| Monday, 23rd October 2023, 4:33 pm

അന്ന് അത് വലിയ ട്രോമയായിരുന്നു; അഭിനയം നിര്‍ത്താനുള്ള ഒരു കാരണവും അതായിരുന്നു: ഹരി മുരളി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

‘ഉള്ളീന്ന് വരണം ഉളളീന്ന് വരണം എന്ന് മാമന്‍ പറയുന്നുണ്ടല്ലോ, ഉള്ളിലേക്ക് വല്ലതും പോയോന്ന് ചോദിച്ചോ,’ എന്ന ഒരു ഡയലോഗ് മതി ഹരി മുരളിയെ മലയാളികള്‍ക്ക് തിരിച്ചറിയാന്‍. ലാല്‍ ജോസ്-ദിലീപ് ചിത്രമായ രസികനിലെ ആ കൊച്ചുപയ്യനെ ഇന്നും ആരും മറന്നിട്ടില്ല.

ഇപ്പോള്‍ താന്‍ സ്‌കൂള്‍ കാലഘട്ടത്തില്‍ നേരിട്ട മെന്റല്‍ ട്രോമയെ കുറിച്ച് തുറന്ന് പറയുകയാണ് ഹരി മുരളി. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

‘എല്‍.പി സ്‌കൂളില്‍ പഠിച്ച് യു.പി സ്‌കൂളിലേക്ക് മാറുന്ന സമയത്ത് ഞാന്‍ കുട്ടിച്ചാത്തന്‍ ചെയ്യുകയാണ്. കുട്ടിച്ചാത്തന്‍ നൂറാമത്തെ എപ്പിസോഡില്‍ നില്‍ക്കുമ്പോളായിരുന്നു അത്.

ഞാന്‍ അന്ന് ജോയിന്‍ ചെയ്യാന്‍ കുറച്ച് വൈകിയിരുന്നു. അതുകൊണ്ട് എനിക്ക് യൂണീഫോമുണ്ടായിരുന്നില്ല. കളര്‍ ഡ്രസിട്ടിട്ടാണ് സ്‌കൂളിലേക്ക് പോകുന്നത്. അന്ന് കണ്ടിന്വിറ്റിയുടെ ഇഷ്യു വരുന്നത് കാരണം മുടി മുറിക്കാനും പറ്റില്ല. നീണ്ട മുടി കെട്ടിവെച്ചിട്ടാണ് പോകുന്നത്.

ഞാന്‍ സ്‌കൂളില്‍ എത്തി കുറച്ച് കഴിഞ്ഞതും ക്ലാസ് നിറയെ ആളുകളെത്തി. അന്ന് സോഷ്യല്‍ മീഡിയകളൊന്നും ഇല്ലാത്ത സമയമാണ്. എന്നും വൈകുന്നേരം ഏഴ് മണിക്ക് ടി.വിയില്‍ കാണുന്ന ഒരാളെ ആദ്യമായി അവര്‍ക്ക് നേരിട്ട് കാണാന്‍ ഒരു അവസരം കിട്ടുകയാണ്.

അന്ന് കുട്ടികള്‍ ചുറ്റും കൂടിയതോടെ എന്നെ സെക്യൂരിറ്റിയുടെ റൂമില്‍ പൂട്ടിയിട്ടു. എന്നിട്ട് കുട്ടികള്‍ ഓരോരുത്തരായി വന്ന് കണ്ട് പോയി. ഇപ്പോള്‍ ആലോചിക്കുമ്പോള്‍ അത് വലിയ പ്രശ്‌നമില്ല. എന്നാല്‍ അന്ന് അങ്ങനെയല്ല. അന്ന് വലിയൊരു ട്രോമയായിരുന്നു.

എട്ടാം ക്ലാസില്‍ എത്തിയപ്പോഴേക്കും അഭിനയം നിര്‍ത്താനുള്ള ഒരു കാരണം പോലും ഇതായിരുന്നു. നമ്മളെ ഒരാളും കളിക്കാന്‍ കൂടെകൂട്ടില്ല. ചിലര്‍ സംസാരിക്കില്ല. ആളുകള്‍ക്ക് പേടിയായിരുന്നു.

ചിലര്‍ക്ക് ഈ കുട്ടി എന്തോ വലിയ സംഭവമാണ്, അതുകൊണ്ട് മിണ്ടാന്‍പാടില്ലെന്ന ചിന്തകള്‍ ഉണ്ടായിരുന്നു. ഇന്ന് ആലോചിക്കുമ്പോള്‍ ചൈല്‍ഡിഷാണ്. കാരണം അത്രയും ആളുകള്‍ക്ക് കിട്ടാത്ത ഒരു അംഗീകാരമായിരുന്നു എനിക്ക് അന്ന് ലഭിച്ചത്,’ ഹരി മുരളി പറയുന്നു.

Content Highlight: Hari Murali Talks About Mental Trauma As Child Actor

We use cookies to give you the best possible experience. Learn more