മലയാള സിനിമയിലെ ഏറ്റവും വലിയ ക്രൗഡ് പുള്ളേഴ്‌സ് ആരെന്ന് ചോദിച്ചാല്‍ പല ഉത്തരമായിരിക്കും ആളുകള്‍ നല്‍കുക. എന്നാല്‍ ഇന്ന് ഹരിപ്പാടും വിജയവാഡയിലും തിങ്ങിക്കൂടിയ ജനാവലിയെ കണ്ടാല്‍ അത് ഒരു അപ്പനും മോനുമാണെന്ന് പറയേണ്ടി വരും.
ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനായി ഹരിപ്പാടെത്തിയ മമ്മൂട്ടിയെ കാണാന്‍ കെ.എസ്.ആര്‍.ടി.സിയുടെ മുകളില്‍ വരെയാണ് ജനങ്ങള്‍ കയറിയത്. ‘മമ്മൂക്ക വികാരമല്ലേ എന്ത് ചെയ്യാന്‍ പറ്റും, സ്റ്റാന്റിന് മുകളില്‍ വരെ ആളുകള്‍ കയറി’ എന്നാണ് ഇതിനോട് ഹരിപ്പാട് കെ.എസ്.ആര്‍.ടി.സിയുടെ ഫേസ്ബുക്ക് പേജ് പ്രതികരിച്ചത്.
ജനത്തിരക്ക് അനിയന്ത്രിതമായതോടെ താരത്തിന് തന്നെ ഇടപെടേണ്ടി വന്നിരുന്നു. വഴി ബ്ലോക്ക് ആകുന്ന അത്ര ജനക്കൂട്ടത്തെ കണ്ട് പരിപാടി വേഗം നടത്തി താന്‍ പോകാമെന്നും, അത്യാവശ്യക്കാരുടെ വഴി മുടക്കുന്നത് ശരിയല്ലലോ എന്നുമായിരുന്നു മമ്മൂട്ടി പറഞ്ഞത്.
മമ്മൂട്ടിയുടെ ചിത്രങ്ങളും ഫാന്‍മേഡ് വീഡിയോകളും പ്രചരിക്കുവാന്‍ തുടങ്ങിയതോടെ പുറകെ മറ്റൊരാളും എത്തി. സീതാ രാമം എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ആന്ധ്രാപ്രദേശിലെ വിജയവാഡയിലെത്തിയ ദുല്‍ഖറിനെ കാണാന്‍ വന്‍ജനാവലിയാണ് തടിച്ചുകൂടിയത്.
കഴിഞ്ഞ ദിവസം കൊച്ചി ലുലു മാളിലും ദുല്‍ഖറിനെ കാണാന്‍ നിയന്ത്രണാതീതമായി ജനക്കൂട്ടമെത്തിയിരുന്നു. സീതാരാമത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ദുല്‍ഖര്‍ എത്തുന്ന നഗരങ്ങളിലെല്ലാം ജനം കൂടുകയാണ്. ഹനു രാഘവപുടി സംവിധാനം ചെയ്യുന്ന സീതാ രാമം ആഗസ്റ്റ് അഞ്ചിനാണ് റിലീസ് ചെയ്യുന്നത്. മൃണാള്‍ താക്കറും രശ്മിക മന്ദാനയുമാണ് ചിത്രത്തില്‍ നായികമാര്‍.
ഉദയകൃഷ്ണയുടെ തിരക്കഥയില്‍ ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മമ്മൂട്ടി ഇപ്പോള്‍ അഭിനയിക്കുന്നത്. ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം നന്‍പകല്‍ നേരത്ത് മയക്കം, നിസാം ബഷീറിന്റെ റോഷാക്ക് എന്നിവയാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയ മമ്മൂട്ടി ചിത്രങ്ങള്‍.
Content Highlight: Haripad and Vijayawada crowded to see Mammootty and Dulquer on the same day