തിരുവനന്തപുരം: സനല്‍കുമാര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ രക്ഷപ്പെട്ട ഡി.വൈ.എസ്.പി ഹരികുമാര്‍ ഒളിവില്‍ കഴിഞ്ഞ ഒമ്പത് ദിവസത്തില്‍ ഏഴ് ദിവസവും കാറിനുള്ളിലായിരുന്നു കഴിച്ചുകൂട്ടിയതെന്ന് സുഹൃത്ത് ബിനുവിന്റെ മൊഴി.
“”ഒരാഴ്ച കാറിനുള്ളില്‍ തന്നെയായിരുന്നു അദ്ദേഹം. സി.സി.ടി.വിയുള്ള ചെക്‌പോസ്റ്റുകളിലും മറ്റും മുഖം മറിച്ച് ക്യാമറകളില്‍ പതിയാതിരിക്കാന്‍ ശ്രദ്ധിച്ചു.
മുന്‍കൂര്‍ ജാമ്യം നേടിക്കൊടുക്കാമെന്ന ഉറപ്പിലായിരുന്നു ഹരികുമാര്‍ ഒളിവില്‍ പോയത്. എന്നാല്‍ മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായതോടെ മുന്‍കൂര്‍ ജാമ്യം ലഭിക്കില്ലെന്ന് അറിയിക്കുകയായിരുന്നു. പൊലീസ് ഉദ്യോഗസ്ഥനായതിനാല്‍ മുന്‍കൂര്‍ ജാമ്യം ലഭിക്കില്ലെന്നും കീഴടങ്ങുന്നതാണ് നല്ലതെന്നും ഹൈക്കോടതിയിലെ അഭിഭാഷകനും അഭിപ്രായപ്പെട്ടു.
നെയ്യാറ്റിന്‍കര കോടതിയില്‍ കീഴടങ്ങാന്‍ അദ്ദേഹത്തിന് ഭയമായിരുന്നു. പല കേസുകളില്‍ താന്‍ പിടികൂടിയ പ്രതികള്‍ ശാരീരികമായും മാനസികമായും ഉപദ്രവിക്കുമെന്ന് അദ്ദേഹം ഭയന്നിരുന്നു. അതിനേക്കാള്‍ നല്ലത് സുകുമാര കുറുപ്പിനെപ്പോലെ എന്നന്നേക്കുമായി ഒളിവില്‍ കഴിയുന്നതാണ് നല്ലതെന്ന് അദ്ദേഹം എന്നോട് പറഞ്ഞിരുന്നു.
എന്റെ മകനെ നോക്കണം, സോറി: ഡി.വൈ.എസ്.പി ഹരികുമാറിന്റെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തി
എല്ലാ വഴിയും അടഞ്ഞപ്പോള്‍ കീഴടങ്ങാന്‍ പോകുകയാണെന്ന് പറഞ്ഞാണ് തിരുവനന്തപുരത്തേക്ക് വന്നത്. തമിഴ്‌നാട്ടില്‍ നിന്ന് മൈസൂര്‍ വഴി മൂകാംബികയിലെത്തി. അവിടുന്ന് മാംഗ്ലൂരില്‍ വന്ന് സത്യമംഗലം കാട്ടിലൂടെ വീണ്ടം തമിഴ്‌നാട്ടില്‍ എത്തി. തുടര്‍ന്ന് ചെങ്കോട്ട തേന്‍മല വഴിയാണ് കല്ലമ്പലത്തിലെത്തിയത്. വഴിനീളെ ചെക്‌പോസ്റ്റുകളില്‍ ജീവനക്കാര്‍ കാണാതിരിക്കാന്‍ അദ്ദേഹം കുനിഞ്ഞിരുന്നു. കല്ലമ്പലത്തെ വീടിന് സമീപമുള്ള ഇടവഴിയില്‍ രാത്രിയാണ് അദ്ദേഹത്തെ ഇറക്കിവിടുന്നത്. പിറ്റേദിവസം കീഴടങ്ങാമെന്നായിരുന്നു ധാരണ. എന്നാല്‍ പിറ്റേദിവസം അറിയുന്നത് മരണവാര്‍ത്തയാണ്.
ഒളിവില്‍ പോയതിന് പിന്നാലെ ഒരിക്കല്‍പോലും ഹരികുമാര്‍ ഫോണില്‍ ആരുമായും ബന്ധപ്പെടുകയോ എ.ടി.എമ്മില്‍ നിന്ന് പണം പിന്‍വലിക്കുകയോ ചെയ്തിരുന്നില്ല.
അതേസമയം ഹരികുമാറിന് സഹായം ചെയ്ത ബിനുവും സതീഷിന്റെ ഡ്രൈവറുമായ രമേശും ഇന്നലെ രാത്രി ക്രൈംബ്രാഞ്ച് ഓഫിസില്‍ കീഴടങ്ങി.
കേസിന്റെ തുടക്കത്തില്‍ പൊലീസിലെ ചില ഉദ്യോഗസ്ഥരുടെയും അസോസിയേഷന്റെയും സഹായം ഹരികുമാറിന് ലഭിച്ചെങ്കിലും നാട്ടുകാരുടെ പ്രതിഷേധം രൂക്ഷമായതോടെ കീഴടങ്ങാനുള്ള സമ്മര്‍ദം വര്‍ധിച്ചു. ജാമ്യത്തെ എതിര്‍ത്തുകൊണ്ട് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് തയാറാക്കിയതോടെ ഹരികുമാര്‍ കടുത്ത സമ്മര്‍ദത്തിലായിരുന്നു.
ഇന്നലെ ഹരികുമാര്‍ തിരുവനന്തപുരത്ത് കീഴടങ്ങുമെന്ന സൂചനകള്‍ പൊലീസിന് ലഭിച്ചിരുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളാനുള്ള സാധ്യത മുന്നില്‍ കണ്ട് ഹരികുമാര്‍ കീഴടങ്ങുമെന്നായിരുന്നു പൊലീസിന്റെ കണക്കുകൂട്ടല്‍.