കൊച്ചി: മുല്ലപെരിയാര്‍ വിഷയത്തില്‍ സര്‍ക്കാരിന് നിര്‍ദേശങ്ങളുമായി ഹൈക്കോടതി അഭിഭാഷകന്‍ ഹരീഷ് വാസുദേവന്‍. ഡാം ഇപ്പോള്‍ പൊട്ടുമെന്ന വാദം പോലെ തന്നെ അസംബന്ധമാണ്. ഡാം പൂര്‍ണ്ണ സുരക്ഷിതമാണെന്ന വാദവുമെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു.
100 വര്‍ഷം കഴിഞ്ഞ ഏത് ഡാമും അപകടമുണ്ടാക്കാന്‍ സാധ്യതയുള്ള ഒന്നാണ്. പ്രത്യേകിച്ച് ഭൂകമ്പസാധ്യതയും മണ്ണിടിച്ചിലും ഉള്ള പ്രദേശമാണെങ്കില്‍. ഡാം എല്ലാക്കാലവും സമ്പൂര്‍ണ്ണ സുരക്ഷിതമാണ് എന്ന വാദം ആ അര്‍ത്ഥത്തില്‍ അസംബന്ധമാണെന്ന് അദ്ദേഹം പറഞ്ഞു.
‘തമിഴ്‌നാടുമായുള്ള ഉഭയകക്ഷി ചര്‍ച്ചകളിലൂടെ പ്രശ്‌നം പരിഹരിക്കാമോ എന്ന പരിശോധനയാണ് ഇനി ബാക്കി.
ഇനി ചര്‍ച്ചയ്ക്ക് ഇരിക്കുമ്പോള്‍, അവര്‍ക്ക് അനുകൂലമായ സുപ്രീംകോടതി വിധിയുള്ളത് കൊണ്ട് തമിഴ്‌നാടിനു മേല്‍ക്കൈ ഉണ്ട്. കേരളത്തിന്റെ ഒരു ഡിമാന്റും അംഗീകരിക്കേണ്ട കാര്യമോ, ചര്‍ച്ച തന്നെയോ നടത്തേണ്ട കാര്യമോ തല്‍ക്കാലം അവര്‍ക്കില്ല.
ഡാം ബലവത്താണെന്ന സുപ്രീംകോടതി വിധി അന്തിമമല്ലെന്നും, ബലക്ഷയം സംബന്ധിച്ച് നിയമപരമായ പുതിയ പോര്‍മുഖം തുറക്കാമെന്നും ഉള്ള സ്ഥിതി വന്നാലേ ആരോഗ്യകരമായ ചര്‍ച്ച ഉണ്ടാകൂ എന്നും അദ്ദേഹം പറഞ്ഞു.
ഭരണഘടനയ്ക്ക് മുന്‍പ് ഉണ്ടാക്കിയ കരാര്‍ ഭരണഘടന വന്നതോടെ റദ്ദാകേണ്ടതാണ്. എന്നാലിത് പൊളിറ്റിക്കല്‍ കരാറല്ല എന്ന വിചിത്രവും അസംബന്ധവുമായ വിധിയിലൂടെയാണ് സുപ്രീംകോടതി കേരളത്തിന്റെ വാദം തള്ളിയത്. അതിനെതിരെ പ്രതിഷേധം ശക്തമാക്കേണ്ടത് ആയിരുന്നു, അത് ചെയ്തില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡാം പൊളിഞ്ഞാല്‍ ഉണ്ടാകാന്‍ സാധ്യതയുള്ള ദുരന്തം ലഘൂകരിക്കാനുള്ള പ്ലാന്‍ തയ്യാറാക്കണം. പുതിയ പഠനം ആശങ്കകള്‍ ശരിവെയ്ക്കുന്നത് ആണെങ്കില്‍, ഡാം പൊളിക്കാന്‍ തീരുമാനിക്കണം. കരാര്‍ റദ്ദാക്കാന്‍ തീരുമാനിക്കണം. തമിഴ്‌നാടിനു വെള്ളം കൊടുക്കേണ്ട ബാധ്യത കേരളാ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്കില്ലെന്നും ഹരീഷ് വാസുദേവന്‍ പറഞ്ഞു.