|

ഷിബു ചേട്ടന്‍ പറഞ്ഞതുകൊണ്ട് മലൈക്കോട്ടൈ വാലിബന്‍ രണ്ടാം ഭാഗം ഉണ്ടാകാതിരിക്കില്ല: ഹരീഷ് പേരടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമയിലും തമിഴ് സിനിമയിലും തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച നടനാണ് ഹരീഷ് പേരടി. 2013ല്‍ പുറത്തിറങ്ങിയ ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന മലയാള ചിത്രമാണ് അദ്ദേഹത്തിന് കരിയര്‍ ബ്രേക്ക് നല്‍കിയത്. ഗോദ, മരക്കാര്‍ അറബികടലിന്റെ സിംഹം, മലൈക്കോട്ടൈ വാലിബന്‍ എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നു. കൈതി, വിക്രം വേദ എന്നീ സിനിമകളിലൂടെ തമിഴിലും വ്യത്യസ്ത വേഷങ്ങള്‍ ഹരീഷ് പേരടി ചെയ്തിട്ടുണ്ട്. ഇപ്പോള്‍ മൂവി വേള്‍ഡ് മീഡിയയോട് സംസാരിക്കുകയാണ് അദ്ദേഹം.

സിനിമയുടെ ക്രിയേറ്റേഴ്‌സ് വിചാരിച്ചാല്‍ മലൈക്കോട്ടൈ വാലിബന്‍ എന്ന സിനിമയുടെ രണ്ടാംഭാഗം ഉണ്ടാകുമെന്നും, ചിത്രത്തിന്റെ നിര്‍മാതാവ് പറയുന്നത് കൊണ്ട് മാത്രം അതില്ലാതാകില്ലെന്നും അദ്ദേഹം പറയുന്നു. രണ്ടാം ഭാഗമുണ്ടായെങ്കില്‍ മാത്രമേ സിനിമക്ക് പൂര്‍ണത ലഭിക്കുകയുള്ളുവെന്നും, തന്റെ കഥാപാത്രത്തിന് ആ സിനിമയില്‍ ഒരു സ്ഥാനമുണ്ടെന്ന് താന്‍ വിശ്വസിക്കുന്നുവെന്നും ഹരീഷ് പേരടി പറയുന്നു.

‘മലൈകോട്ടൈ വാലിബന്‍ എന്ന ചിത്രത്തിന് രണ്ടാം ഭാഗമുണ്ടായാലും, എന്റെ കഥാപാത്രം അയ്യനാര്‍ ഉണ്ടാകുമോ എന്ന് പറയാന്‍ സാധിക്കില്ല. അതെല്ലാം ക്രിയേറ്റേഴ്സ് തീരുമാനിക്കേണ്ടതാണ്. എങ്കിലും അയ്യനാര്‍ എന്ന കഥാപാത്രത്തിന് ആ സിനിമയില്‍ ഒരു സ്ഥാനം ഉണ്ട്.

സിനിമ ഒരു പൂര്‍ണതയിലേക്കെത്താന്‍ രണ്ടാം ഭാഗം വേണം. ചിത്രം സാമ്പത്തികമായി നഷ്ടമായിരുന്നില്ല എന്നും ഷിബു ചേട്ടന്‍ പറുയുന്നുണ്ട്. ചിത്രത്തിന്റെ ക്രിയേറ്റേഴ്സാണ് ആത്യന്തികമായി രണ്ടാം ഭാഗം വേണമോ വേണ്ടയോ എന്ന് വെളിപ്പെടുത്തേണ്ടത്. ഷിബു ചേട്ടന്‍ പറഞ്ഞതുകൊണ്ട് സിനിമയുടെ രണ്ടാം ഭാഗം ഉണ്ടാകാതിരിക്കില്ല. ലിജോ ജോസ് പെല്ലിശേരി എന്ന സംവിധായകന്‍ തീരുമാനിച്ചാല്‍ മറ്റൊരു നിര്‍മാതാവിനെ വെച്ചും സിനിമ എടുക്കാം,’ അദ്ദേഹം പറഞ്ഞു.

ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത് മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രമായി 2024ല്‍ പുറത്തിറങ്ങിയ ബിഗ് ബജറ്റ് ചിത്രമായിരുന്നു മലൈക്കോട്ടൈ വാലിബന്‍. തീയ്യേറ്ററിലും, ഒ.ടി.ടിയിലുയായി സമ്മിശ്ര പ്രതികരണങ്ങള്‍ ലഭിച്ച ചിത്രത്തിന് ബോക്സ് ഓഫിസില്‍ വലിയ വിജയം നേടാന്‍ കഴിഞ്ഞിരുന്നില്ല. ഈയിടെ ചിത്രത്തിന്റെ നിര്‍മാതാവ് ഷിബു ബേബി ജോണ്‍ സിനിമയുടെ രണ്ടാം ഭാഗത്തെ കുറിചുള്ള ആലോചനകള്‍ ഏറെക്കുറെ അവസാനിപ്പിച്ചു എന്ന് പറഞ്ഞിരുന്നു.

Content Highlight: Harish Perady talks about secoond part of  Malaikottai Valiban movie

Latest Stories