| Thursday, 8th June 2023, 3:40 pm

'വിദ്യക്കൊപ്പം', ഇങ്ങനെയൊക്കെയാണ് ഈ സ്റ്റേറ്റ്, റിസ്‌ക് എടുക്കാന്‍ തയ്യാറുള്ള ആരും കള്ളരേഖകള്‍ ഉണ്ടാക്കും: ഹരീഷ് വാസുദേവന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കെ. വിദ്യ പ്രതിയായ മഹാരാജാസ് കോളജിന്റെ പേരില്‍ വ്യാജരേഖ ചമച്ച കേസില്‍ പ്രതികരണവുമായി ഹൈക്കോടതി അഭിഭാഷകന്‍ ഹരീഷ് വാസുദേവന്‍. അധികാര സ്ഥാനങ്ങളില്‍ അല്‍പ്പമെങ്കിലും ആക്‌സസുള്ളൊരാള്‍ ഒരു വ്യാജരേഖ ചമച്ചാല്‍ പിടിക്കപ്പെടാനുള്ള സാധ്യത വളരെ കുറവാണെന്നും പിടിക്കപ്പെട്ടാല്‍ തന്നെ കേസില്‍ ശിക്ഷിക്കപ്പെടാനുള്ള സാധ്യത കുറവാണെന്നും ഹരീഷ് വാസുദേവന്‍ പറഞ്ഞു.

രാജ്യത്തെ നിയമമനുസരിച്ച് ചതിക്കാനുള്ള ഉദ്ദേശത്തോടെയുള്ള വ്യാജരേഖാക്കുറ്റത്തിന് മാത്രമേ അതിനനുസരിച്ചുള്ള ശിക്ഷയൊള്ളുവെന്നും അല്ലെങ്കില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജയിലില്‍ ആയേനെ എന്നും ഹരീഷ് വാസുദേവന്‍ പറഞ്ഞു. ‘വിദ്യക്ക് ഒപ്പം’ എന്ന തലക്കെട്ടിലാണ് ഹരീഷ് വാസുദേവന്റെ കുറിപ്പ്.

‘വ്യാജരേഖ മാത്രമല്ല, കള്ള സര്‍ട്ടിഫിക്കറ്റുകള്‍ ഇഷ്യു ചെയ്യുന്ന എത്രയോ വില്ലേജ് ഓഫീസര്‍മാരുണ്ട്, എഞ്ചിനീയര്‍മാരുണ്ട്, പഞ്ചായത്ത് സെക്രട്ടറിമാരുണ്ട്, കള്ള സത്യവാങ്ങ്മൂലം കോടതിയില്‍ കൊടുക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുണ്ട്!

ആര്‍ക്ക് വേണ്ടിയാണോ ഇത്തരം കള്ളത്തരം ചെയ്യുന്നത് അവര്‍ അതിന്റെ മുഴുവന്‍ ഗുണഫലവും അനുഭവിച്ചു കഴിഞ്ഞാലും ഈ കള്ളത്തരം ചൂണ്ടിക്കാണിച്ചവന്റെ പരാതിയില്‍ അന്വേഷണവും കേസും കഴിയില്ല!,’ ഹരീഷ് വാസുദേവന്‍ പറഞ്ഞു.

കേവല രാഷ്ട്രീയ വിവാദങ്ങള്‍ക്ക് അപ്പുറം മാധ്യമങ്ങളോ പ്രതിപക്ഷം പോലുമോ വ്യാജരേഖ കേസുകളില്‍ പ്രതികള്‍ക്ക് ശിക്ഷ ഉറപ്പിക്കാനുള്ള സിസ്റ്റം കറക്ഷനുള്ള ഒന്നും ചെയ്യില്ലെന്നും ഹരീഷ് വാസുദേവന്‍ കുറ്റപ്പെടുത്തി.

ഹരീഷ് വാസുദേവന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

ഏതാണ്ട് പത്ത് വര്‍ഷമായി നിയമം പ്രാക്ടീസ് ചെയ്യുന്നുണ്ട്. ഒട്ടേറെ കേസുകള്‍ കാണുന്നും വാദിക്കുന്നും ഉണ്ട്. ഇതുവരെയുള്ള അനുഭവംവെച്ചു പറയട്ടെ, അധികാര സ്ഥാനങ്ങളില്‍ അല്‍പ്പമെങ്കിലും ആക്‌സസുള്ളൊരാള്‍ ഒരു വ്യാജരേഖ ചമച്ചാല്‍ പിടിക്കപ്പെടാനുള്ള സാധ്യത വളരെ കുറവാണ്. പിടിക്കപ്പെട്ടാല്‍ത്തന്നെ ശിക്ഷിക്കപ്പെടാനായുള്ള സാധ്യത അതിലേറെ കുറവാണ്.

വാര്‍ത്തയായേക്കാം, താല്‍ക്കാലികമായി നാണം കെട്ടേക്കാം, അപൂര്‍വമായി മാത്രമേ അത്തരക്കാര്‍ക്ക് വിചാരണ പോലും നേരിടേണ്ടി വരുന്നുള്ളൂ. മിക്കവാറും കേസുകള്‍ തള്ളിപ്പോകും, അല്ലെങ്കില്‍ രാജിയാകും. അനുഭവമാണ്. കക്ഷികളുടെ വിവരങ്ങള്‍ രഹസ്യമാക്കണം എന്ന പ്രൊഫഷണല്‍ എത്തിക്‌സുള്ളതുകൊണ്ട് വിശദാംശങ്ങള്‍ പറയുന്നില്ല.

വ്യാജരേഖ ചമക്കുന്നവരുടെ പിറകേപോയി വിചാരണ ഉറപ്പാക്കി അവര്‍ക്ക് ജയില്‍ ശിക്ഷ ഉറപ്പാക്കാനുള്ളത്ര ജാഗ്രതയും വ്യഗ്രതയുമുള്ള നിയമവ്യവസ്ഥയൊന്നും ഇന്ത്യയിലില്ല- കേരളത്തിലുമില്ല. ചുമ്മാ കുറേക്കാലം അവരെ നടത്തിക്കാം എന്നുമാത്രം. വ്യാജരേഖ മാത്രമല്ല, കള്ള സര്‍ട്ടിഫിക്കറ്റുകള്‍ ഇഷ്യു ചെയ്യുന്ന എത്രയോ വില്ലേജ് ഓഫീസര്‍മാരുണ്ട്, എഞ്ചിനീയര്‍മാരുണ്ട്, പഞ്ചായത്ത് സെക്രട്ടറിമാരുണ്ട്, കള്ള സത്യവാങ്ങ്മൂലം കോടതിയില്‍ കൊടുക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുണ്ട്!

ആര്‍ക്ക് വേണ്ടിയാണോ ഇത്തരം കള്ളത്തരം ചെയ്യുന്നത് അവര്‍ അതിന്റെ മുഴുവന്‍ ഗുണഫലവും അനുഭവിച്ചു കഴിഞ്ഞാലും ഈ കള്ളത്തരം ചൂണ്ടിക്കാണിച്ചവന്റെ പരാതിയില്‍ അന്വേഷണവും കേസും കഴിയില്ല!

രേഖകളില്‍ വിശ്വസിച്ചാണ് ഇവിടെ മനുഷ്യരുടെ ജീവിതങ്ങള്‍ തീരുമാനിക്കപ്പെടുന്നത്.. ഭരണം നടക്കുന്നത്.. വ്യാജരേഖ/ കള്ളരേഖ ഉണ്ടാക്കുക എന്നാല്‍ ഈ സിസ്റ്റത്തിന്റെ കടയ്ക്കല്‍ കത്തിവെക്കലാണ്. സിസ്റ്റം പൊളിക്കലാണ്. അതിനിരയായ വ്യക്തിയല്ല കേസും കൊണ്ട് നടക്കേണ്ടത് സര്‍ക്കാര്‍ തന്നെയാണ്. ആര് ഭരിച്ചാലും അതിനു മാറ്റമില്ല.

ചതിക്കാനുള്ള ഉദ്ദേശത്തോടെ വ്യാജരേഖ ചമച്ചാല്‍ ഐ.പി.സി 468 പ്രകാരം ഏഴ് വര്‍ഷം വരെയാണ് ശിക്ഷ. ചീറ്റിങ്ങിന് വേണ്ടിയാണെങ്കില്‍ മാത്രമേ വ്യാജരേഖാക്കുറ്റം പറ്റൂ. (അല്ലായിരുന്നെങ്കില്‍ ചിലപ്പോ മോദിജി പോലും ജയിലിലായേനെ !)

ഐ.പി.സി 420നോ, ക്രിമിനല്‍ ഇന്റന്‍ഷന്‍ ആദ്യമേ വേണം. കഴിഞ്ഞ 10 വര്‍ഷം കേരളത്തില്‍ എത്ര കേസുകള്‍ രജിസ്റ്റര്‍ ചെയ്തു എത്രയെണ്ണത്തില്‍ ശിക്ഷ വാങ്ങിക്കൊടുത്തു? സര്‍ക്കാരിന്റെ കൈവശം കണക്കുണ്ടോ? പുറത്തുവിടുമോ? കേവല രാഷ്ട്രീയ വിവാദങ്ങള്‍ക്ക് അപ്പുറം മാധ്യമങ്ങളോ പ്രതിപക്ഷം പോലുമോ വ്യാജരേഖ കേസുകളില്‍ പ്രതികള്‍ക്ക് ശിക്ഷ ഉറപ്പിക്കാനുള്ള സിസ്റ്റം കറക്ഷനുള്ള ഒന്നും ചെയ്യില്ല.

ഇങ്ങനെയൊക്കെയാണ് ഈ സ്റ്റേറ്റ്. റിസ്‌ക് എടുക്കാന്‍ തയ്യാറുള്ള ആരും കള്ളരേഖകള്‍ ഉണ്ടാക്കും. നേട്ടം കൊയ്യും. സര്‍വകലാശാലാ രേഖകള്‍ വിവരാവകാശ നിയമത്തില്‍ കൊടുക്കരുത് എന്നാണല്ലോ കേന്ദ്ര സര്‍ക്കാര് വാദം. പിടിക്കപ്പെട്ടാല്‍ ഊരാനുള്ള വഴി നോക്കും, കേസ് തേച്ചുമായ്ച്ചു കളയും. അതറിയാവുന്ന ‘വിദ്യ’മാര്‍ ഇനിയും വ്യാജരേഖ ചമയ്ക്കും, പത്തിലൊന്നു പിടിക്കപ്പെട്ടാലായി. ഇല്ലെങ്കില്‍ സുഖജീവിതം. റിസ്‌ക് എടുക്കാന്‍ തയ്യാറുള്ളവരേ, വരൂ വ്യാജരേഖ ചമച്ചുജീവിക്കൂ. പിടിക്കപ്പെടാതെ നോക്കൂ. ഇത് ഇന്ത്യയാണ്.

Content Highlight: hareesh vasudevan shreedevi reacts to the case of forgery in the name of education accused Maharajas College

We use cookies to give you the best possible experience. Learn more