| Friday, 25th November 2022, 10:06 pm

ആ വേഷം ചെയ്താല്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഇഷ്ടമാവില്ലെന്ന് തോന്നി, വീടുകളില്‍ കയറി ചെല്ലാന്‍ പറ്റാതായേനെ: ഹരിശ്രീ അശോകന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഹാസ്യകഥാപാത്രങ്ങള്‍ അവതരിപ്പിച്ച് ശ്രദ്ധേയനായ നടനാണ് ഹരിശ്രീ അശോകന്‍. ഹാസ്യത്തില്‍ നിന്ന് മാറിയുള്ള കഥാപാത്രങ്ങളും ഇന്ന് അദ്ദേഹം ചെയ്യുന്നുണ്ട്. തനിക്ക് വന്ന ഒരു സീരിയസ് റോള്‍ ചെയ്യാതെ വിട്ടതിനെക്കുറിച്ച് പറയുകയാണ് നടന്‍.

ആ വേഷം ചെയ്താല്‍ കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും തന്നോടുള്ള ഇഷ്ടം നഷ്ടപ്പെട്ട് പോകുമെന്ന് തോന്നിയത് കൊണ്ടാണ് ചെയ്യാതെ വിട്ടതെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ തന്റെ കൂടെ വന്ന പലരും സിനിമയില്‍ നിന്നും ഔട്ട് ആയിട്ടും തന്നെ ആളുകള്‍ മറക്കാത്തതിനെക്കുറിച്ചും ഹരിശ്രീ അശോകന്‍ സംസാരിച്ചു. മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”എനിക്കും നെഗറ്റീവ് റോള്‍ വന്നിരുന്നു. പക്ഷേ അത് എനിക്ക് ചെയ്യാന്‍ പറ്റിയില്ല. കാരണം അത് കുഞ്ഞു കുട്ടികളെ പീഡിപ്പിക്കുന്ന ആളായിട്ടായിരുന്നു. അത് ഞാന്‍ ചെയ്യില്ലെന്ന് പറഞ്ഞു. ഇപ്പോള്‍ ഞാന്‍ ഏതെങ്കിലും വീട്ടില്‍ കേറി ചെന്നാല്‍ അവര്‍ എന്നെ കാണുന്നത് തമാശക്കാരനായിട്ടാണ്.

കുഞ്ഞു കുട്ടികളെ വരെ ചിരിപ്പിക്കുന്ന വ്യക്തിയും അമ്മമാര്‍ക്ക് ഇഷ്ടമുള്ള ആളുമാണ് ഞാന്‍. ചിലപ്പോള്‍ ആ വേഷം കൊണ്ട് വീടുകളില്‍ ഒന്നും കേറാന്‍ പറ്റില്ല. അതെനിക്ക് താല്‍പര്യം ഇല്ല. അങ്ങനെ അല്ലാത്ത വേഷമാണ് ഇപ്പോള്‍ ചെയ്യാന്‍ പോകുന്നത്. അശ്ശീലമായിട്ടുള്ള അത്തരം കാര്യങ്ങളല്ലാത്ത നെഗറ്റീവ് കഥാപാത്രം ചെയ്യാന്‍ പോകുന്നുണ്ട്. അത്തരം കഥാപാത്രങ്ങള്‍ വന്നാലെ ഞാന്‍ ചെയ്യുകയുള്ളു.

എന്റെ കൂടെ വന്ന പലരും ഇന്ന് സിനിമയില്‍ നിന്നും ഔട്ടായിപ്പോയി. ഞാന്‍ ഒരിക്കലും ഔട്ടാവില്ലെന്നാണ് സിനിമയിലെ ഒരു വലിയ മനുഷ്യന്‍ പറഞ്ഞത്. നീ ഔട്ടാവില്ലെന്ന് പറഞ്ഞപ്പോള്‍ ഔട്ടാവാന്‍ എനിക്ക് താല്‍പര്യം ഇല്ലെന്ന് ഞാന്‍ അദ്ദേഹത്തോട് തിരിച്ച് പറഞ്ഞു.

ഞാന്‍ ഇപ്പോഴും സിനിമ കാണുകയും സിനിമ പഠിക്കുകയും ചെയ്യുന്ന ആളാണ്. അദ്ദേഹം എന്നോട് പറഞ്ഞത് എന്നെ ഓര്‍ക്കാന്‍ കുറേ സിനിമകള്‍ ഉണ്ടെന്നാണ്. അതുകൊണ്ട് സിനിമയില്ലാതെ വീട്ടില്‍ ഇരുന്നാലും ഞാന്‍ ഔട്ടാവില്ലെന്നാണ് അദ്ദേഹം പറഞ്ഞത്,” ഹരിശ്രീ അശോകന്‍ പറഞ്ഞു.

അതേസമയം, ഹാസ്യമാണ് താരത്തിന്റെ റിലീസിന് ഒരുങ്ങുന്ന ചിത്രം. ജപ്പാന്‍ എന്ന കഥാപാത്രത്തെയാണ് ഹരിശ്രീ അശോകന്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഡാര്‍ക്ക് ഹ്യൂമര്‍ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

content highlight: hari sree ashokan  is talking about being left without a serious role

We use cookies to give you the best possible experience. Learn more