ഒരു സംശയവും വേണ്ട ഇന്ത്യയെ ഞങ്ങള്‍ പരാജയപ്പെടുത്തും: പ്രസ്താവനയുമായി ഹാരിസ് റൗഫ്
Sports News
ഒരു സംശയവും വേണ്ട ഇന്ത്യയെ ഞങ്ങള്‍ പരാജയപ്പെടുത്തും: പ്രസ്താവനയുമായി ഹാരിസ് റൗഫ്
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 22nd February 2025, 2:09 pm

ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയില്‍ തങ്ങളുടെ ആദ്യ മത്സരത്തില്‍ ജയം സ്വന്തമാക്കിയാണ് ഇന്ത്യ തുടങ്ങിയത്. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. എന്നാല്‍ ചാമ്പ്യന്‍സ് ട്രോഫിയുടെ ഉദ്ഘാടന മത്സരത്തില്‍ ന്യൂസിലാന്‍ഡിനോട് പരാജയപ്പെട്ടാണ് ആതിഥേയരായ പാകിസ്ഥാന്‍ തുടങ്ങിയത്.

എന്തൊക്കെ സംഭവിച്ചാലും ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ലോകം. ചിരവൈരികളായ ഇരുടീമും ഏറ്റുമുട്ടുമ്പോള്‍ പൊടിപാറുമെന്നത് ഉറപ്പാണ്. ഫെബ്രുവരി 23ന് ദുബായില്‍ വെച്ചാണ് ഇരുവരും ഏറ്റുമുട്ടാനൊരുങ്ങുന്നത്.

ബിഗ് ഇവന്റില്‍ ആരാണ് വിജയിക്കുക എന്ന ചര്‍ച്ചകള്‍ നേരത്തെ തുടങ്ങിയിരുന്നു. ഇപ്പോള്‍ മത്സരത്തില്‍ പാകിസ്ഥാന്‍ തന്നെ വിജയിക്കുമെന്ന് പറയുകയാണ് ഓള്‍ റൗണ്ടര്‍ ഹാരിസ് റൗഫ്. ഇന്ത്യയെ ദുബായില്‍ രണ്ട് തവണ പാകിസ്ഥാന്‍ പരാജയപ്പെടുത്തിയിട്ടുണ്ടെന്നും ഇത് തങ്ങള്‍ക്ക് വലിയ ആത്മവിശ്വാസം നല്‍കുന്നതാണെന്നും ഹാരിസ് പറഞ്ഞു. മാത്രമല്ല ഇന്ത്യയെ പരാജയപ്പെടുത്തി ആ ചരിത്രം ആവര്‍ത്തിക്കുമെന്നും പാകിസ്ഥാന്‍ ഓള്‍ റൗണ്ടര്‍ പറഞ്ഞു.

ഹാരിസ് റൗഫ് പറഞ്ഞത്

‘സംശയം വേണ്ട ഇന്ത്യയെ ഞങ്ങള്‍ പരാജയപ്പെടുത്തും, ദുബായിലെ സാഹചര്യം ഞങ്ങളുടെ ആത്മവിശ്വാസം ഉയര്‍ത്തും. തുടര്‍ച്ചയായി രണ്ട് തവണ ഞങ്ങള്‍ ഇന്ത്യയെ ഇവിടെ തോല്‍പ്പിച്ചിട്ടുണ്ട്. ഞങ്ങള്‍ ഈ ചരിത്രം ആവര്‍ത്തിക്കാന്‍ പരമാവധി ശ്രമിക്കും. ഇന്ത്യയെ തോല്‍പ്പിക്കാനുള്ള അവസാരമാണ് ഈ മത്സരമെന്നാണ് ഞാന്‍ കരുതുന്നത്,’ റൗഫ് പറഞ്ഞു.

2017 ചാമ്പ്യന്‍സ് ട്രോഫിയിലും 2021 ടി-20 ലോകകപ്പിലും ഇന്ത്യയെ ദുബായില്‍ പാകിസ്ഥാന്‍ പരാജയപ്പെടുത്തിയിട്ടുണ്ട്. എന്നിരുന്നാലും നാളെ നടക്കാനിരിക്കുന്ന ബിഗ് ഇവന്റില്‍ പിച്ചിന്റെ സാഹചര്യങ്ങള്‍ എങ്ങനെയായിരിക്കുമെന്ന് അറിയില്ലെന്ന് ഹാരിസ് ആശങ്ക പങ്കുവെക്കുകയും ചെയ്തു.

ഞങ്ങള്‍ക്ക് മികച്ച റെക്കോഡുള്ള മൈതാനമാണിത്. എന്നാല്‍ പിച്ചിന്റെ സാഹചര്യം എങ്ങനെയാണെന്ന് അറിയേണ്ടതായുണ്ട്. സ്പിന്‍ പിച്ചാകാനാണ് സാധ്യത. ഇതിനെ പരമാവധി മുതലാക്കാന്‍ ഞങ്ങള്‍ ശ്രമിക്കുന്നതാണ്,’ ഹാരിസ് റൗഫ് കൂട്ടിച്ചേര്‍ത്തു.

Content Highlight: Haris Rauf Talking About India VS Pakistan Match In Champions Trophy