമായിരുന്നു ഉത്തരാഖണ്ഡില്‍ തെരഞ്ഞെടുപ്പു നടന്നത്. എസ്.പി 21 സീറ്റുകളിലും ബി.എസ്.പി 69 സീറ്റുകളിലും മത്സരിച്ചിരുന്നുവെങ്കിലും ചലനങ്ങള്‍ സൃഷ്ടിക്കാന്‍ സാധിച്ചില്ല. നോട്ടു നിരോധനവും ബി.ജെ.പിയെ സാരമായി ബാധിച്ചില്ലെന്നാണ് തെരഞ്ഞെടുപ്പ് ഫലങ്ങള്‍ വ്യക്തമാക്കുന്നത്.

We use cookies to give you the best possible experience. Learn more