തിരുവല്ല: പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ചുമടെടുത്തതിന്റെ പേരില്‍ എയര്‍ഫോഴ്‌സ് ജീവനക്കാരന്റെ വിവാഹം മുടങ്ങി. തിരുവല്ല കവിയൂര്‍ സ്വദേശിയായ മനു എം. നായരുടെ വിവാഹമാണ് മുടങ്ങിയത്. മനുവിന്റെ സുഹൃത്തും ജോത്സ്യനുമായ ഹരി പത്തനാപുരം അദ്ദേഹത്തിന്റെ ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
ദല്‍ഹിയിലെ എയര്‍ഫോഴ്‌സ് അഡ്മിനിസ്‌ട്രേഷന്‍ വിഭാഗത്തില്‍ ജോലി നോക്കുകയാണ് മനു. വിവാഹാവശ്യങ്ങള്‍ക്കും ഓണാഘോഷത്തിനുമായാണ് അവധിയെടുത്ത് നാട്ടിലെത്തിയത്.
മേജര്‍ ഹേമന്ത് രാജിനും മേജര്‍ റാങ്കിലുള്ള സ്‌കാഡെന്‍ ലീഡര്‍ അന്‍ഷ.വി.തോമസിനും ഒപ്പം ചെങ്ങന്നൂരിലെ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ മനു സജീവമായി പങ്കെടുത്തിരുന്നെന്നാണ് ഹരി പത്തനാപുരം പറയുന്നത്.
അവധിയിലാണെന്ന് അറിയിച്ചുകൊണ്ട് തന്നെ അനുഷയോടൊപ്പം ഹെലികോപ്റ്റര്‍ ദുരിതാശ്വാസപ്രവര്‍ത്ഥനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചു.
വിവാഹത്തിനായി വാക്കാല്‍ ചില ഉറപ്പുകള്‍ കിട്ടിയ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ വിളിച്ചപ്പോള്‍ ചെങ്ങന്നൂരില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ആണെന്നറിയിച്ചു. പിന്നീട് ഈ വിവാഹോചന മുടങ്ങുകയായിരുന്നെന്നാണ് അദ്ദേഹം പറയുന്നത്.
“പിന്നീട് അന്വേഷിച്ചപ്പോഴാണ് അറിയുന്നത് ഭക്ഷ്യധാന്യങ്ങളും മറ്റ് അവശ്യവസ്തുക്കളും അടങ്ങിയ ചാക്കുകെട്ടുകള്‍ ചുമന്ന് ഹാളില്‍ വയ്ക്കുന്നതും , ഹെലികോപ്റ്ററില്‍ തലചുമടായി കൊണ്ട് കയറ്റുന്നതും, മറ്റു കഷ്ടപ്പാടുകളുമൊക്കെ പെണ്ണിന്റെ വീട്ടുകാര്‍ അറിഞ്ഞത്രേ. Airforce CÂ അഡ്മിനിസ്‌ട്രേഷന്‍ വിഭാഗത്തിലാണ് ജോലി എന്നതൊക്കെ വെറുതെയാണെന്നു അവര്‍ കരുതിക്കാണും. ഈ ചുമടെടുപ്പ് തന്നെയാണ് എയര്‍ഫോഴ്‌സ് ഓഫീസിലും മനുവിനുള്ളതെന്ന് അവര്‍ തെറ്റിദ്ധരിച്ചു.” എന്നാണ് ഹരി പത്തനാപുരം പറയുന്നത്.
അവരെ യഥാര്‍ത്ഥ കാര്യങ്ങള്‍ ബോധ്യപ്പെടുത്തിക്കൂടേയെന്ന് ചോദിച്ചപ്പോള്‍ “ഞാനൊരു പട്ടാളക്കാരനാണ്. ചിലപ്പോള്‍ ഇതുപോലെയുള്ള ദുരന്തസ്ഥലങ്ങളിലും യുദ്ധമുഖത്തും ഒക്കെ പോകേണ്ടി വരുകയാണെന്ന് കരുതുക. ഇപ്പോഴേ പിന്നില്‍ നിന്നുള്ള ഈ വിളിയാണെങ്കില്‍ പിന്നീടെങ്ങനെ സഹിക്കും ചേട്ടായീ” എന്നായിരുന്നു മനു പ്രതികരിച്ചതെന്നും ഹരി പത്തനാപുരം പറയുന്നു.