| Thursday, 29th June 2023, 10:57 pm

'അമ്മ'യുമായുള്ള എതിര്‍പ്പുകള്‍ നിലനില്‍ക്കെ സംഘടനയുടെ ഭാരവാഹിയായ മോഹന്‍ലാല്‍ എന്നിലെ നടനെ അംഗീകരിച്ചിരുന്നു: ഹരീഷ് പേരടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

‘അമ്മ’ സംഘടനയുമായി തനിക്കുള്ള എല്ലാ അഭിപ്രായ വ്യത്യാസങ്ങളും നിലനില്‍ക്കുമ്പോള്‍ തന്നെ സംഘടനയുടെ ഭാരവാഹിയായ മോഹന്‍ലാല്‍ തന്നിലെ നടനെ അംഗീകരിച്ചിരുന്നുവെന്ന് നടന്‍ ഹരീഷ് പേരടി. അത് മോഹന്‍ലാലിന്റെ ക്വാളിറ്റിയാണെന്നും ആ ഗുണം അധികമാര്‍ക്കുമില്ലാത്തതാണെന്നും ഹരീഷ് പറഞ്ഞു. കാന്‍ചാനല്‍മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘മോഹന്‍ലാലിന്റെ ക്വാളിറ്റി എടുത്തു പറയുകയാണെങ്കില്‍, എനിക്ക് അമ്മ എന്ന സംഘടനയുമായിട്ടുള്ള അഭിപ്രായവ്യത്യാസങ്ങളും മറ്റും അതേ പോലെ നിലനിര്‍ത്തുകയും, എന്നിലെ നടനെ സ്വീകരിക്കാന്‍ അദ്ദേഹം തയ്യാറാവുകയും ചെയ്യുന്നു എന്നുള്ളതാണ് അദ്ദേഹത്തിന്റെ ക്വാളിറ്റി. അത് അധികമാര്‍ക്കും ഇല്ലാത്തൊരു ഗുണമാണ്. ആളുകള്‍ പലപ്പോഴും, വ്യക്തിപരമായ കാര്യങ്ങളും മറ്റു വിഷയങ്ങളുമെല്ലാം കൂട്ടിക്കുഴച്ചാണ് അഭിനയത്തിലേക്ക് കടന്നുവരികയും സിനിമയിലൊക്കെ എടുത്തുകാണിക്കുകയും ചെയ്യുക. അദ്ദേഹം പക്ഷെ, അത് രണ്ടും രണ്ടായിട്ട് തന്നെയാണ് കാണുന്നത്.

അമ്മ സംഘടനയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ അദ്ദേഹത്തിന് എന്നോടുള്ള അഭിപ്രായവ്യത്യാസം വേറെയാണ്. അത് വേറെ കാര്യങ്ങളാണ്. പക്ഷെ എന്നിലെ നടനും അദ്ദേഹത്തിലെ നടനും തമ്മില്‍ ഒത്തുചേരാവുന്ന ഏരിയകളില്‍ അദ്ദേഹം എന്നിലെ നടനെ മാത്രമേ നോക്കുന്നുള്ളൂ. അതാണ് പരിഗണിക്കുന്നത്. അതിനിയും പരിഗണിക്കപ്പെടുമെന്ന് തന്നെയാണ് എന്റെ വിശ്വാസം.

സട്ടില്‍ ആക്ടിങ്ങിന്റെ ഉസ്താദായിട്ടാണ് മോഹന്‍ലാലിനെ കുറിച്ച് എനിക്ക് പലപ്പോഴും തോന്നിയിട്ടുള്ളത്. സട്ടില്‍ ആക്ടിങ്ങിന്റെ പരമാവധിയില്‍ എത്തിച്ചിട്ടുള്ള പ്രകടനമാണ് അദ്ദേഹം നടത്താറുള്ളത്. കൂടെ അഭിനയിക്കുമ്പോഴാണ് ഞാനത് ശ്രദ്ധിച്ചിട്ടുള്ളത്. അദ്ദേഹത്തിന്റെ ആക്ടിങ് നേരിട്ട് കാണുമ്പോള്‍ ഇത്രമതിയോ, കുറച്ചൂടെ വേണ്ടേ എന്നൊക്കെ നമുക്ക് സംശയമായിരിക്കും. പക്ഷെ മോണിറ്ററില്‍ പോയി നോക്കുമ്പോഴാണ് നമുക്ക് കണ്‍പീലിയുടെ ചലനങ്ങള്‍, വിരലുകള്‍ മുഴുവന്‍ ഉപയോഗിക്കാതെയുള്ള ചില പ്രകടനങ്ങള്‍ തുടങ്ങിയ അദ്ദേഹത്തിന്റെ അഭിനയത്തിലെ മികവ് നമുക്ക് മനസിലാകുക.

ഇരുവര്‍ എന്ന സിനിമയില്‍ മോഹന്‍ലാലിന്റെ കഥാപാത്രം ഒരു ടവ്വല്‍ ഭയങ്കരമായി ഉപയോഗിക്കുന്നുണ്ട്. അതിനെ കുറിച്ച് ഞാന്‍ ചോദിച്ച് മനസിലാക്കിയിരുന്നു. അത് സ്‌ക്രിപ്റ്റില്‍ ഇല്ലായിരുന്നു എന്നും എന്നാല്‍ എം.ജി.ആറിന് ആ സ്വഭാവമുണ്ടായിരുന്നു എന്നുമാണ് അദ്ദേഹം പറഞ്ഞത്. അദ്ദേഹം കണ്ടെത്തി ചെയ്തതാണ്. അത് മണിരത്‌നവുമായി സംസാരിച്ച്, നടന്റെ സ്വാതന്ത്ര്യം ഉപയോഗപ്പെടുത്തി ചെയ്തതാണ്. അത്തരം പ്രകടനങ്ങളാണ് അദ്ദേഹത്തിന്റേത്. കൂടെ അഭിനയിക്കുമ്പോള്‍ അത്തരം ചില മാജിക്കുകള്‍ നമുക്ക് പഠിക്കാനാകും,’ ഹരീഷ് പേരടി പറഞ്ഞു.

content highlights: Harish Peradi talks about Mohanlal and his opposition with the Amma organization

We use cookies to give you the best possible experience. Learn more