| Friday, 27th September 2024, 10:07 am

അവകാശ പോരാളി ശ്രീലങ്കയുടെ അമരത്തെത്തുമ്പോൾ...

ഡൂള്‍ന്യൂസ് ഡെസ്‌ക്

ശ്രീലങ്കയെ നയിക്കാന്‍ മരതക ദ്വീപിന്റെ അമരത്ത് ഇനിമുതല്‍ ഡോ. ഹരിണി അമരസൂര്യയുണ്ടാകും. അവകാശ സമരങ്ങളുടെ പോരാളി, ഉറച്ച ശബ്ദത്തോടെ രാജ്യത്തെ ഏകാധിപതികളോടും സ്വേച്ഛാധിപതികളോടും പോരടിച്ചപ്പോള്‍ അമരസൂര്യയെ ശ്രീലങ്കന്‍ ജനത അവരുടെ പുതിയ പ്രധാനമന്ത്രിയായി അംഗീകരിച്ചു.

ശ്രീലങ്കയുടെ മൂന്നാമത്തെ വനിതാ പ്രധാനമന്ത്രിയായി ഹരിണി അമരസൂര്യ കഴിഞ്ഞ ദിവസം സത്യപ്രതിജ്ഞ ചെയ്തു. രാജ്യത്തെ ആദ്യ മാര്‍ക്‌സിസ്റ്റ് പ്രസിഡന്റിനൊപ്പം, അധ്യാപികയും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ ഹരിണി നിയമം, നീതി, വിദ്യാഭ്യാസം, തൊഴില്‍, ആരോഗ്യം എന്നീ വകുപ്പുകള്‍ നേരിട്ട് കൈകാര്യം ചെയ്യും.

മാര്‍ക്‌സിസ്റ്റ് ആശയങ്ങള്‍ മുന്നോട്ടുവെക്കുന്ന ജനത വിമുക്തി പെരമുന പാര്‍ട്ടി നേതാവായ ഹരിണി, 1994 മുതല്‍ 2000 വരെ പ്രധാനമന്ത്രിയായിരുന്ന സിരിമാവോ ഭണ്ഡാര നായകെയ്ക്ക് ശേഷം ശ്രീലങ്കയുടെ വനിതാ പ്രധാനമന്ത്രിയാക്കുന്ന ആദ്യത്തെ നേതാവാണ്. ശ്രീലങ്കയുടെ പതിനാറാമത്തെ പ്രധാനമന്ത്രി. ചന്ദ്രിക കുമാരതുംഗെയായിരുന്നു ശ്രീലങ്കയുടെ മറ്റൊരു വനിതാ പ്രധാനമന്ത്രി.

ദിസനായകെ പുതിയ രാഷ്ട്രത്തലവനായി അധികാരത്തിലേറിയതോടെ ദിനേശ് ഗുണവര്‍ധന പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് രാജിവെച്ചിരുന്നു. തുടര്‍ന്ന് ദിസനായകെയും ഹരിണിയും ഉള്‍പ്പെടെയുള്ള നാലംഗ മന്ത്രിസഭയാണ് ശ്രീലങ്കയില്‍ നിലവില്‍ വന്നത്. 28 രാഷ്ട്രീയ പാര്‍ട്ടികളും മറ്റു സംഘടനകളും ഉള്‍പ്പെടുന്ന നാഷണല്‍ പീപ്പിള്‍ പവര്‍ സഖ്യത്തിലൂടെയാണ് ഹരിണി പാര്‍ലമെന്റിലെത്തുന്നത്. 2020 മുതല്‍ ഹരിണി എന്‍.പി.പി സഖ്യത്തിന്റെ ഭാഗമാണ്.

തേയില തോട്ടങ്ങളുടെ ഉടമകളുടെ മകളായാണ് ഹരിണിയുടെ ജനനം. ദല്‍ഹി ഹിന്ദു കോളേജില്‍ നിന്ന് സാമൂഹിക ശാസ്ത്രത്തില്‍ ബിരുദം നേടിയ ഹരിണി സ്‌കോട്ട്‌ലാന്‍ഡിലെ എഡിന്‍ബറോ സര്‍വകലാശാലയില്‍ നിന്ന് പി.എച്ച്.ഡിയും നേടിയിട്ടുണ്ട്. അധ്യാപക സംഘടനാ നേതാവായും പ്രവര്‍ത്തിച്ചിരുന്ന ഹരിണി അടിച്ചമര്‍ത്തപ്പെട്ടവരുടെ അവകാശങ്ങള്‍ക്ക് വേണ്ടി നിരന്തരം പോരാടിയ വ്യക്തി കൂടിയാണ്.

ശ്രീലങ്കന്‍ ദേശീയ തെരഞ്ഞെടുപ്പിലെ താരപ്രചാരകയെന്ന നിലയിലും ഹരിണി ശ്രദ്ധിക്കപ്പെട്ടു. പ്രചരണങ്ങളിലുടനീളം ഇന്ത്യയുമായുള്ള ബന്ധത്തെ ഹരിണി ഓര്‍മിപ്പിച്ചുകൊണ്ടിരുന്നു. എഴുത്തുകാരി അരുന്ധതി റോയിയുടെ വാക്കുകളാല്‍ രാജ്യത്തെ തെരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ നിറസാന്നിധ്യമായിരുന്നു അമരസൂര്യ.

സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന വ്യക്തിയെന്ന നിലയിലും ഹരിണി അമരസൂര്യ ശ്രീലങ്കയില്‍ അറിയപ്പെട്ടു. ശ്രീലങ്കന്‍ സര്‍ക്കാരിതര സംഘടനയായ നെസ്റ്റിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗം കൂടിയാണ് ഹരിണി. ഫെഡറേഷന്‍ ഓഫ് യൂണിവേഴ്സിറ്റി ടീച്ചേഴ്സ് അസോസിയേഷന്റെ ഭാഗമായി പ്രവര്‍ത്തിച്ച ഹരിണി, സൗജന്യ വിദ്യാഭ്യാസത്തിനായും ശബ്ദമുയര്‍ത്തിയിട്ടുണ്ട്.

അതേസമയം എന്‍.പി.പി എം.പിമാരായ വിജിത ഹെറാത്ത്, ലക്ഷ്മണ്‍ നിപുണ ആറാച്ചി എന്നിവര്‍ക്കൊപ്പം അധികാരത്തിലേറിയ ഹരിണി മന്ത്രിസഭയുടെ കാലാവധി നവംബര്‍ അവസാനത്തോടെ പൂര്‍ത്തിയാകും. പാര്‍ലമെന്റ് പിരിച്ചുവിട്ട് പുതിയ തെരഞ്ഞെടുപ്പ് നടക്കും വരെയായിരിക്കും ഇടക്കാല മന്ത്രിസഭയുടെ കാലാവധിയുണ്ടാകുക.

കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് ശേഷം ശ്രീലങ്കയില്‍ ആദ്യമായി നടന്ന തെരഞ്ഞെടുപ്പിനെ രാജ്യത്തെ ജനങ്ങള്‍ ഉറ്റുനോക്കിയിരുന്നു. തങ്ങളെ നയിക്കാനിരിക്കുന്നത് ആര്, തങ്ങളെ പട്ടിണിയില്‍ നിന്നും ദാരിദ്യത്തില്‍ നിന്നും കരകയറ്റാന്‍ ഏത് കൈകളാണ് ഉണ്ടാവുക തുടങ്ങിയ ചിന്തകളായിരിക്കാം ശ്രീലങ്കന്‍ ജനതയുടെ ഉള്ള് നിറയെ. അവകാശങ്ങള്‍ നേടിയെടുക്കുന്നതിനായി സായുധ സമരം ആരംഭിക്കാനൊരുങ്ങിയ ദിസനായകെയും മനുഷ്യാവകാശങ്ങള്‍ക്ക് വേണ്ടി നിരന്തരം സംസാരിക്കുകയും ചെയ്തിരുന്ന ഹരിണിയും ഇടതു എം.പിമാരും ചേര്‍ന്ന് ശ്രീലങ്കയെ വീണ്ടെടുക്കുമെന്ന് പ്രതീക്ഷിക്കാം.

Content Highlight: Harini Amarasuriya is the new Prime Minister of Sri Lanka

ഡൂള്‍ന്യൂസ് ഡെസ്‌ക്