ഇന്ദ്രപ്രസ്ഥം സര്‍ഗാത്മകതയുടെ മഹാനഗരം
DISCOURSE
ഇന്ദ്രപ്രസ്ഥം സര്‍ഗാത്മകതയുടെ മഹാനഗരം
ഹരിദാസ് കൊളത്തൂര്‍
Tuesday, 26th April 2022, 7:53 pm
നാല് പതിറ്റാണ്ടിന്റെ ദല്‍ഹി ജീവിതത്തില്‍ ഈയുള്ളവന് പരിചയപ്പെടാനും ഇടപഴകാനും അവസരം ലഭിച്ച, ഓര്‍ക്കാന്‍ കഴിയുന്ന സാഹിത്യ സാംസ്‌കാരിക പ്രതിഭകളെകുറിച്ചും, തലസ്ഥാന നഗരിയിലെ മലയാളി സാമീപ്യത്തെകുറിച്ചുമാണ് ഈ കുറിപ്പ്...

മയ്യഴിയുടെ കഥാകാരന്‍, മലയാളത്തിന്റെ പ്രിയങ്കരനായ എഴുത്തുകാരന്‍, ശ്രീ എം. മുകുന്ദന്‍, ഒരിക്കല്‍ ഒരു പ്രഭാഷണമേധ്യ, ദല്‍ഹിയെ ഇന്ത്യയിലെ ഏറ്റവുമധികം സര്‍ഗാത്മകതയുള്ള നഗരമെന്നു വിശേഷിപ്പിച്ചതോര്‍ക്കുന്നു. മുകുന്ദന്‍ തന്റെ പ്രധാന രചനകളെല്ലാം (മയ്യഴിപ്പുഴയുടെ തീരങ്ങള്‍ മുതല്‍, ഡല്‍ഹി ഗാഥകള്‍ വരെ) നടത്തിയിട്ടുള്ളത് ഈ നഗരത്തില്‍ വെച്ചാണ്. സര്‍ഗാത്മകതയുടെ മഹാനഗരമെന്ന് മുകുന്ദന്‍ വിശേഷിപ്പിച്ച ദല്‍ഹിയിലെ മലയാളി സാമീപ്യവും, സാഹിത്യ സാംസ്‌കാരിക മേഖലകളില്‍ അവര്‍ നടത്തിയ സര്‍ഗാത്മക ഇടപെടലുകളും ഏറെ ശ്രദ്ധേയമാണ്.

മുകുന്ദന് പുറമേ മലയാള സാഹിത്യത്തിലെ നിരവധി പ്രമുഖര്‍ വാണരുളിയ നഗരമാണ് ഇന്ദ്രപ്രസ്ഥം.

ഒ.വി. വിജയന്‍, ആനന്ദ്, വി.കെ.എന്‍, ഉണ്ണികൃഷ്ണന്‍ തിരുവാഴിയോട്, ഓചേരി എന്‍.എന്‍. പിള്ള, ഐ.കെ.കെ. മേനോന്‍, അകവൂര്‍ നാരായണന്‍, എം.പി. നാരായണ പിള്ള, കാക്കനാടന്‍, രാജന്‍ കാക്കനാടന്‍, സച്ചിദാനന്ദന്‍, പ്രഭാവര്‍മ എന്നിങ്ങനെ വളരെ നീണ്ട ഒരു ലിസ്റ്റ് ആണത്.

എത്ര ശ്രമിച്ചാലും ഈ ലിസ്റ്റ് അപൂര്‍ണമാകുമെന്നറിയാം. നാല് പതിറ്റാണ്ടിന്റെ ദല്‍ഹി ജീവിതത്തില്‍ ഈയുള്ളവന് പരിചയപ്പെടാനും ഇടപഴകാനും അവസരം ലഭിച്ച, ഓര്‍ക്കാന്‍ കഴിയുന്ന സാഹിത്യ സാംസ്‌കാരിക പ്രതിഭകളെകുറിച്ചും, തലസ്ഥാന നഗരിയിലെ മലയാളി സാമീപ്യത്തെകുറിച്ചുമാണ് ഈ കുറിപ്പ്.

മുകുന്ദന്‍ ദല്‍ഹിയില്‍ എത്തുന്നത് 1962ലാണ്. നാല് പതിറ്റാണ്ടിലധികം ദല്‍ഹിയില്‍ ജീവിച്ച ശേഷമാണ് അദ്ദേഹം സ്വദേശമായ മയ്യഴി(മാഹി)യിലേക്ക് മടങ്ങുന്നതും സ്ഥിരതാമസമാക്കുന്നതും. ഡല്‍ഹി ഗാഥകള്‍, ഡല്‍ഹി, ഈ ലോകം അതിലൊരു മനുഷ്യന്‍, കൂട്ടംതെറ്റി മേയുന്നവര്‍ തുടങ്ങിയ മുകുന്ദന്റെ ശ്രദ്ധേയമായ പല നോവലുകളുടെയും, ചെറുകഥകളുടെയും പശ്ചാത്തലം ദല്‍ഹിയാണെന്ന് പറയാം. ലാജ്പത് നഗറിലെ അമര്‍ കോളനിയിലും ദ്വാരകയിലെ കാവേരി അപാര്‍ട്ട്മെന്റിലും അദ്ദേഹം താമസിച്ചിരുന്നതായി ഓര്‍ക്കുന്നു.

ഖസാക്കിന്റെ കഥാകാരന്‍, ഒ. വി. വിജയനും ജീവിതത്തിന്റെ വലിയൊരു ഭാഗം ജീവിച്ചത് തലസ്ഥാന നഗരമായ ഇന്ദ്രപ്രസ്ഥത്തില്‍ തന്നെ. നഗരത്തിലെ ഉന്നതന്മാര്‍ (പണക്കാരും, പ്രശസ്തരും) ജീവിക്കുന്ന, ചാണക്യപുരിയിലെ വിശാലമായ ഒരു ഫ്ളാറ്റില്‍ ആയിരുന്നു, വിജയന്‍ ദീര്‍ഘകാലം ജീവിച്ചിരുന്നത്. മലയാള നോവല്‍ സാഹിത്യത്തിലെ മികച്ച കൃതികളിലൊന്നായ ഖസാക്കിന്റെ ഇതിഹാസമടക്കം, വിജയന്‍ തന്റെ മിക്ക രചനകളും നിര്‍വഹിച്ചിരിക്കുന്നത് ദല്‍ഹിയിലെ ചാണക്യപുരിയില്‍ വെച്ചാണ്.

അദ്ദേഹത്തിന്റെ അക്കാലത്തെ, ലോകോത്തര നിലവാരമുള്ള പല കാര്‍ട്ടൂണുകളും വരച്ചിരുന്നതും ഇതേ ഫ്ളാറ്റില്‍ വെച്ചുതന്നെ. വിവാദം സൃഷ്ടിച്ച അദ്ദേഹത്തിന്റെ രാഷ്ട്രീയ ആക്ഷേപഹാസ്യ നോവല്‍, ധര്‍മ്മപുരാണത്തിന്റെ രചനയും നടക്കുന്നത് ഇതേ ഫ്ളാറ്റില്‍ വെച്ചാണ്. ദല്‍ഹിയിലെ രാഷ്ട്രീയ ഉപജാപങ്ങളെയും, അടിയന്താരാവസ്ഥ കാലത്തെ കപട രാഷ്ട്രീയത്തിന്റെ കരുനീക്കങ്ങളെയുമൊക്കെ അതിനിശിതമായി വിമര്‍ശിക്കുന്ന ആക്ഷേപഹാസ്യ നോവലാണ് ധര്‍മ്മപുരാണം.

ധര്‍മ്മപുരിയിലെ (ദല്‍ഹിയിലെ) ഭരണാധികാരിയായ (ഇന്ദിരാഗാന്ധി?) പ്രജാപതിയെയും, അവരുടെ തീര്‍ത്തും അശ്ലീലം നിറഞ്ഞ അധികാര പ്രയോഗത്തിന് കൂട്ടുനില്‍ക്കുന്ന ആശ്രിതരേയുമൊക്കെ ദല്‍ഹിയിലിരുന്ന് അടുത്തറിഞ്ഞ വിജയന്‍, തന്റെ അമര്‍ഷം ഒട്ടും മറച്ചുവെക്കാതെ രൂക്ഷമായി പരിഹസിക്കുകയും, വിമര്‍ശിക്കുകയും ചെയ്യുന്നുണ്ട് ധര്‍മ്മപുരാണത്തില്‍.

ആള്‍ക്കൂട്ടങ്ങളുടെയും മഹാ നഗരങ്ങളുടെയും കഥാകാരനായി, ശ്രീ ആനന്ദിനെ ആരോ ഒരിക്കല്‍ വിശേഷിപ്പിച്ചതായി ഓര്‍ക്കുന്നു. തന്റെ ആദ്യ നോവലായ ‘ആള്‍ക്കൂട്ട’ത്തിലൂടെ, മലയാള നോവല്‍ സാഹിത്യ ചരിത്രത്തില്‍ തന്നെ വ്യത്യസ്തവും സ്വന്തവുമായ ഒരു പാത വെട്ടിത്തെളിയിച്ച ആനന്ദ്, ദല്‍ഹിയിലെ സുഖ്ദേവ് വിഹാറിലാണ് ദീര്‍ഘകാലം ജീവിച്ചത്.

ആള്‍ക്കൂട്ടം, മരണ സര്‍ട്ടിഫിക്കറ്റ്, മരുഭൂമികള്‍ ഉണ്ടാകുന്നത്, അഭയാര്‍ഥികള്‍, ഗോവര്‍ധന്റെ യാത്രകള്‍ എന്നിങ്ങനെ നിരവധി നോവലുകളും ചെറുകഥകളും ലേഖനങ്ങളുമെല്ലാം ആനന്ദിന്റെതായി മലയാളത്തിന് ലഭിച്ചിട്ടുണ്ട്. ആനന്ദ്, ദല്‍ഹി ജീവിതം അവസാനിപ്പിച്ച് സ്വദേശമായ ഇരിഞ്ഞാലക്കുടയില്‍ സ്ഥിര താമസമാക്കുകയാണെന്നറിയുന്നു.

മലയാളത്തിന്റെ പ്രിയകവിയും, ചിന്തകനും, നിരൂപകനും, പ്രഭാഷകനുമൊക്കെയായ കെ. സച്ചിദാനന്ദന്‍ മൂന്ന് പതിറ്റാണ്ട് കാലത്തെ ദല്‍ഹി ജീവിതം അവസാനിപ്പിച്ച് അടുത്ത കാലത്താണ്, തൃശ്ശൂരില്‍ സ്ഥിര താമസമാക്കിയത്. 1992ല്‍ ദല്‍ഹിയില്‍, കേന്ദ്ര സാഹിത്യ അക്കാദമിയില്‍, ഇന്ത്യല്‍ ലിറ്ററേച്ചറിന്റെ എഡിറ്റര്‍ ആയും, തുടര്‍ന്ന് 1996 മുതല്‍ കേന്ദ്ര സാഹിത്യ അക്കാദമി സെക്രട്ടറിയായും അദ്ദേഹം സേവനം അനുഷ്ടിച്ചു. തുടക്കത്തില്‍ ദല്‍ഹിയിലെ അമര്‍ കോളനിയിലും, തുടര്‍ന്ന് മയൂര്‍ വിഹാറിലെ സ്വന്തം ഫ്‌ളാറ്റിലും അദ്ദേഹം താമസിച്ചിരുന്നതോര്‍ക്കുന്നു. കവിതാ സമാഹാരങ്ങളും, വിവര്‍ത്തനങ്ങളുമടക്കം അമ്പതിലധികം പുസ്തകങ്ങളുടെ രചയിതാവായ സച്ചിദാനന്ദന്‍, തന്റെ രചനകളില്‍ ബഹുഭൂരിഭാഗവും നിര്‍വഹിച്ചിട്ടുള്ളത് ദല്‍ഹിയില്‍ വെച്ചായിരിക്കണം.

പ്രശസ്ത കവി എന്‍. പ്രഭാവര്‍മ, ഒരു പതിറ്റാണ്ടിലധികം ദേശാഭിമാനിയുടെ ബ്യൂറോ ചീഫ് ആയി ദല്‍ഹിയില്‍ ജീവിച്ച (ഇപ്പോള്‍ അദ്ദേഹം മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവായി സേവനമനുഷ്ടിക്കുന്നു) വ്യക്തിയാണ്. കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് അടക്കം നിരവധി പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹനായ പ്രഭാവര്‍മ തന്റെ ആദ്യകാല രചനകളില്‍ പലതും നിര്‍വഹിച്ചിരിക്കുന്നത് ദല്‍ഹിയില്‍ വെച്ചാണ്.

ദല്‍ഹി മലയാളികളുടെ പ്രിയങ്കരനായ കാരണവരും, നിരവധി നാടകങ്ങളുടെ രചയിതാവും, ദല്‍ഹിയിലെ കലാസാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലെ നിറ സാന്നിധ്യവും, എഴുത്തുകാരനുമായ ഓംചേരി എന്‍.എന്‍.പിള്ള 1952 മുതല്‍ ഇപ്പോഴും ദല്‍ഹിയില്‍ ജീവിക്കുന്നു. അദ്ദേഹത്തിന്റെ ‘ആകസ്മികം’ എന്ന ആത്മകഥക്ക് അടുത്തിടെ കേന്ദ്ര സാഹിത്യ അകാദമി അവാര്‍ഡ് ലഭിക്കുകയുണ്ടായി. അദ്ദേഹത്തിന്റെ തേവരുടെ ആന, ഉലകുടപെരുമാള്‍, പ്രളയം തുടങ്ങിയ നാടകങ്ങള്‍ തലസ്ഥാന നഗരമായ ദല്‍ഹിയില്‍ അവതരിപ്പിക്കപ്പെട്ടതോര്‍ക്കുന്നു.

ഇവര്‍ക്ക് പുറമേ, വി.കെ.എന്‍, അകവൂര്‍ നാരായണന്‍, ഉണ്ണികൃഷ്ണന്‍ തിരുവാഴിയോട്, ഐ.കെ.കെ. മേനോന്‍, കാക്കനാടന്‍, രാജന്‍ കാക്കനാടന്‍, എം.പി. നാരായണപിള്ള എന്ന് തുടങ്ങി, മലയാളത്തിലെ നിരവധി സാഹിത്യ പ്രതിഭകള്‍ പലപ്പോഴായി ദല്‍ഹിയില്‍ ജീവിച്ചു മലയാള സാഹിത്യത്തിനു മികച്ച സംഭാവനകള്‍ നല്‍കിയവരാണ്. വി.കെ.എന്റെ പ്രശസ്ത കൃതികളായ ആരോഹണം, പയ്യന്‍ കഥകള്‍ എന്നിവയുടെ പശ്ചാത്തലം ദല്‍ഹിയാണ്.

ദല്‍ഹിയുടെ ചരിത്രവും രാഷ്ട്രീയവുമാണ് ഈ രണ്ട് വി.കെ.എന്‍ കൃതികളുടെയും ഇതിവൃത്തം. പുത്തന്‍ തലമുറയിലെ ശ്രദ്ധേയരായ എഴുത്തുകാര്‍, ശ്രീ പി. കൃഷ്ണനുണ്ണി (കേരളം ഒരു ഡോക്യുമെന്ററി എന്ന പുസ്തകത്തിന്റെ രചയിതാവ്), ശ്രീ വി. സനല്‍ (കൊലയുടെ കൊറിയോഗ്രഫി എന്ന പുസ്തകത്തിന്റെ രചയിതാവ്) തുടങ്ങിയവര്‍ ദല്‍ഹി നിവാസികളാണ്.

സാഹിത്യത്തില്‍ മാത്രമല്ല, പത്രപ്രവര്‍ത്തന രംഗത്തും തലസ്ഥാന നഗരിയില്‍, മലയാളികള്‍ അരങ്ങുവാണിരുന്ന ഒരു കാലം നമുക്കുണ്ടായിരുന്നു. എഴുപതുകളിലും എണ്പതുകളിലും ദേശീയ മാധ്യമ രംഗത്തെ ഏറെ തിളങ്ങിയ അതികായരാണ് ശ്രീ സി.പി. രാമചന്ദ്രന്‍, ഏടത്തട്ട നാരായണന്‍, ബി.ജി. വര്‍ഗീസ്, പി. രാമന്‍ തുടങ്ങിയവര്‍. ഇവരുടെ പിന്മുറക്കാരായി, തുടര്‍ച്ചയെന്നോണം, ഇന്നും ദേശീയ മാധ്യമ രംഗത്ത്, പ്രഗല്‍ഭരായ പത്രപ്രവര്‍ത്തകര്‍ നമുക്കുണ്ട്.

ശ്രീ വെങ്കിടേഷ് രാമകൃഷ്ണന്‍, അമൃത് ലാല്‍, ടി.കെ. അരുണ്‍, ജിഗീഷ്, രാമു ദാമോദരന്‍, ആര്‍. പ്രസന്നന്‍ തുടങ്ങിയവര്‍ ഇന്നും മാധ്യമ രംഗത്ത് ഇന്ദ്രപ്രസ്ഥത്തില്‍ മലയാളികളുടെ സാമീപ്യം അടയാളപ്പെടുത്തുന്നു.

ഇവര്‍ക്ക് പുറമേ മലയാള മാധ്യമങ്ങളില്‍ ഏറെ തിളങ്ങിയ നിരവധി പ്രതിഭകള്‍ വേറെയുമുണ്ട്. ശ്രീ വി.കെ. മാധവന്‍ കുട്ടി, ടി.വി.ആര്‍. ഷേണായ്, എന്‍. അശോകന്‍, നരേന്ദ്രന്‍, നരിക്കുട്ടി മോഹനന്‍, എന്‍. പ്രഭാവര്‍മ, അപ്പുകുട്ടന്‍ വള്ളിക്കുന്ന്, വി.ബി. പരമേശ്വരന്‍, വിജയമോഹന്‍, സേതുനാഥ് തുടങ്ങിയവരുടെ പേരുകള്‍ ഓര്‍മയില്‍ തെളിയുന്നു. ഇവരുടെ ഇങ്ങേയറ്റത്തെ കണ്ണികളായി പി.കെ. മണികണ്ഠന്‍, എം. പ്രശാന്ത്, എം.കെ. അജിത് കുമാര്‍ തുടങ്ങിയവര്‍ ഇപ്പോഴും സജീവമായി മാധ്യമരംഗത്ത് മലയാളികളുടെ സാമീപ്യം നിലനിര്‍ത്തുന്നു.

ഇന്ദ്രപ്രസ്ഥത്തില്‍ പയറ്റിത്തെളിഞ്ഞ മലയാളികളായ നിരവധി മികച്ച കാര്‍ട്ടൂണിസ്റ്റുകള്‍ നമുക്കുണ്ടായിരുന്നു. പൊളിറ്റിക്കല്‍ കാര്‍ട്ടൂണുകളുടെ തലതൊട്ടപ്പനെന്നു വിശേഷിപ്പിക്കാവുന്ന കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍ (കെ. ശങ്കര്‍ പിള്ള) കായംകുളത്തുകാരനായിരുന്നു. ശങ്കേര്‍സ് വീക്കിലിയും, ശങ്കേര്‍സ് ഡോള്‍സ് മ്യുസിയവും ഒരു കാലത്ത് ദല്‍ഹിയില്‍ ഏറെ പ്രസിദ്ധമായിരുന്നു. ശങ്കറിന് ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവുമായുണ്ടായിരുന്ന സൌഹൃദവും ഏറെ പ്രസിദ്ധമായിരുന്നു.

അന്താരാഷ്ട്രതലത്തില്‍ തന്നെ അറിയപ്പെട്ടിരുന്ന കാര്‍ട്ടൂണിസ്റ് അബു അബ്രഹാം ഒരുകാലത്ത് ശങ്കേര്‍സ് വീക്കിലിയിലെ അന്തേവാസിയായിരുന്നു. ദി ഗാര്‍ഡിയന്‍, ബ്ലിറ്റ്സ്, ട്രൈബൂണ്‍, ദി ഒബ്സര്‍വര്‍ തുടങ്ങിയ പത്രങ്ങള്‍ക്കു വേണ്ടി വരച്ചിരുന്ന അബു അബ്രഹാം 1972ല്‍ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യപ്പെടുകയുണ്ടായി.

ശ്രീ കുട്ടിയും (പി.കെ. ശങ്കരന്‍ കുട്ടി നായര്‍) ഇന്ദ്രപ്രസ്ഥത്തില്‍ കാര്‍ട്ടൂണ്‍ രംഗത്തെ സജീവ സാന്നിധ്യമായിരുന്നു. ഇവരുടെയൊക്കെ പിന്മുറക്കാരായി സുധീര്‍നാഥ്, അജിത് നൈനാന്‍, ആര്‍. പ്രസാദ് തുടങ്ങിയവര്‍ ഇന്നും ഇന്ദ്രപ്രസ്ഥത്തില്‍ ഈ രംഗത്ത് സജീവമായുണ്ട്. പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് ആയ ഇ.പി. ഉണ്ണിയും അടുത്ത കാലം വരെ ദല്‍ഹി നിവാസിയായിരുന്നു.

ദല്‍ഹിയില്‍, മലയാള നാടകരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച നിരവധി പേരുകള്‍ ഓര്‍മ്മയില്‍ വരുന്നു. ശ്രീ സത്യേന്ദ്രന്‍, മാവേലിക്കര രാമചന്ദ്രന്‍, ഗോപന്‍, ടി.കെ.സോമന്‍, വിജയന്‍, പുരുഷോത്തമന്‍, രവിശങ്കര്‍ നരേന്ദ്രന്‍, മദനന്‍, സാം പട്ടംകാരി, അജിത് മണിയന്‍ തുടങ്ങി നിരവധി പേര്‍ ദല്‍ഹിയിലെ നാടകരംഗത്ത് സജീവമായിട്ടുണ്ടായിരുന്നു.

തിരനോട്ടം, അരങ്ങ്, സത്യന്‍ മെമ്മോറിയല്‍ ആര്‍ട്സ് ക്ലബ് തുടങ്ങിയ നാടക സംഘടനകളും ദല്‍ഹിയിലെ നാടകരംഗം സജീവമാക്കിയിരുന്നു. ജനചേതന എന്ന സംഘടന അവതരിപ്പിച്ച സ്പാര്‍ട്ടക്കസ്, ഒരു അരാജകവാദിയുടെ അപകടമരണം, ഘോഷയാത്ര എന്നീ നാടകങ്ങളും ഓര്‍മ്മയില്‍ തങ്ങി നില്‍ക്കുന്നു. ‘വൃക്ഷ് ‘ എന്ന നാടകക്കൂട്ടായ്മ ഇപ്പോഴും ദല്‍ഹിയില്‍ നാടകരംഗത്തു സജീവമാണ്.

തലസ്ഥാന നഗരിയിലെ മലയാളി സാമീപ്യത്തെ കുറിച്ചും, അവരുടെ സര്‍ഗാത്മക പ്രവര്‍ത്തനങ്ങളെ കുറിച്ചും പറയുമ്പോള്‍ കലാ- സാഹിത്യ- സാംസ്‌കാരിക രംഗത്ത് പതിറ്റാണ്ടുകളായി പ്രവര്‍ത്തിച്ചു വരുന്ന, വളരെ സജീവമായി ഇന്നും പ്രവര്‍ത്തിക്കുന്ന, ദല്‍ഹിയിലെ രണ്ടു പ്രമുഖ സംഘടനകളെ കുറിച്ച് കൂടി സൂചിപ്പിക്കേണ്ടിയിരിക്കുന്നു. ദല്‍ഹിയിലെ കേരള ക്ലബ് രൂപീകൃതമാകുന്നത് സ്വാതന്ത്ര്യലബ്ധിക്കും വളരെ മുമ്പത്രേ (1939ല്‍).

മലയാളത്തിലെ ദല്‍ഹിയില്‍ ജീവിക്കുകയോ, ദല്‍ഹിയിലൂടെ കടന്നുപോവുകയോ ചെയ്ത മിക്ക എഴുത്തുകാരുടെയും ഒരു സംഗമ സ്ഥലമായിരുന്നു, തലസ്ഥാന നഗരത്തിന്റെ ഹൃദയഭാഗമായ കാണോട്പ്ലെസിലെ കേരള ക്ലബ്. ഒ.വി. വിജയന്‍, എം. മുകുന്ദന്‍, സേതു, ഐ.കെ.കെ. മേനോന്‍, ഉണ്ണികൃഷ്ണന്‍ തിരുവാഴിയോട്, എം.പി. നാരായണപിള്ള, വി.കെ.എന്‍, അകവൂര്‍ നാരായണന്‍ എന്ന് തുടങ്ങി ദല്‍ഹിയില്‍ പലപ്പോഴായി ജീവിച്ച പ്രമുഖ എഴുത്തുകാരെല്ലാം തങ്ങളുടെ ആദ്യ രചനകള്‍ പ്രസിദ്ധീകരിക്കുന്നതിനു മുമ്പ് തന്നെ കേരളാ ക്ലബ്ബിലെ ‘സാഹിതീ സഖ്യ’ത്തില്‍ അവതരിപ്പിച്ചിരുന്നു. സാഹിതീസഖ്യം ഇന്നും എല്ലാ ആഴ്ചകളിലും നടക്കുന്നു. ശ്രീ വി.പി. മേനോന്‍, ഓംചേരി എന്‍.എന്‍.പിള്ള, സുബ്രമണ്യന്‍ പോറ്റി, ജോസഫ് ഇടമറുക് തുടങ്ങിയ പ്രമുഖരായ മലയാളികള്‍, കേരള ക്ലബ്ബിന്റെ അധ്യക്ഷപദം അലങ്കരിച്ചവരില്‍ പെടുന്നു.

ജനസംസ്‌കൃതി നാല് പതിറ്റാണ്ടിലേറെയായി, ഇന്ദ്രപ്രസ്ഥത്തിലെ സജീവ മലയാളി സാന്നിധ്യമായി നിലകൊള്ളുന്നു. തലസ്ഥാന നഗരിയിലും, സമീപ പ്രദേശങ്ങളിലുമായി (ഫരിദാബാദ്, നോയ്ഡ, ഗാസിയാബാദ്) മലയാളികള്‍ ജീവിക്കുന്ന 22ഓളം,പ്രദേശങ്ങളില്‍ ശാഖകളുള്ള ഇന്ദ്രപ്രസ്തത്തിലെ ഏറ്റവും വലിയ പ്രവാസി സംഘടനയാണ് ജനസംസ്‌കൃതി.

മലയാളികളുടെ കലാ- സാംസ്‌കാരിക- സാഹിത്യരംഗങ്ങളില്‍ സജീവമായി ഇടപെടുന്നതോടൊപ്പം തന്നെ അവരുടെ ഉപസംസ്‌കാര ചോദനകള്‍ക്കും, ഗൃഹാതുരത്വ സമസ്യകള്‍ക്കുമപ്പുറം, മുഖ്യധാരാ രാഷ്ട്രീയ സാമൂഹ്യ മേഖലകളിലെല്ലാം, ഒരു പുരോഗമന കലാ സാംസ്‌കാരിക സംഘടന എന്ന നിലയില്‍ ഇടപെടാന്‍ ശ്രമിക്കുന്ന സംഘടന കൂടിയാണ് ജനസംസ്‌കൃതി. രണ്ടു പതിറ്റാണ്ടിലേറെയായി ജനസംസ്‌കൃതി എല്ലാ വര്‍ഷവും നടത്തുന്ന സഫ്ദര്‍ ഹാഷ്മി അനുസ്മരണ നാടകോത്സവം ദല്‍ഹിയിലെ നാടക പ്രേമികള്‍ക്ക് ഒരുത്സവം തന്നെയാണ്.

ദല്‍ഹിയിലെ വിവിധ നാടക കൂട്ടായ്മകളുടെ ഇരുപതോളം നാടകങ്ങള്‍ ഈ നാടകോത്സവത്തില്‍ അവതരിക്കപ്പെടുന്നു. കൂടാതെ ഇവര്‍ നടത്തുന്ന സെമിനാറുകള്‍, സിമ്പോസിയങ്ങള്‍, മറ്റു സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ എന്നിവയെല്ലാം ദല്‍ഹിയിലെ മലയാളി സാമീപ്യത്തെയും, സാന്നിധ്യത്തെയും, മിഴിവുറ്റതാക്കുന്നു. ജസ്റ്റിസ് വി. ആര്‍. കൃഷ്ണയ്യര്‍ പ്രശസ്ത ചരിത്രകാരന്‍ ഡോ. കെ. എന്‍. പണിക്കര്‍, ജസ്റ്റിസ് സുബ്രഹ്മണ്യന്‍ പോറ്റി, സെബാസ്റ്റ്യന്‍ പോള്‍ തുടങ്ങിയവര്‍ ജനസംസ്‌കൃതിയുടെ അധ്യക്ഷപദം അലങ്കരിച്ചവരാണ്.

നിരവധി പ്രഗല്‍ഭരുടെയും, സംഘടനകളുടെയും പേരുകള്‍ വിട്ടുപോയിട്ടുണ്ടെന്നറിയാം. നാല് പതിറ്റാണ്ട് കാലത്തെ ദല്‍ഹി ജീവിതത്തില്‍, പരിചയപ്പെടുകയും, ഇടപെഴകാന്‍ കഴിയുകയും ചെയ്ത, ഓര്‍മയില്‍ വരുന്ന ചിലരെക്കുറിച്ചും, മലയാള ഭാഷക്കും, സാഹിത്യത്തിനും, പത്രപ്രവര്‍ത്തനം, കാര്‍ട്ടൂണ്‍, നാടകം തുടങ്ങിയ മേഖലകളില്‍ ദല്‍ഹി മലയാളികള്‍ നല്‍കിയ സര്‍ഗാത്മക സംഭാവനകളെ കുറിച്ചുമാണ് ഈ കുറിപ്പ്.

”ഇന്ത്യയിലെ ഏറ്റവുമധികം സര്‍ഗാത്മകത നിറഞ്ഞ നഗരമാണ് ദല്‍ഹി” എന്ന മയ്യഴിയുടെ കഥാകാരന്റെ വാക്യത്തോട് യോജിച്ചുകൊണ്ട് ഈ കുറിപ്പ് അവസാനിപ്പിക്കുന്നു.

Content Highlight: Haridas Kolathoor about Delhi and the literary figures