D' Election 2019
ബൂത്തിലെത്താന്‍ കഴിയാത്തവര്‍ക്കുവേണ്ടി പകരം വോട്ട് ചെയ്യുന്നത് കള്ളവോട്ട്; സി.പി.ഐ.എമ്മിന്റെ ഓപ്പണ്‍ വോട്ട് വാദത്തിനെതിരേ അഡ്വ. ഹാരിസ് ബീരാന്‍
കോഴിക്കോട്: കാസര്‍കോട്ടും കണ്ണൂരും നടന്നത് ഓപ്പണ്‍ വോട്ടിങ്ങാണെന്ന സി.പി.ഐ.എമ്മിന്റെ വാദത്തെ തള്ളി സുപ്രീംകോടതി അഭിഭാഷകന്‍ ഹാരിസ് ബീരാന്‍. ജനപ്രാതിനിധ്യ നിയമം അനുസരിച്ച് ഓപ്പണ്‍ വോട്ടിങ് സംവിധാനമുള്ളത് രാജ്യസഭ പോലത്തെ കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ് വിഭാഗത്തില്‍ മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു. ബൂത്തിലെത്താന്‍ കഴിയാത്തവര്‍ക്കുവേണ്ടി പകരം വോട്ട് ചെയ്യുകയാണുണ്ടായതെങ്കില്‍ അതിനെ വിളിക്കേണ്ടത് കള്ളവോട്ടെന്നാണും അദ്ദേഹം പറഞ്ഞു. മനോരമ ന്യൂസിന്റെ കൗണ്ടര്‍ പോയന്റിലാണ് ഹാരിസ് ബീരാന്‍ ഇക്കാര്യം വിശദീകരിച്ചത്.
ഇക്കാര്യത്തെക്കുറിച്ച് അറിയാന്‍ നിയമപുസ്തകങ്ങള്‍ നോക്കുകയും തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഹെല്‍പ്‌ലൈനില്‍ വിളിക്കുകയും ചെയ്തു. അതുപ്രകാരം ജനപ്രാതിനിധ്യനിയമം അനുസരിച്ച് രണ്ടുതരത്തിലാണ് വോട്ട് ചെയ്യാനാകുന്നത്. ഒന്ന്, പോളിങ് ബൂത്തിലെത്തി വോട്ട് ചെയ്യുക. രണ്ട്, അതിനു കഴിയാത്തവര്‍ക്ക് പ്രോക്‌സി വോട്ടിങ് ചെയ്യാനുള്ള നടപടിക്രമമുണ്ട്, അല്ലെങ്കില്‍ പോസ്റ്റല്‍ വോട്ടിങ്ങുണ്ടാകും. ഇതല്ലാതെയുള്ള ഓപ്പണ്‍ വോട്ടിങ് സംവിധാനം രാജ്യസഭ പോലത്തെ കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ് വിഭാഗത്തിലേക്കാണു നടക്കുന്നത്.
ഓപ്പണ്‍ വോട്ടിങ് വാദം അസംബന്ധമാണ്, കള്ളത്തരമാണ്. കണ്ണു കാണാത്തവര്‍ക്കു പോലും വോട്ടിങ് യന്ത്രത്തില്‍ ഇപ്പോള്‍ സംവിധാനമുണ്ട്. ബൂത്തിലെത്താന്‍ കഴിയാത്തവര്‍ക്കുവേണ്ടി പകരം വോട്ട് ചെയ്യുകയാണുണ്ടായതെങ്കില്‍ അതിനെ വിളിക്കേണ്ടത് കള്ളവോട്ടെന്നാണ്. ഇങ്ങനെയൊരു കാര്യം നിയമപുസ്തകത്തിലില്ല. മഷി പുരട്ടേണ്ടത് ഏതു കൈയിലാണെന്നു വരെ തീരുമാനിക്കേണ്ടത് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരാണ്.
പ്രോക്‌സി വോട്ട് ചെയ്യാന്‍ കഴിയുന്നത് പ്രത്യേക വിഭാഗത്തിനു മാത്രമാണ്. വോട്ട് ചെയ്യാന്‍ സൗകര്യമില്ലാത്ത സര്‍ക്കാരുദ്യോഗസ്ഥര്‍, സായുധസേനകള്‍, വിദേശത്തു ജോലി ചെയ്യുന്ന സര്‍ക്കാരുദ്യോഗസ്ഥര്‍, തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്കേ അതിനു കഴിയൂവെന്നും അദ്ദേഹം പറഞ്ഞു.
ഇക്കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ പങ്ക് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പോളിങ് കഴിഞ്ഞ് നാലുദിവസം കഴിഞ്ഞിട്ടും കമ്മീഷന്‍ ഇക്കാര്യം പരിശോധിച്ച് നടപടിയെടുത്തിട്ടില്ല. കണ്ടുകഴിഞ്ഞതിനുശേഷവും വോട്ടെടുപ്പ് സ്‌പെന്‍ഡ് ചെയ്യാതെ റിപ്പോര്‍ട്ട് തേടുക മാത്രമാണു ചെയ്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കള്ളവോട്ട് നടന്നെന്നു തെളിഞ്ഞാല്‍ ഒരുവര്‍ഷം തടവുശിക്ഷ ലഭിക്കുമെന്നും കൂടാതെ ആ പോളിങ് ബൂത്തുകളിലെ വോട്ടെടുപ്പ് അസാധുവാക്കുമെന്നും അദ്ദേഹം പറഞ്ഞു.
കള്ളവോട്ടെന്ന പേരില്‍ കോണ്‍ഗ്രസ് നേരത്തേ പുറത്തുവിട്ട ദൃശ്യങ്ങള്‍ ഓപ്പണ്‍ വോട്ടിന്റേതാണെന്നും അവ അടര്‍ത്തിയെടുത്തതാണെന്നും സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍ നേരത്തേ പറഞ്ഞിരുന്നു.
കണ്ണൂര്‍ ചെറുതാഴം പഞ്ചായത്തംഗം എം.വി സലീന കള്ളവോട്ട് നടത്തിയെന്ന ആരോപണവും ജയരാജന്‍ തള്ളി. സലീന 19-ാം ബൂത്തില്‍ സഹായിയായി പോയതാണെന്ന് അദ്ദേഹം പറഞ്ഞു.
കള്ളവോട്ട് ചെയ്തുവെന്നത് കള്ളപ്രചാരണ വേലയാണ്. ഓപ്പണ്‍ വോട്ട് ബന്ധപ്പെട്ടവര്‍ അനുവദിച്ചശേഷമാണു ചെയ്തത്. പരസഹായമില്ലാതെ വോട്ട് ചെയ്യാന്‍ കഴിയാത്തവരെ സഹായിച്ചതിനോട് ഈ കൊലച്ചതി ചെയ്തത് തെറ്റാണ്. സഹായികളായി പോയവരെ കള്ളവോട്ട് ചെയ്തവരെന്നു ചിത്രീകരിക്കുകയാണ് ചെയ്യുന്നത്. ഈ ആരോപണമുന്നയിക്കുന്നവരുടേതു മുന്‍കൂര്‍ ജാമ്യമാണെന്നും ജയരാജന്‍ പറഞ്ഞു.
ഒരന്വേഷണത്തെയും ഭയമില്ലെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.
കാസര്‍കോട്ടെ പിലാത്തറയിലും എരമംകുറ്റൂരും കള്ളവോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങളായിരുന്നു കോണ്‍ഗ്രസ് നേരത്തേ പുറത്തുവിട്ടത്. ഒരാള്‍ തന്നെ രണ്ടുതവണ വോട്ട് ചെയ്യുന്നതും ആ ദൃശ്യങ്ങളിലുണ്ടായിരുന്നു.
വിഷയത്തില്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും ദൃശ്യങ്ങള്‍ പരിശോധിച്ചു കൊണ്ടിരിക്കുകയാണെന്നുമായിരുന്നു തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയുടെ പ്രതികരണം. ദൃശ്യങ്ങളിലേതുപോലെ സംഭവിച്ചിട്ടുണ്ടെങ്കില്‍ കടുത്ത നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.