തിരുവനന്തപുരം: ഉത്ര വധക്കേസിലെ വിധിയുടെ പശ്ചാത്തലത്തില്‍ വധശിക്ഷയെ അനുകൂലിച്ച് ചെറിയാന്‍ ഫിലിപ്പിനെ പരിഹസിച്ച് അഡ്വ. ഹരീഷ് വാസുദേവന്‍. എത്രകാലം ഇടതുപക്ഷത്ത് നേതാവിന്റെ കൂടെ ബുദ്ധിജീവിയായി നിന്നാലും ഇടയ്ക്ക് പഴയ നിലവാരം കാണിക്കുമെന്നായിരുന്നു ഹരീഷിന്റെ പ്രതികരണം.
‘അതിക്രൂരവും ആസൂത്രിതവുമായി ഉത്രയെ കൊല ചെയ്ത സൂരജിനു് വധശിക്ഷ നല്‍കേണ്ടതായിരുന്നു ജീവപര്യന്തം സുഖവാസമാണ്,’ എന്നായിരുന്നു ചെറിയാന്‍ ഫിലിപ്പിന്റെ ഉത്രവധക്കേസ് വിധിയിലെ പ്രതികരണം.
ഇതിന് താഴെ കമന്റ് ചെയ്തായിരുന്നു ഹരീഷിന്റെ മറുപടി.
ഉത്ര കേസുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ ഹരീഷ് തന്റെ നിലപാട് വ്യക്തമാക്കിയിരുന്നു. കൊലയ്ക്ക് എല്ലായ്‌പ്പോഴും പരിഹാരം നിയമപരമായ കൊലയല്ലെന്നും കൊല്ലപ്പെട്ട ആളിന്റെ ബന്ധുക്കളുടെ വൈകാരിക തൃപ്തിയല്ല നിയമവ്യവസ്ഥയില്‍ ശിക്ഷയുടെ മാനദണ്ഡവും ഉദ്ദേശവുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഒക്ടോബര്‍ 13 നാണ് ഉത്ര വധക്കേസില്‍ കോടതി വിധി പറഞ്ഞത്.കേസില്‍ ഉത്രയുടെ ഭര്‍ത്താവ് സൂരജ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കൊല്ലം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി 17 വര്‍ഷം തടവിനുശേഷം ഇരട്ടജീവപര്യന്തമാണ് വിധിച്ചിരിക്കുന്നത്. അഞ്ചു ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്.
പ്രതിക്ക് വധശിക്ഷ വിധിക്കാതിരുന്നത് ക്രിമിനല്‍ പശ്ചാത്തലമില്ലാത്തതും പ്രായവും പരിഗണിച്ചാണെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കിയിരുന്നു.