| Wednesday, 24th August 2022, 8:55 pm

തല്ലുമാല എഴുതിയത് ജമാഅത്തെ ഇസ്‌ലാമി ബുദ്ധിജീവിയല്ലായിരുന്നെങ്കില്‍

ഹരിനാരായണന്‍

തല്ലുമാല ഒരു പക്ഷെ ജമാഅത്തെ-ഇസ്‌ലാമി ബുദ്ധിജീവി ആയിരുന്നില്ല എഴുതിയിരുന്നതെങ്കില്‍ ‘മാധ്യമ’ങ്ങളില്‍ ഹിറ്റാകേണ്ടിയിരുന്ന കുറേ ലേഖനങ്ങള്‍ ചുവടെ ചിത്രങ്ങളോടൊപ്പം;

സിനിമകളെ പൊളിറ്റിക്കല്‍ കറക്റ്റ്‌നെസ്സ് മുന്‍നിര്‍ത്തി വിമര്‍ശിക്കുന്ന കാര്യത്തില്‍ ജമാഅത്തെ ഇസ്‌ലാമി ബുദ്ധിജീവികളുടെയും കൂട്ടാളികളുടെയും ഇരട്ടത്താപ്പ് ഒരുപക്ഷേ മറ്റാര്‍ക്കും കാണില്ല. തിരക്കഥാകൃത്ത് മുഹ്‌സിന്‍ പരാരിയായത് കൊണ്ട് ”ലോലാ ലോലാ” പാടി പൊളിറ്റിക്കല്‍ കറക്റ്റ്‌നെസ്സൊക്കെ തല്‍ക്കാലം നമുക്ക് മറന്നു കളയാമെന്നായിരിക്കും.

ഏതായാലും ചിന്തയുടെ ഗര്‍ഭപാത്രത്തില്‍ ആവിയായി പോയ ‘മൗദൂദിയന്‍ പൊളിറ്റിക്കല്‍ കറക്റ്റ്‌നെസ്സ്’ ലേഖനങ്ങള്‍ക്ക് ആദരാഞ്ജലികള്‍.

Title: ‘മുസ്‌ലിം യുവത്വത്തെ വയലന്‍സിന്റെ മുഖമുദ്രയാക്കി മാറ്റുന്ന മലയാളസിനിമ’     
 (by Political Islamist വൈകാരിക വിഭാഗം)

Summary: വയലന്‍സും തീവ്രവാദവും എക്കാലവും മുസ്‌ലിം ഐഡന്റിറ്റിയുടെ ഒപ്പം ചേര്‍ത്തു വച്ചു കെട്ടാനാണ് മലയാളസിനിമ ശ്രമിച്ചിട്ടുള്ളത്. ”ബോംബാണെങ്കില്‍ മലപ്പുറത്ത് സാധനം കിട്ടും” എന്ന് ആറാം തമ്പുരാക്കന്‍മാരെ കൊണ്ട് രഞ്ജിത്ത് പറയിപ്പിച്ചതിന്റെ തുടര്‍ച്ചയാണ് തല്ലുമാലയും. സിനിമയിലെ ആദ്യ തല്ല് സീന്‍ തുടങ്ങുന്നത് ഒരു മസ്ജിദിന്റെ മുറ്റത്തു നിന്നാണ് എന്നത് പ്രത്യേകം ശ്രദ്ധിക്കുക.

Title: ‘മുസ്‌ലിം സ്ത്രീകളെ പാചകറാണിമാരാക്കി റൊമാന്റിസൈസ് ചെയ്യുന്നത് ആര്‍ക്ക് വേണ്ടി?’

Summary- രാഷ്ട്രീയവും കലയും ഉള്‍പ്പെടെ എല്ലാ മേഖലയിലും മുസ്‌ലിം സ്ത്രീകള്‍ ഉയര്‍ന്ന നേട്ടങ്ങള്‍ കരസ്ഥമാക്കുന്ന ഈ കാലത്തില്‍ കേരളത്തിലെ മുസ്‌ലിം സ്ത്രീകളെ ബിരിയാണി സ്‌പെഷ്യലിസ്റ്റുകളും തേങ്ങാച്ചോര്‍ വിദഗ്ധരുമാക്കി അടുക്കളപ്പുറത്ത് കാണിക്കുന്ന സവര്‍ണ ഇസ്‌ലാമോഫോബിക് സങ്കല്‍പങ്ങളെ ഇപ്പോഴും ചേര്‍ത്ത് നിര്‍ത്തുകയാണ് മലയാളസിനിമ.

Title: ‘ലഹരിയും വയലന്‍സും കാണിക്കാന്‍ മുസ്‌ലിം സ്വത്വം ധരിക്കുന്ന ഇസ്‌ലാമോഫോബിക് സിനിമകള്‍’

Summary: മദ്യം, സിഗരറ്റ് പോലുള്ള ലഹരികളുപയോഗിക്കുന്നവരെ മുസ്‌ലിം ചെറുപ്പക്കാരാക്കി പാട്ടും നിറങ്ങളും ചേര്‍ത്ത് നായകരാക്കി ആഘോഷിക്കുകയും അത് സമൂഹത്തിലേക്ക് പടച്ചു വിടുകയും ചെയ്യുന്നത് വഴി കേരളത്തിന്റെ ഇസ്‌ലാമോഫോബിക് ചിന്തകളിലേക്ക് വളമിട്ടു കൊടുക്കുകയാണ് തല്ലുമാല.

Title: ‘യഥാര്‍ത്ഥ ഇസ്‌ലാം വയലന്‍സിന് എതിരാണ്?’ (മാധ്യമം സ്‌പെഷ്യല്‍ എഡിഷന്‍)

Summary: അഹിംസയാണ് ഇസ്‌ലാം മതത്തിന്റെ അന്തസത്ത. ചുറ്റുമുള്ളവരോട് തല്ല് കൂടാനല്ല, പകരം ചേര്‍ത്തു നിര്‍ത്തി സ്‌നേഹിക്കാനാണ് ഇസ്‌ലാം പഠിപ്പിക്കുന്നത് (ചത്താലും മൗദൂദിയുടെ പേര് പറയാത്ത ‘മാധ്യമം’ ലേഖകര്‍).

Title: ‘ആണഹങ്കാരങ്ങളുടെ കളര്‍ഫുള്‍ വേര്‍ഷന്‍’.

Summary: തല്ലുകൂടി അധികാരം സ്ഥാപിക്കുക എന്നത് കാലാകാലങ്ങളായി ആണ്‍ബോധങ്ങളുടെ മാത്രം പ്രത്യേകതയാണ്. അത്തരം വികലമായ, പാട്രിയാര്‍ക്കലായ കാഴ്ച്ചപ്പാടുകളെ സംഗീതത്തിന്റെ അകമ്പടിയോടെ കളര്‍ഫുള്‍ ആക്കി സമൂഹത്തില്‍ ഊട്ടിയുറപ്പിക്കുകയാണ് തല്ലുമാലയിലൂടെ സംവിധായകന്‍ ചെയ്യുന്നത്.

Title: ‘ഉടുതുണി അഴിച്ച് കോമാളി വേഷമാടാന്‍ കറുത്ത ശരീരത്തെ തിരഞ്ഞെടുക്കുന്ന സവര്‍ണ സിനിമാ പുരുഷന്‍മാര്‍. (by മൗദൂദിയന്‍ അംബേദ്കറിസ്റ്റുകള്‍)

Summary: സവര്‍ണ ശരീരങ്ങള്‍ക്ക് മുന്നില്‍ തല്ല് കൊള്ളാനും കോമാളിയാവാനും കലാഭവന്‍ മണിയെയായിരുന്നു മലയാളസിനിമ മുന്‍പ് തിരഞ്ഞെടുത്തിരുന്നത്. അതിന്റെ തുടര്‍ച്ചയാണ് ഗോകുലന്‍ എന്ന നടനും. ലഹരി തലയ്ക്ക് പിടിച്ച സവര്‍ണപുരുഷന്‍മാര്‍ക്ക് മുന്നില്‍ തുണിയഴിച്ച് ആടാന്‍ സംവിധായകന്‍ തിരഞ്ഞെടുത്തിരിക്കുന്നത് ഒരു കറുത്ത ശരീരത്തെ, ഇത് ദളിത് വിരുദ്ധതയല്ലാതെ മറ്റെന്താണ്.

Title: ‘Colourful representation of masculine ego’ (by മൗദൂദി ഫെമിനിസ്റ്റുകള്‍ in central universities)

Summary: Masculine ego becomes the most commercially successful element in Mollywood. Does that reflect the patriarchal face of Kerala?

പ്രത്യയശാസ്ത്രത്തില്‍ പൊളിറ്റിക്കല്‍ കറക്റ്റ്‌നെസ്സിന്റെ കണിക ലവലേശമില്ലെങ്കിലും സിനിമയിലെ പൊളിറ്റിക്കല്‍ കറക്റ്റ്‌നെസ്സ് തരംപോലെ വ്യാഖ്യാനിച്ച് സകലര്‍ക്കും ഇസ്‌ലാമോഫോബിക് പട്ടം ചാര്‍ത്തിക്കൊടുക്കുന്ന ജമാഅത്തെ ബുദ്ധിജീവികള്‍ ഒടുക്കം സ്വന്തം കുണ്ടിക്ക് വെടി വെച്ചതോട് കൂടി ഒരു യുഗത്തിനാണ് അന്ത്യം കുറിച്ചിരിക്കുന്നത്. തല്ലുമാലയുടെ പ്രൊഡ്യൂസറിനോട് പ്രേക്ഷകര്‍ എന്നും കടപ്പെട്ടിരിക്കും.

Content Highlight: HariNarayanan writes about the impacts of Thallumaala movie being written by a Jamaat-e-Islami intellectual

ഹരിനാരായണന്‍

ദൃശ്യമാധ്യമ പ്രവർത്തകന്‍

We use cookies to give you the best possible experience. Learn more