ക്യാമറക്ക് പിറകില്‍ നിന്ന് പറഞ്ഞത് മമ്മൂട്ടിക്ക് അപ്പോള്‍ തന്നെ പിടികിട്ടി, ഷോട്ട് കട്ട് ചെയ്യാതെ തന്നെ സ്‌ക്രിപ്റ്റിലില്ലാത്ത ഡയലോഗ് അദ്ദേഹം പറഞ്ഞു: ഹരികുമാര്‍
സംവിധായകന്‍ ഹരികുമാറിന്റെ സിനിമാ ജീവിതത്തില്‍ ഏറ്റവും ശ്രദ്ധ നേടിയ ചിത്രമാണ് മമ്മൂട്ടി നായകനായ സുകൃതം. കാന്‍സര്‍ ബാധിതനായ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്റെ ജീവിതത്തില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ പറഞ്ഞ ചിത്രം വലിയ നിരൂപക പ്രശംസ നേടിയിരുന്നു. ചിത്രത്തില്‍ മമ്മൂട്ടി നീണ്ട ഡയലോഗ് പറഞ്ഞ സിങ്കിള്‍ ഷോട്ടിനെ പറ്റി സംസാരിക്കുകയാണ് പോപ്പര്‍ സ്റ്റോപ്പ് മലയാളം ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഹരികുമാര്‍.
‘ജീവിതത്തില്‍ സകലതും തകര്‍ന്ന് നില്‍ക്കുകയാണ് നായകന്‍. ഡോക്ടര് വന്ന് വിളിക്കുമ്പോള്‍ പ്രകൃതിയിലേക്ക് നോക്കിനില്‍ക്കുകയായിരുന്നു അയാള്‍. സിങ്കിള്‍ ഷോട്ടിലാണ് ആ രംഗം ചിത്രീകരിച്ചത്. നായകന്‍ മാത്രം സംസാരിക്കുന്ന നീണ്ട ഡയലോഗാണത്. അതിലെ നാടകീയത ഒഴിവാക്കണം. മുറിച്ച് കളഞ്ഞാല്‍ ആ താളം പോകും. എം.ടിയുടെ ഡയലോഗുകളിലെ ഒരു പ്രത്യേകത ഉണ്ടല്ലോ, സാഹിത്യ ഭാഷയാണ്. എം.ടിക്ക് മാത്രം മലയാളി കൊടുത്തിട്ടുള്ള സ്വാതന്ത്ര്യമാണത്. താളം പോകാതിരിക്കാനാണ് സിങ്കിള്‍ ഷോട്ടാക്കിയത്.
മമ്മൂട്ടിയോട് ഇക്കാര്യം പറഞ്ഞപ്പോള്‍ അദ്ദേഹത്തിനും ത്രില്ലായി. ആ രംഗത്തില്‍ പെര്‍ഫോമന്‍സ് കൊണ്ട് മമ്മൂട്ടിയുടെ ഒരു കോണ്‍ട്രിബ്യൂഷന്‍ കൂടിയുണ്ട്. അവസാനം കല്‍വിളക്കില്‍ പിടിച്ച് നില്‍ക്കണമെന്ന് പറഞ്ഞത് ഞാനാണ്. ഗോഡ് ബ്ലസ് എന്ന് പറഞ്ഞാണ് ആ രംഗം തീരുന്നത്.
മമ്മൂട്ടി ഗോഡ് ബ്ലസ് എന്ന് പറഞ്ഞപ്പോള്‍ എനിക്ക് തന്നെ ഒരു തേങ്ങല്‍ വന്നു. അപ്പോള്‍ ക്യാമറയുടെ പിറകില്‍ നിന്നും ഞാന്‍ മമ്മൂട്ടി എഗെയ്ന്‍ ഗോഡ് ബ്ലസ് എന്ന് വിളിച്ച് പറഞ്ഞു. അപ്പോഴും ഷോട്ടിലാണ്. അദ്ദേഹത്തിന് അപ്പോള്‍ തന്നെ അത് കിട്ടി. ഒരു ഗ്യാപ്പിന് ശേഷം ശബ്ദം താഴ്ത്തി ഒന്നുകൂടി മമ്മൂട്ടി ഗോഡ് ബ്ലസ് പറഞ്ഞു. അതുവരെ അങ്ങനെയൊരു പ്ലാന്‍ ഇല്ല. മൂന്നോ നാലോ പ്രാവശ്യം ഗോഡ് ബ്ലസ് പറയുന്നുണ്ട്. ഡോക്ടര്‍ നടന്നു പോയിട്ടും അയാള്‍ സ്വയം ഗോഡ് ബ്ലസ് പറയുകയാണ്.