Advertisement
Film News
സ്റ്റേജിലേക്ക് കയറി ചെല്ലുമ്പോൾ മമ്മൂക്ക 'നീ എന്താ ഡാ ഇവിടെ' എന്നാണ് ചോദിച്ചത്: ഹരി മുരളി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Oct 29, 03:44 am
Sunday, 29th October 2023, 9:14 am

മമ്മൂക്കയുമൊത്തുള്ള തന്റെ അനുഭവം പങ്കുവെക്കുകയാണ് ബാല താരമായിരുന്ന ഹരി മുരളി. രസികൻ, അണ്ണൻ തമ്പി, പട്ടണത്തിൽ ഭൂതം തുടങ്ങിയ ചിത്രങ്ങളിൽ ബാല താരമായി അഭിനയിച്ച നടനായിരുന്നു ഹരി മുരളി. അണ്ണൻ തമ്പി സിനിമയിൽ മമ്മൂട്ടിയുടെ കൂടെയുള്ള കോമ്പിനേഷൻ സീൻ ഇല്ലായിരുന്നെന്നും എന്നാൽ അദ്ദേഹത്തെ ലൊക്കേഷനിൽ വെച്ച് കണ്ടിട്ടുണ്ടെന്നും ഹരി പറഞ്ഞു.

ദുൽഖറിനെ ആദ്യമായി കാണുന്നതും അണ്ണൻ തമ്പിയുടെ ലൊക്കേഷനിൽ വെച്ചിട്ടാണെന്നും താരം കൂട്ടിച്ചേർത്തു. തന്റെ അച്ഛന് നാടകത്തിന് ലഭിച്ച അവാർഡ് വാങ്ങാൻ വേണ്ടി സ്റ്റേജിൽ കയറിയപ്പോൾ മമ്മൂക്ക അവിടെ ഉണ്ടായിരുന്നെന്നും തന്നെ തിരിച്ചറിഞ്ഞെന്നും ഹരി പറയുന്നുണ്ട്. വെറൈറ്റി മീഡിയക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഹരി മുരളി.

‘ഞാൻ മമ്മൂക്കയുടെ കൂടെ ആദ്യത്തെ പടം ചെയ്തത് അണ്ണൻ തമ്പി ആയിരുന്നു. പക്ഷേ എനിക്ക് മമ്മൂക്കയുടെ കൂടെ കോമ്പിനേഷൻ സീൻ ഒന്നും ഉണ്ടായിരുന്നില്ല. ലൊക്കേഷൻ വെച്ച് ഞാൻ അദ്ദേഹത്തെ കണ്ടിട്ടുണ്ട്. ദുൽഖറിനെ ഞാൻ ആദ്യമായിട്ട് കാണുന്നത് അണ്ണൻ തമ്പിയുടെ ലൊക്കേഷനിൽ വെച്ചിട്ടാണ്. ആ സമയത്ത് ദുൽഖറിന് ഈ പറയുന്ന ഡി.ക്യു ആയിട്ടില്ല. ഇക്ക ആ സമയത്ത് പഠിക്കുകയാണെന്ന് തോന്നുന്നു.
അണ്ണൻ തമ്പി ചെയ്തു, പട്ടണത്തിൽ ഭൂതം വരുന്ന സമയത്ത് അവാർഡ് ഫങ്ങ്ഷന് പോയപ്പോൾ അവിടെ മമ്മൂക്ക ഉണ്ടായിരുന്നു. എന്റെ അച്ഛന് നാടകത്തിന്റെ അവാർഡ് കിട്ടി, ഞാൻ അത് വാങ്ങാനായിട്ട് സ്റ്റേജിലേക്ക് കയറി ചെല്ലുമ്പോൾ മമ്മൂക്ക എന്നോട് ‘നീ എന്താ ഡാ ഇവിടെ’ എന്നാണ് ചോദിച്ചത്.

അദ്ദേഹത്തിന് എന്നെ ഓർത്തിരിക്കേണ്ട ഒരു കാര്യവുമില്ല. എന്റെ കൂടെ ഒരു സീൻ പോലും അദ്ദേഹം അഭിനയിച്ചിട്ടില്ല. ആ സമയം ബെന്നി അങ്കിൾ ഉണ്ടായിരുന്നു. അദ്ദേഹം പറഞ്ഞു ‘അവന്റെ അച്ഛനാണ് മുരളി, അവാർഡ് വാങ്ങാൻ വന്നതാണ്’ എന്ന്.

അത് കഴിഞ്ഞിട്ട് പട്ടണത്തിൽ ഭൂതത്തിൽ ഒരുമിച്ച് അഭിനയിച്ചു. അത് ഒരുപാട് നല്ല ഓർമ്മകളാണ്. ഞാൻ മമ്മൂക്കയുടെ കാറിൽ ഒക്കെ കയറിയിട്ടുണ്ട്. ഒരു പാട്ട് സീൻ ഷൂട്ട് ചെയ്യാൻ പോയത് അവിടുന്ന് ഒരു ഒന്നര കിലോമീറ്റർ നടക്കണം. അവിടെയുള്ള ഏകദേശം 15 കുട്ടികളെ മമ്മൂക്കയുടെ പജേറോയിൽ കയറ്റിയിട്ട്, മമ്മൂക്ക ഡ്രൈവ് ചെയ്യുന്നു. ഞങ്ങൾ ഇത്രയും പേര് പജേറോയിൽ ഇരിക്കുകയാണ്. അന്നാണ് ഞങ്ങൾ ഈ കാറിൽ ഈ സെറ്റ് അപ്പ് ഒക്കെ ഉണ്ടെന്ന് മനസ്സിലാകുന്നത്. പജേറോയുടെ അകത്ത് ടി.വി യൊക്കെ ഉണ്ട്. ഞാൻ പറയുന്നത് 2008 ലെ കാര്യമാണ്. 2008 സമയത്ത് കാറിനകത്ത് ഒരു ടിവി എന്നൊന്നും നമ്മൾ ചിന്തിച്ചിട്ട് പോലുമില്ല.

ഞാൻ ഇക്കയുടെ കാരവനിൽ കയറിയിട്ടുണ്ട്. എന്റെ അനിയൻ ഒന്നിലൊക്കെ പഠിക്കുന്ന സമയമാണ്. എന്റെ അനിയന് മമ്മൂക്കയെ കാണണമെന്ന് പറഞ്ഞ് കാരവനിലേക്ക് ചെല്ലുമ്പോൾ ഇക്ക കിടന്നുറങ്ങുകയാണ്. നല്ല കള്ളി മുണ്ടൊക്കെ ഉടുത്തിട്ടാണ് കിടന്നുറങ്ങുന്നത്. ഇന്നസെൻ്റ് അങ്കിൾ ഇക്കയെ വിളിച്ച് എണീപ്പിച്ചിട്ട് അനിയന്റെ കൂടെ എടുത്ത ഒരു ഫോട്ടോ എന്റെ വീട്ടിൽ ഫ്രെയിം ചെയ്ത് വെച്ചിട്ടുണ്ട്,’ ഹരി മുരളി പറഞ്ഞു.

Content Highlight: Hari murali about Mammooty