| Tuesday, 26th October 2021, 4:01 pm

ഡാം ഇപ്പോള്‍ പൊട്ടുമെന്ന വാദം പോലെ തന്നെ അസംബന്ധമാണ് ഡാം പൂര്‍ണ്ണ സുരക്ഷിതമാണെന്നതും; മുല്ലപെരിയാര്‍ വിഷയത്തില്‍ നിര്‍ദേശങ്ങളുമായി ഹരീഷ് വാസുദേവന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: മുല്ലപെരിയാര്‍ വിഷയത്തില്‍ സര്‍ക്കാരിന് നിര്‍ദേശങ്ങളുമായി ഹൈക്കോടതി അഭിഭാഷകന്‍ ഹരീഷ് വാസുദേവന്‍. ഡാം ഇപ്പോള്‍ പൊട്ടുമെന്ന വാദം പോലെ തന്നെ അസംബന്ധമാണ്. ഡാം പൂര്‍ണ്ണ സുരക്ഷിതമാണെന്ന വാദവുമെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു.

100 വര്‍ഷം കഴിഞ്ഞ ഏത് ഡാമും അപകടമുണ്ടാക്കാന്‍ സാധ്യതയുള്ള ഒന്നാണ്. പ്രത്യേകിച്ച് ഭൂകമ്പസാധ്യതയും മണ്ണിടിച്ചിലും ഉള്ള പ്രദേശമാണെങ്കില്‍. ഡാം എല്ലാക്കാലവും സമ്പൂര്‍ണ്ണ സുരക്ഷിതമാണ് എന്ന വാദം ആ അര്‍ത്ഥത്തില്‍ അസംബന്ധമാണെന്ന് അദ്ദേഹം പറഞ്ഞു.

‘തമിഴ്‌നാടുമായുള്ള ഉഭയകക്ഷി ചര്‍ച്ചകളിലൂടെ പ്രശ്‌നം പരിഹരിക്കാമോ എന്ന പരിശോധനയാണ് ഇനി ബാക്കി.
ഇനി ചര്‍ച്ചയ്ക്ക് ഇരിക്കുമ്പോള്‍, അവര്‍ക്ക് അനുകൂലമായ സുപ്രീംകോടതി വിധിയുള്ളത് കൊണ്ട് തമിഴ്‌നാടിനു മേല്‍ക്കൈ ഉണ്ട്. കേരളത്തിന്റെ ഒരു ഡിമാന്റും അംഗീകരിക്കേണ്ട കാര്യമോ, ചര്‍ച്ച തന്നെയോ നടത്തേണ്ട കാര്യമോ തല്‍ക്കാലം അവര്‍ക്കില്ല.

ഡാം ബലവത്താണെന്ന സുപ്രീംകോടതി വിധി അന്തിമമല്ലെന്നും, ബലക്ഷയം സംബന്ധിച്ച് നിയമപരമായ പുതിയ പോര്‍മുഖം തുറക്കാമെന്നും ഉള്ള സ്ഥിതി വന്നാലേ ആരോഗ്യകരമായ ചര്‍ച്ച ഉണ്ടാകൂ എന്നും അദ്ദേഹം പറഞ്ഞു.

ഭരണഘടനയ്ക്ക് മുന്‍പ് ഉണ്ടാക്കിയ കരാര്‍ ഭരണഘടന വന്നതോടെ റദ്ദാകേണ്ടതാണ്. എന്നാലിത് പൊളിറ്റിക്കല്‍ കരാറല്ല എന്ന വിചിത്രവും അസംബന്ധവുമായ വിധിയിലൂടെയാണ് സുപ്രീംകോടതി കേരളത്തിന്റെ വാദം തള്ളിയത്. അതിനെതിരെ പ്രതിഷേധം ശക്തമാക്കേണ്ടത് ആയിരുന്നു, അത് ചെയ്തില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡാം പൊളിഞ്ഞാല്‍ ഉണ്ടാകാന്‍ സാധ്യതയുള്ള ദുരന്തം ലഘൂകരിക്കാനുള്ള പ്ലാന്‍ തയ്യാറാക്കണം. പുതിയ പഠനം ആശങ്കകള്‍ ശരിവെയ്ക്കുന്നത് ആണെങ്കില്‍, ഡാം പൊളിക്കാന്‍ തീരുമാനിക്കണം. കരാര്‍ റദ്ദാക്കാന്‍ തീരുമാനിക്കണം. തമിഴ്‌നാടിനു വെള്ളം കൊടുക്കേണ്ട ബാധ്യത കേരളാ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്കില്ലെന്നും ഹരീഷ് വാസുദേവന്‍ പറഞ്ഞു.

അന്തിമ തീരുമാനം കൈക്കൊള്ളാന്‍ രേഖകള്‍ സഹിതം ദേശീയ ദുരന്തനിവാരണ അതോറിറ്റിയില്‍ അപേക്ഷ സമര്‍പ്പിക്കണം. സമയബന്ധിതമായി തീരുമാനം എടുക്കാന്‍ കോടതിയില്‍ നിന്ന് ഉത്തരവ് വാങ്ങണം. ഇതുവഴി ഇത് അടഞ്ഞ വാതിലുകള്‍ തുറന്നേക്കാം എന്ന പ്രതീതി സൃഷ്ടിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദുരന്തനിവാരണ നിയമം അനുസരിച്ച് തയ്യാറാക്കിയ സ്റ്റേറ്റ് പ്ലാനില്‍ മനുഷ്യനിര്‍മ്മിത ദുരന്തങ്ങളുണ്ട്. ദുരന്തം ഒഴിവാക്കാനും ആഘാതം ലഘൂകരിക്കാല്‍ തീരുമാനിക്കാം. ഇപ്പോഴുള്ളതിലും മെച്ചപ്പെട്ട, സുരക്ഷിതമായ അവസ്ഥയിലേക്ക് കൊണ്ടുപോകാനാകും എന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

സുപ്രീംകോടതിയുടെ വിധിയുടെ തോല്‍വിഭാരം ഇന്നത്തെയത്ര ഉണ്ടാകില്ല. പുതിയ ഡാമോ, ജലം കൊണ്ടുപോകാന്‍ പുതിയ കനാലോ എന്താണെന്നുവെച്ചാല്‍ തീരുമാനിക്കാമെന്നും അദ്ദേഹം ചോദിച്ചു.

അതേസമയം, മുല്ലപെരിയാര്‍ വിഷയത്തില്‍ സിനിമ മേഖലയില്‍ നിന്നും നിരവധിപേര്‍ പ്രതികരണവുമായി എത്തിയിരുന്നു. സാമൂഹിക മാധ്യമങ്ങളിലുള്‍പ്പെടെ നിരവധിപേരാണ് വിഷയത്തില്‍ പ്രതികരണം അറിയിച്ചുകൊണ്ടിരിക്കുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS: Hareesh Vasudevan with suggestions on Mullaperiyar issue

Latest Stories

We use cookies to give you the best possible experience. Learn more