സിന്ധു സമവേലി എന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ച നടനാണ് ഹരീഷ് കല്യാണ്‍. തുടര്‍ന്ന് തമിഴില്‍ നിരവധി മികച്ച ചിത്രങ്ങളില്‍ ഭാഗമാകാന്‍ അദ്ദേഹത്തിന് സാധിച്ചു. തമിഴരശന്‍ പച്ചമുത്തു സംവിധാനം ചെയ്ത സ്പോര്‍ട്സ് ഡ്രാമ ചിത്രമായ ലബ്ബര്‍ പന്തു ആണ് ഹരീഷിന്റെ ഏറ്റവും പുതിയ ചിത്രം.
ലബ്ബര്‍ പന്തു എന്ന ചിത്രവും പാ. രഞ്ജിത്തിന്റെ നിര്‍മാണ കമ്പനി ആയ നീലം പ്രൊഡക്ഷന്‍സിന്റെ ബ്ലൂ സ്റ്റാര്‍ എന്ന സിനിമയും തനിക്ക് ഒരേ സമയം വന്ന ചിത്രമാണെന്നും ബ്ലൂ സ്റ്റാറില്‍ അശോക് സെല്‍വരാജ് ചെയ്ത കഥാപാത്രത്തിന് വേണ്ടിയാണ് അണിയറപ്രവര്‍ത്തകര്‍ തന്നെ സമീപിച്ചതെന്നും ഹരീഷ് കല്യാണ്‍ പറയുന്നു.
എന്നാല്‍ ലബ്ബര്‍ പന്തുവിന് ആദ്യമേ ഓക്കേ പറഞ്ഞതുകൊണ്ടും രണ്ടു ചിത്രങ്ങളും ക്രിക്കറ്റിനെ ബേസ് ചെയ്തതായതുകൊണ്ടും ബ്ലൂ സ്റ്റാറിന് നോ പറഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എസ്.എസ് മ്യൂസിക്കിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഹരീഷ് കല്യാണ്‍.
‘ലബ്ബര്‍ പാണ്ഡു എന്ന ചിത്രവും ബ്ലൂ സ്റ്റാര്‍ എന്ന ചിത്രവും എനിക്ക് ഒരേ സമയത്ത് വന്നതായിരുന്നു. അതില്‍ അശോക് സെല്‍വരാജ് ചെയ്ത കഥാപാത്രത്തിന് വേണ്ടിയായിരുന്നു എന്റെയടുത്ത് വന്നത്. ബ്ലൂ സ്റ്റാറിന്റെ സ്‌ക്രിപ്റ്റ് ഞാന്‍ വായിച്ചിട്ടുള്ളതാണ്. പ്രിന്‍സ് പിക്‌ചേര്‍സില്‍ ഞാന്‍ ലബ്ബര്‍ പന്തു സൈന്‍ ചെയ്തതിന് ശേഷമാണ് എനിക്ക് ബ്ലൂ സ്റ്റാര്‍ വരുന്നത്.
ഞാന്‍ എന്ത് സിനിമയാണെന്നോ എങ്ങനത്തെ സിനിമയാണോ എന്നൊന്നും ചോദിച്ചിരുന്നില്ല. പാ. രഞ്ജിത്തിന്റെ നീലം പ്രൊഡക്ഷനില്‍ നിന്ന് ഒരു കഥ പറയാന്‍ വരുന്നുണ്ട് എന്ന് മാത്രമാണ് എന്നോട് പറഞ്ഞിരുന്നത്. ശരി എന്നാല്‍ കഥ കേള്‍ക്കാം എന്ന് പറഞ്ഞ് ഞാന്‍ വണ്‍ ലൈന്‍ കേട്ടു. വേറൊരു സിനിമ ചെയ്യുന്നതിനെ കുറിച്ച് ഞാന്‍ അപ്പോഴൊന്നും പറഞ്ഞില്ലായിരുന്നു.
എന്തുകൊണ്ടാണെന്ന് വെച്ചാല്‍ കഥ കേട്ടതുകൊണ്ടാണ് ഞാന്‍ വേണ്ട പറ്റില്ലായെന്ന് പറഞ്ഞതെന്ന് അവര്‍ക്ക് തോന്നാന്‍ പാടില്ലല്ലോ, അതുകൊണ്ടാണ് അപ്പോള്‍ നോ പറയാത്തത്. അതുകഴിഞ്ഞിട്ട് ഫുള്‍ സ്‌ക്രിപ്റ്റ് വാങ്ങി വായിക്കാം എന്ന് പറഞ്ഞു. പിന്നെ ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു സാര്‍ കഥയെല്ലാം നന്നായിട്ടുണ്ട് പക്ഷെ നിങ്ങള്‍ വരുന്നതിന് മുന്‍പ് ഞാന്‍ വേറൊരു സിനിമക്ക് വേണ്ടി ഓക്കേ പറഞ്ഞു പോയി എന്ന്.
അതും ഇതുപോലൊരു ക്രിക്കറ്റ് ബേസ് ചെയ്തിട്ടുള്ള സിനിമയാണ്. അപ്പോള്‍ രണ്ടും ഒരേ പോലെയുള്ള സബ്ജക്റ്റ് സംസാരിക്കുന്നതായാല്‍ അതില്‍ രണ്ടില്‍ ഏതെങ്കിലും ഒരു സിനിമയെ ബാധിക്കുമല്ലോ അതുകൊണ്ട് ഞാന്‍ ബ്ലൂ സ്റ്റാറിനോട് നോ പറഞ്ഞു,’ ഹരീഷ് കല്യാണ്‍ പറയുന്നു.
Content Highlight: Harish Kalyan Talks About Reason Of Rejecting Blue Star Film