പകരക്കാരനായി അരങ്ങേറ്റം; മുൻ ഇന്ത്യൻ ക്രിക്കറ്റ് താരത്തിന്റെ മകൻ ഇംഗ്ലണ്ടിനായി ടെസ്റ്റിൽ കളത്തിലിറങ്ങി
Cricket
പകരക്കാരനായി അരങ്ങേറ്റം; മുൻ ഇന്ത്യൻ ക്രിക്കറ്റ് താരത്തിന്റെ മകൻ ഇംഗ്ലണ്ടിനായി ടെസ്റ്റിൽ കളത്തിലിറങ്ങി
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 24th August 2024, 10:33 am

ഇന്ത്യ ശ്രീലങ്ക മൂന്ന് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരം നടന്നുകൊണ്ടിരിക്കുകയാണ്. മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡില്‍ നടക്കുന്ന മത്സരത്തിന്റെ ഒന്നാം ദിവസം നടന്ന ഒരു പ്രേത്യക സംഭവമാണ് ഏറെ ശ്രദ്ധ നേടുന്നത്. മത്സരത്തില്‍ ഇംഗ്ലണ്ടിനായി കളത്തിലിറങ്ങിയ ഹാരി സിങ്ങിന്റെ പേരാണ് ക്രിക്കറ്റ് ആരാധകര്‍ക്കിടയില്‍ ഉയര്‍ന്നുനില്‍ക്കുന്നത്.

മുന്‍ ഇന്ത്യന്‍ പേസര്‍ ആര്‍.പി സിങ്ങിന്റെ മകനാണ് ഹാരി സിങ് എന്നുള്ളതാണ് ഏറെ ശ്രദ്ധേയമായത്. ഇംഗ്ലണ്ടിനായി പന്ത്രണ്ടാമനായാണ് ഹാരി കളത്തിലിറങ്ങിയത്. താരം ആദ്യമായാണ് ഇംഗ്ലണ്ടിനായി കളിക്കുന്നത്. മത്സരത്തിന്റെ 37-ാം ഓവറില്‍ താത്കാലികമായി പിച്ച് വിട്ട ഹാരി ബ്രൂക്കിന്റെ പകരക്കാരനായാണ് ഹാരി കളത്തിലിറങ്ങിയത്.

ഹാരി സിങ്ങിന്റെ പിതാവായ ആര്‍.പി സിങ് 1980 കാലഘട്ടങ്ങളിലായിരുന്നു ഇന്ത്യക്കായി കളിച്ചിരുന്നത്. ഇടംകൈയ്യന്‍ ഫാസ്റ്റ് ബൗളറായ ആര്‍.പി സിങ് 59 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്നും 150 വിക്കറ്റുകളും 1413 റണ്‍സും നേടിയിട്ടുണ്ട്.

1991ലാണ് ആര്‍.പി സിങ് അവസാനമായി ക്രിക്കറ്റില്‍ കളിച്ചത്. ദുലീപ് ട്രോഫിയില്‍ സെന്‍ട്രല്‍ സോണിനു വേണ്ടിയാണ് അദ്ദേഹം അവസാനമായി കളിച്ചത്. 1990കളുടെ അവസാനത്തില്‍ അദ്ദേഹം ഇംഗ്ലണ്ടിലേക്ക് താമസം മാറുകയായിരുന്നു. പിന്നീട് ഇംഗ്ലണ്ടിലെ ലങ്കാഷെയര്‍ കൗണ്ടി ക്രിക്കറ്റ് ക്ലബ്, ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ് എന്നീ ടീമുകള്‍ക്ക് വേണ്ടിയും ആര്‍.പി സിങ് കളിച്ചു.

2022ല്‍ ശ്രീലങ്കക്കെതിരായ പരമ്പരയില്‍ ഇംഗ്ലണ്ട് അണ്ടര്‍ 19 ടീമിന് വേണ്ടിയാണ് ഹാരി ആദ്യമായി കളിച്ചത്. ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ ഏകദിന കപ്പില്‍ ലങ്കാഷെയറിന് വേണ്ടിയും താരം അരങ്ങേറ്റം കുറിച്ചിരുന്നു. ഏഴ് മത്സരങ്ങളിലാണ് താരം കളിച്ചത്.

അതേസമയം മത്സരത്തില്‍ ആദ്യ ഇന്നിങ്‌സില്‍ ശ്രീലങ്ക 236 റണ്‍സിന് ഔട്ട് ആവുകയായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 358 റണ്‍സിന് പുറത്താവുകയായിരുന്നു. ഇംഗ്ലണ്ടിന് വേണ്ടി മിന്നും പ്രകടനം കാഴ്ചവെച്ചത് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ജാമി സ്മിത്താണ്.

ആറാം നമ്പറില്‍ ഇറങ്ങിയ താരം 148 പന്തില്‍ ഒരു സിക്സും എട്ട് ഫോറും ഉള്‍പ്പെടെ 111 റണ്‍സ് നേടിയാണ് പുറത്തായത്. കാര്യമായി സ്‌കോര്‍ ഉയര്‍ത്താന്‍ കഴിയാതെവന്ന ഇംഗ്ലണ്ടിന് ജാമിയുടെ തകര്‍പ്പന്‍ സെഞ്ച്വറി നേട്ടമാണ് തുണയായത്.

 

Content Highlight: Hari Singh Debut For England Test Team