| Sunday, 24th April 2022, 9:06 am

ഹരിദാസ് കൊലപാതകം; നിജില്‍ദാസിന് കൃത്യത്തില്‍ നേരിട്ട് പങ്കുണ്ടെന്ന് പൊലീസ്, രേഷ്മയെ സ്വീകരിക്കാനെത്തിയത് ബി.ജെ.പി നേതാവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: സി.പി.ഐ.എം പ്രവര്‍ത്തകന്‍ പുന്നോല്‍ ഹരിദാസ് വധക്കേസില്‍ പിടിയിലായ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ നിജില്‍ കുമാറിന് കൃത്യത്തില്‍ നേരിട്ട് പങ്കുണ്ടെന്ന് പൊലീസ്. നിജിലിനെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

കേസുമായി ബന്ധപ്പെട്ട് രണ്ടുപേരെ കൂടി പിടികൂടിയാല്‍ അന്വേഷണം പൂര്‍ത്തിയാകുമെന്ന് കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ ആര്‍ ഇളങ്കോ അറിയിച്ചു. അതേസമയം, നിജില്‍ കുമാര്‍ ഒളിവില്‍ കഴിഞ്ഞ പിണറായി പാണ്ട്യാലമുക്കിലെ വീടിന് നേരെ ബോബെറിഞ്ഞവരെ പിടികൂടാന്‍ പൊലീസിനായിട്ടില്ല.

നിജില്‍ കുമാറിനെ ഒളിവില്‍ കഴിയാന്‍ സഹായിച്ച സുഹൃത്ത് രേഷ്മയ്ക്ക് കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ചിരുന്നു. രേഷ്മ ജാമ്യം ലഭിച്ച് ഇറങ്ങിയപ്പോള്‍ സ്വീകരിക്കാനെത്തിയത് ബി.ജെ.പി നേതാവായിരുന്നു. തലശേരി നഗരസഭാ കൗണ്‍സിലറും ബി.ജെ.പി നേതാവുമായ അജേഷാണ് രേഷ്മയെ സ്വീകരിക്കാനെത്തിയത്.

ഉപാധികളോടെയാണ് രേഷ്മയ്ക്ക് കോടതി ജാമ്യം അനുവദിച്ചത്. പിണറായി- ന്യൂമാഹി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ രണ്ടാഴ്ച പ്രവേശിക്കരുത്, കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത് വരെ രണ്ടാഴ്ച കൂടുമ്പോള്‍ അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം, 50,000 രൂപയുടെ രണ്ട് ആള്‍ ജാമ്യത്തിലാണ് രേഷ്മ പുറത്തിറങ്ങിയത്.

കൊലക്കേസ് പ്രതിയെ ഒളിവില്‍ താമസിക്കാന്‍ സഹായിച്ച കേസില്‍ വെള്ളിയാഴ്ചയാണ് രേഷ്മയെ അറസ്റ്റ് ചെയ്തത്. തലശ്ശേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. പ്രതി നിജിലിനെ ഒളിവില്‍ പാര്‍പ്പിച്ചതിനായിരുന്നു കേസ്. രേഷ്മയുടെ പിണറായിലെ വീട്ടിലായിരുന്നു പ്രതി ഒളിച്ച് താമസിച്ചത്.

17 മുതല്‍ പിണറായി പാണ്ട്യാലമുക്കിലെ വീട്ടില്‍ നിജില്‍ദാസിന് താമസിക്കാന്‍ എല്ലാ സൗകര്യവും ഒരുക്കിക്കൊടുത്തു. ഭക്ഷണം പാകംചെയ്ത് എത്തിച്ചു. വാട്‌സാപ്പ് കോളിലൂടെയായിരുന്നു സംസാരം. വര്‍ഷങ്ങളായി അടുത്ത ബന്ധമുള്ളവരാണ് ഇരുവരുമെന്നും പൊലീസ് പറഞ്ഞു. മുഴുവന്‍ തെളിവും ശേഖരിച്ചശേഷമാണ് പൊലീസ് രേഷ്മയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

വീടിന്റെ ഉടമയായ രേഷ്മയുടെ ഭര്‍ത്താവ് പ്രശാന്തിന് ആര്‍.എസ്.എസ് ബന്ധമാണുള്ളതെന്ന് സി.പി.ഐ.എം പിണറായി ഏരിയ സെക്രട്ടറി കെ. ശശിധരന്‍ പറഞ്ഞിരുന്നു. ശബരിമല വിധിയെ തുടര്‍ന്ന് പരസ്യമായി ആര്‍.എസ്.എസ് അനുകൂല നിലപാടാണ് പ്രശാന്ത് സ്വീകരിച്ചതെന്നും സി.പി.ഐ.എം അറിയിച്ചിട്ടുണ്ട്.

Content Highlights: Haridas murder; The BJP leader came to receive Reshma from Police station

We use cookies to give you the best possible experience. Learn more