ആലപ്പുഴ: ഹരിപ്പാട് ചാമ്പക്കണ്ടം പട്ടികജാതി കോളനിയില്‍ നടന്ന പൊലീസ് അതിക്രമം ജാതി അധിക്ഷേപിച്ചെന്ന് മര്‍ദ്ദനമേറ്റ പെണ്‍കുട്ടി ശ്രുതി.
രാത്രി ഒരുമണി കഴിഞ്ഞാണ് സ്ത്രീകളുള്ള വീട്ടില്‍ പൊലീസ് അതിക്രമിച്ച് കയറിയത്. സ്വന്തം വീടെന്ന് പറഞ്ഞപ്പോള്‍ എന്താണ് തെളിവെന്ന് പൊലീസ് ചോദിച്ചെന്നും ശ്രുതി ഏഷ്യാനേറ്റ് ന്യൂസിനോട് പറഞ്ഞു.
പൊലീസിന്റെ വാഹനം തടഞ്ഞിട്ടില്ലെന്നും ബലം പ്രയോഗിച്ച് തന്നെ തള്ളിയെന്നും പെണ്‍കുട്ടി പറഞ്ഞു.
അതേസമയം സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് വിശദമായ അന്വേഷണം നടത്തുന്നുണ്ടെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.
കഴിഞ്ഞ ദിവസം അര്‍ധരാത്രിയോടെയായിരുന്നു സംഭവം. പൊലീസ് കോളനിയിലേക്ക് അതിക്രമിച്ച് കയറി സംഘര്‍ഷമുണ്ടാക്കി എന്നായിരുന്നു പരാതി. സംഘര്‍ഷത്തില്‍ പരിക്കേറ്റ കോളനി നിവാസികളിലെ സ്ത്രീകള്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.
ഹരിപ്പാട് സ്റ്റേഷനിലെ മൂന്നംഗസംഘം കഴിഞ്ഞ ദിവസം നൈറ്റ് പട്രോളിങ്ങിനായാണ് ചാമ്പക്കണ്ടം കോളനിയിലെത്തിയത്. വീടിനടുത്ത് സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട രണ്ട് പേരുടെ വിവരങ്ങള്‍ ചോദിച്ചപ്പോള്‍ തങ്ങളെ ആക്രമിക്കുകയായിരുന്നെന്നാണ് പൊലീസിന്റെ വിശദീകരണം. പ്രകോപനം ഉണ്ടായിട്ടില്ലെന്നും പൊലീസ് പറയുന്നു.
കായംകുളം ഡി.വൈ.എസ്.പിയും സംഘവും എത്തിയാണ് പൊലീസുകാരെ രക്ഷപ്പെടുത്തിയത്.
നാട്ടുകാര്‍ സംഘടിച്ചെത്തി ഒരു മണിക്കൂറോളം പൊലീസ് സംഘത്തെ തടഞ്ഞുവെച്ചെന്നും പൊലീസ് ജീപ്പിന്റെ താക്കോലും ഊരിയെടുത്തെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.
കോളനിയിലെ അജിത്ത്, ശരത്ത് എന്നീ സഹോദരങ്ങള്‍ താമസിക്കുന്ന വീട്ടില്‍ രണ്ട് പേര്‍ പുറത്ത് നിന്നും എത്തിയിരുന്നു. ഇവരെ കുറിച്ചുള്ള വിവരം തിരക്കാന്‍ പൊലീസ് ശ്രമിച്ചു. ഇവരെത്തിയ ബൈക്കിന്റെ താക്കോല്‍ ഊരിയെടുക്കാനും പൊലീസ് ശ്രമിച്ചു. ഇതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്, ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പൊലീസ് നടപടി തടസ്സപ്പെടുത്തിയെന്ന് അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
Content Highlights: Harippad Champakandam Scheduled Caste Colony Police Violence