| Thursday, 9th January 2025, 10:08 pm

ഹരിദ്വാർ മെഡിക്കൽ കോളേജ് സ്വകാര്യവത്കരിക്കാൻ ശ്രമം; ബി.ജെ.പി സർക്കാരിനെതിരെ പ്രതിഷേധവുമായി വിദ്യാർത്ഥികൾ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹരിദ്വാർ: ഹരിദ്വാറിലെ ജഗ്ജീത്പൂർ മെഡിക്കൽ കോളേജ് സ്വകാര്യവത്കരിക്കാനുള്ള ബി.ജെ.പി സർക്കാരിന്റെ ശ്രമത്തിനെതിരെ പ്രതിഷേധിച്ച് വിദ്യാർത്ഥികൾ. പൊതു-സ്വകാര്യ പങ്കാളിത്ത (പി.പി.പി) മാതൃകയിൽ കോളേജ് മാനേജ്‌മെൻ്റ് ശാരദ എഡ്യൂക്കേഷണൽ ട്രസ്റ്റിന് കൈമാറാനുള്ള ഉത്തരാഖണ്ഡ് സർക്കാരിൻ്റെ തീരുമാനത്തിനെതിരെയാണ് കടുത്ത പ്രതിഷേധവുമായി വിദ്യാർത്ഥികൾ എത്തിയത്.

ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാർ പിൻവാതിൽ സ്വകാര്യവത്കരണമാണ് നടത്തുന്നതെന്ന് ആരോപിച്ച വിദ്യാർത്ഥികൾ ഈ തീരുമാനം ഉടൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു.

സ്വകാര്യവത്കരണം നടത്തുന്നതിലെ സുതാര്യതയുടെ അഭാവം മൂലം വഞ്ചിക്കപ്പെട്ടുവെന്നുമാണ് വിദ്യാർത്ഥികൾ പറയുന്നത്. ‘ഞങ്ങൾക്ക് ഒരു സ്വകാര്യ കോളേജിൻ്റെ ടാഗ് ആവശ്യമില്ല,’ പ്രതിഷേധിക്കുന്ന ഒരു വിദ്യാർത്ഥി പറഞ്ഞു. ‘ഇവിടെ പ്രവേശനം നേടുന്നതിനായി ഞങ്ങൾ ചെയ്ത കഠിനാധ്വാനത്തിന് ഒരു വിലയുമില്ല ? ഈ സ്വകാര്യവത്ക്കരണ തീരുമാനത്തെക്കുറിച്ച് ഞങ്ങളെ അറിയിച്ചിട്ടുപോലുമില്ല,’ മറ്റൊരു വിദ്യാർത്ഥി പറഞ്ഞു.

പി.പി.പി മോഡൽ ഫീസ് വർധിപ്പിക്കുന്നതിനും മെഡിക്കൽ വിദ്യാഭ്യാസം പലർക്കും താങ്ങാനാവാത്തതാക്കി മാറ്റുന്നതിനും സർക്കാർ സ്ഥാപനമെന്ന ക്രെഡിബിലിറ്റി കുറയ്ക്കുന്നതിനും ഇടയാക്കുമെന്ന് പ്രതിഷേധക്കാർ ഭയപ്പെടുന്നു.

വിവാദത്തോട് രൂക്ഷമായി പ്രതികരിച്ച ദൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ, ബി.ജെ.പി പൊതുക്ഷേമത്തേക്കാൾ സ്വകാര്യ താത്പര്യങ്ങൾക്ക് മുൻഗണന നൽകുന്നുവെന്ന് ആരോപിച്ചു. ‘ബി.ജെ.പിയുടെ വൃത്തികെട്ട രാഷ്ട്രീയമാണ് ഉത്തരാഖണ്ഡിൽ വെളിപ്പെടുന്നത്. വിദ്യാഭ്യാസം, ആരോഗ്യം, വൈദ്യുതി തുടങ്ങിയ അവശ്യ സേവനങ്ങൾ വ്യവസ്ഥാപിതമായി സ്വകാര്യവൽക്കരിക്കുന്നു. പൊതുമുതൽ ബി.ജെ.പി തങ്ങളുടെ സുഹൃത്തുക്കൾക്ക് സമ്മാനിക്കുന്നു ,’ കെജ്‌രിവാൾ പറഞ്ഞു.

എന്നാൽ, സ്വകാര്യവൽക്കരണം സംബന്ധിച്ച ആരോപണങ്ങൾ സർക്കാർ നിഷേധിച്ചു. കോളേജ് സ്വകാര്യവൽക്കരിക്കുന്നില്ലെന്നും സർക്കാരും സ്വകാര്യ സ്ഥാപനവും തമ്മിലുള്ള ഉത്തരവാദിത്തങ്ങൾ പങ്കിടുന്ന പി.പി.പി മാതൃകയിലായിരിക്കും പ്രവർത്തിക്കുകയെന്നും അധികൃതർ വാദിച്ചു.

Content Highlight: Haridwar med college students up in arms against ‘privatisation’ under BJP govt

We use cookies to give you the best possible experience. Learn more