| Wednesday, 8th June 2022, 11:20 pm

വിക്രമിലെ ചെറിയ വേഷം എന്തിനാണ് ചെയ്തത്: മറുപടിയുമായി ഹരീഷ് പേരടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഉലകനായകന്‍ കമല്‍ഹാസനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം വിക്രം കഴിഞ്ഞ ദിവസമാണ് തിയേറ്ററുകളില്‍ എത്തിയത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്.

ചിത്രത്തില്‍ ചെറിയ വേഷത്തില്‍ എത്തിയ മലയാളി താരമായിരുന്നു ഹരീഷ് പേരടി. മുന്‍പ് നിരവധി തമിഴ് ചലച്ചിത്രങ്ങളില്‍ പ്രധാന വേഷത്തില്‍ എത്തിയ ഹരീഷ് പേരടി വിക്രമില്‍ താരതമ്യേന ചെറിയ വേഷത്തിലാണ് എത്തിയത്. ലോകേഷിന്റെ മുന്‍ ചിത്രമായ കൈതിയിലും ഹരീഷ് പേരടി അഭിനയിച്ചിരുന്നു. എന്നാല്‍ വിക്രമിലെ ചെറിയ വേഷം എന്തുകൊണ്ട് അഭിനയിച്ചു എന്ന ചിലരുടെ ചോദ്യത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് ഹരീഷ് പേരടി.

വിക്രം കാണുന്നതിനു മുന്‍പ് വീണ്ടും കൈതി കാണാന്‍ ലോകേഷ് പറഞ്ഞത് വെറുതെ അല്ല എന്നും
കൈതിയിലെ സ്റ്റീഫന്‍രാജ് വിക്രമില്‍ കൊല്ലപ്പെടണമെങ്കില്‍ ലോകേഷ് മാജിക്ക് ഇനിയും വരാനിരിക്കുന്നു എന്നുമാണ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ അദ്ദേഹം പറയുന്നത്. അതോടൊപ്പം തന്നെ കമലഹാസന്‍ എന്ന ഇതിഹാസത്തിന്റെ സിനിമയില്‍ മുഖം കാണിക്കണമെന്ന ആഗ്രഹം കൊണ്ടുകൂടിയാണ്‌ ഈ വേഷം ചെയ്തത് എന്നും കുറിപ്പില്‍ അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പിന്റെ പൂര്‍ണരൂപം

എന്നെ സ്‌നേഹിക്കുന്ന പല സിനിമാ പ്രേമികളും എന്നോട് ചോദിച്ചു. തമിഴ് സിനിമയില്‍ പ്രാധാന കഥാപാത്രങ്ങള്‍ കൈകാര്യം ചെയ്യാന്‍ അവസരം കിട്ടിയ നിങ്ങള്‍ എന്തിനാണ് വിക്രമില്‍ ഇത്രയും ചെറിയ ഒരു കഥാപാത്രത്തെ ചെയ്തത് എന്ന്.

വിക്രം കാണുന്നതിനുമുമ്പ് വീണ്ടും കൈതി കാണാന്‍ ലോകേഷ് പറഞ്ഞത് വെറുതെയല്ല. കൈതിയിലെ സ്റ്റീഫന്‍രാജ് വിക്രമില്‍ കൊല്ലപ്പെടണമെങ്കില്‍ ലോകേഷ് മാജിക്ക് ഇനിയും വരാനിരിക്കുന്നു എന്ന് മാത്രം.

ലോകേഷിന് ഇനിയും വരികള്‍ പൂരിപ്പിക്കാനുണ്ടെന്ന് മാത്രം. പിന്നെ ‘മദനോത്സവം’ ഞാന്‍ കാണുന്നത് നാലാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് കമല്‍ഹാസന്‍ എന്ന ആ ഇതിഹാസത്തിന്റെ സിനിമയില്‍ മുഖം കാണിക്കണമെന്ന എന്റെ ഒടുങ്ങാത്ത ആഗ്രഹവും. കോയമ്പത്തൂരില്‍ വെച്ച് ഇന്നാണ് സിനിമ കണ്ടത്.

സീറ്റ് എഡ്ജ് എക്‌സ്പീരിയന്‍സ് എനിക്ക് അത്ര പരിചയമില്ലാത്ത എന്റെ ശരിരത്തിലെ പല അവയവങ്ങളും തുള്ളി ചാടിയ അനുഭവം. കമല്‍സാര്‍, ഉമ്മ.., ലോകേഷ് സല്യൂട്ട്. അതേസമയം രത്നകുമാറും ലോകേഷ് കനകരാജും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.

Content highlight : Haresh peradi about small role in vikram movie

We use cookies to give you the best possible experience. Learn more