|

അച്ഛന്‍ ആനപ്പുറത്തിരുന്നതിന്റെ തഴമ്പ് എനിക്കില്ല: ലോഹിതദാസിന്റെ മകന്‍ ഹരികൃഷ്ണന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മനോജ് കുമാര്‍ രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രമാണ് പ്രളയശേഷം ഒരു ജലകന്യക. കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്‌മെന്റ് കോര്‍പ്പറേഷനാണ് (കെ.എസ്.എഫ്.ഡി.സി) ചിത്രത്തിന്റെ നിര്‍മാണം. മാര്‍ച്ച് 7നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്.

പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായിരുന്ന ലോഹിതദാസിന്റെ മകന്‍ ഹരികൃഷ്ണന്‍ ലോഹിതദാസാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചത്. സജിന്‍ ബാബുവിന്റെ സംവിധാനത്തില്‍ 2020ല്‍ പുറത്തിറങ്ങിയ ബിരിയാണി എന്ന ചിത്രത്തില്‍ അസോസിയേറ്റ് ക്യാമറമാനായും കലി, വടക്കന്‍ സെല്‍ഫി എന്ന ചിത്രങ്ങളില്‍ അസിസ്റ്റന്റ് ക്യാമറമാനായും ഹരികൃഷ്ണന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

അച്ഛന്‍ ആനപ്പുറത്തിരുന്നതിന്റെ തഴമ്പ് തനിക്കില്ലെന്നും അച്ഛന്റെ സിനിമകളില്‍ പ്രത്യേക ഇഷ്ടങ്ങളില്ലെന്നും എല്ലാ സിനിമകളും ഇഷ്ടമാണെന്നും പറയുകയാണ് ഹരികൃഷ്ണന്‍. കൗമുദിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഹരി ഇക്കാര്യം പറഞ്ഞത്.

ലോഹിതദാസിന്റെ മകന്‍ എന്നുള്ള ലേബല്‍ താന്‍ ഉപയോഗിക്കാറില്ലെന്നും എല്ലാവര്‍ക്കും താന്‍ ലോഹിതദാസിന്റെ മകനാണ് എന്നറിയില്ലയെന്നും കൂടി കൂട്ടിച്ചേര്‍ക്കുന്നുണ്ട് ഹരികൃഷ്ണന്‍.

’35ഓളം സിനിമകള്‍ സൂപ്പര്‍ ഹിറ്റുണ്ട്. 45ഓളം സ്‌ക്രിപ്റ്റ് ഉണ്ട് അതില്‍ നിന്നും ഇഷ്ടപ്പെട്ട ഒരു കഥാപാത്രത്തിനെ മാത്രമായി എടുത്തുപറയുന്നത് ബുദ്ധിമുട്ടാണ്. അച്ഛന്റെ എല്ലാ സിനിമകളും ഫേവറേറ്റാണ്. നമ്മുടെ മൂഡ് അനുസരിച്ചിരിക്കും.

പല സ്ഥലങ്ങളിലും ആര്‍ക്കും അറിയില്ല ഇന്ന ആളുടെ മകനാണെന്ന്. ഞങ്ങളും അങ്ങനെ പറയാറില്ല. അതുകൊണ്ട് അച്ഛന്റെ മകന്‍ എന്ന ലേബല്‍ ബുദ്ധിമുട്ടല്ല. അച്ഛനും ജീവിച്ചിരുന്നത് ഒരു സാധാരണക്കാരനെ പോലെയായിരുന്നു. അച്ഛന്‍ ആനപ്പുറത്ത് കയറിയിട്ടുണ്ട്, പക്ഷെ ഞങ്ങള്‍ക്ക് അങ്ങനെ തഴമ്പില്ല,’ ഹരികൃഷ്ണന്‍ പറഞ്ഞു.


ആശ അരവിന്ദ്, ഗോകുലന്‍ എം.എസ്, അനഘ മരിയ വര്‍ഗ്ഗീസ്, തകഴി രാജശേഖരന്‍ എന്നിവരാണ് പ്രളയശേഷം ഒരു ജലകന്യക ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രളയ അതിജീവനത്തിന്റെ കഥയാണ് ചിത്രത്തിന്റെ പ്രമേയം.

രഞ്ജിത്ത് ലളിതം, ഗ്ലോറിയ ഷാജി, അര്‍ജുന്‍ അമ്പാട്ട്, പ്രിയ, കരുണ, ശൈബിന്‍ കെ.പി, ആനി ജോര്‍ജ്, വിനോദ് കുമാര്‍ സി. എസ്, എന്നിവരാണ് ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

content highlights: Harikrishnan, son of Lohitadas, about his Cinemas 

Video Stories