| Thursday, 15th April 2021, 12:35 pm

കൊവിഡിനിടെ നടത്തുന്ന കുംഭമേള; ചോദ്യത്തില്‍ നിന്നും ഒഴിഞ്ഞുമാറി കേന്ദ്രമന്ത്രി വി. മുരളീധരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഹരിദ്വാറില്‍ നടക്കുന്ന കുംഭമേളയില്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കാത്തത് എന്തു കൊണ്ടാണെന്ന ചോദ്യത്തില്‍ നിന്ന് ഒഴിഞ്ഞു മാറി കേന്ദ്രവിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. അത് അവിടത്തെ സര്‍ക്കാര്‍ ശ്രദ്ധിക്കണം എന്നായിരുന്നു മന്ത്രിയുടെ മറുപടി. തുടര്‍ന്നുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കാനും മന്ത്രി തയ്യാറായില്ല.

പ്രതിദിന കേസുകള്‍ രണ്ടു ലക്ഷം കവിയുമ്പോഴും കുംഭമേളയില്‍ ലക്ഷക്കണക്കിന് ആളുകള്‍ പങ്കെടുക്കുന്നുണ്ടല്ലോ എന്നും മാസ്‌കോ സാമൂഹ്യ അകലമോ പാലിക്കപ്പെടുന്നില്ലെന്നും അതെന്തുകൊണ്ടാണെന്നുമായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യം.

എന്നാല്‍ ചോദ്യത്തിന് മറുപടി നല്‍കാന്‍ തയ്യാറാകാത്ത മന്ത്രി അതൊക്കെ അവിടുത്തെ സര്‍ക്കാര്‍ നോക്കേണ്ട കാര്യമാണെന്ന് ഒഴുക്കന്‍ മട്ടില്‍ പറയുകയായിരുന്നു. മാത്രമല്ല കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട കാര്യത്തില്‍ കേരളം പിന്നിലാണെന്ന് കൂടി മുരളീധരന്‍ പറഞ്ഞുവെച്ചു.

‘ ഈ കൊവിഡ് ബാധയുടെ കാര്യത്തില്‍ ടെസ്റ്റ് നടത്തുന്നതിലും റിസല്‍ട്ട് വരുന്ന കാര്യത്തിലും നമ്മള്‍ 26-ാം സ്ഥാനത്തായിരുന്നു’- എന്നാണ് അദ്ദേഹം പറഞ്ഞത്. ഇതിന് ശേഷം മുഖ്യമന്ത്രി കൊവിഡ് പ്രൊട്ടോകോള്‍ ലംഘിച്ചതായും മുരളീധരന്‍ ആരോപിച്ചു.

പ്രൈമറി കോണ്ടാക്ടുള്ള ഒരാള്‍ പെരുമാറുന്ന രീതിയലല്ല മുഖ്യമന്ത്രി പെരുമാറിയത്. കാരണവര്‍ക്ക് എവിടെയുമാകാം എന്നാണോ എന്നും അദ്ദേഹം ചോദിച്ചു. മുഖ്യമന്ത്രിക്കെതിരെ പൊലീസ് കേസെടുക്കണം. നിയമം എല്ലാവര്‍ക്കും ബാധകമല്ലേ എന്നായിരുന്നു വി. മുരളീധരന്‍ പറഞ്ഞത്.

അതേസമയം എന്ത് സംഭവിച്ചാലും കുംഭമേള മാറ്റിവെക്കില്ലെന്നും ഹരിദ്വാറിലെ മെഗാ കുംഭമേള ഏപ്രില്‍ 30 വരെ തുടരുമെന്നും അധികൃതര്‍ അറിയിച്ചിരുന്നു. കൊവിഡ് കാരണം കുംഭമേള നിര്‍ത്താനുള്ള ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്നായിരുന്നു അധികൃതര്‍ പറഞ്ഞത്.

ഹരിദ്വാറില്‍ വെച്ച് നടന്ന കുംഭമേളയില്‍ ലക്ഷക്കണക്കിന് ആളുകളാണ് ഭാഗമായത്. രണ്ട് മാസത്തോളം നീളുന്ന മേളയുടെ ഭാഗമായി 30 ലക്ഷത്തിലധികം പേര്‍ ഗംഗാസ്‌നാനം ചെയ്തുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

8 മണിക്കൂറിനുള്ളില്‍ 1000ല്‍ അധികം കൊവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ശേഷവും ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ നടക്കുന്ന കുംഭമേള തുടരുമെന്നാണ് വിശ്വഹിന്ദു പരിഷത്ത് അറിയിച്ചതെന്ന് ദി പ്രിന്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

രാജ്യത്ത് കൊവിഡ് 19 മഹാമാരി ആരംഭിച്ച സമയത്ത് ദല്‍ഹിയിലെ നിസാമുദ്ദീനിലെ മര്‍ക്കസില്‍ നടന്ന തബ്ലീഗി ജമാഅത്തുമായി കുംഭമേളയുമായി താരതമ്യം ചെയ്യാന്‍ സാധിക്കില്ലെന്ന് വിശ്വഹിന്ദുപരിഷത്ത് വൈസ് പ്രസിഡന്റ് ചംപത് റായ് ദി അഭിമുഖത്തില്‍ പറഞ്ഞതായും പ്രിന്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

സര്‍ക്കാരിന്റെ മുന്നറിയിപ്പുകള്‍ അവഗണിച്ച് കുംഭമേളയ്‌ക്കെത്തിയവര്‍ മാസ്‌ക് പോലുമില്ലാതെ ഹരിദ്വാറിലൂടെ നടക്കുന്ന ദൃശ്യങ്ങളും കഴിഞ്ഞ ദിവസങ്ങളില്‍ പുറത്ത് വന്നിരുന്നു.

ചൊവ്വാഴ്ച ശേഖരിച്ച 20000 സാംപിളുകളില്‍ 110 പേര്‍ കൊവിഡ് പോസിറ്റീവായെന്ന് കുംഭമേളയുടെ കൊവിഡ് ടെസ്റ്റിംഗ് സെല്‍ ബി.ബി.സിയോട് പ്രതികരിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Haridwar Kumbamela V Muraleedharan Comment

We use cookies to give you the best possible experience. Learn more