| Sunday, 11th June 2023, 2:53 pm

'അന്തംകമ്മി'- 'മാപ്ര' നരേഷനില്‍ കാണേണ്ട വിഷയമല്ലിത്; അഖിലക്കെതിരെ എഫ്.ഐ.ആറിടാന്‍ ഇവിടെ പൊലീസിന് അധികാരമില്ല: ഹരീഷ് വാസുദേവന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: മഹാരാജാസ് കോളേജിലെ മാര്‍ക്ക് ലിസ്റ്റ് വിവാദം റിപ്പോര്‍ട്ട് ചെയ്ത ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ക്കെതിരെ കേസെടുത്തത് അധികാര ദുര്‍വിനിയോഗമാണെന്ന് ഹൈക്കോടതി അഭിഭാഷകന്‍ ഹരീഷ് വാസുദേവന്‍. ‘അന്തംകമ്മി’കള്‍ ഒരുവശത്തും ‘മാപ്ര’കള്‍ മറുവശത്തുമായി കുറച്ചുകാലമായി നടക്കുന്ന കൊടുക്കല്‍ വാങ്ങലിന്റെ നരേറ്റീവില്‍ കൂട്ടിക്കെട്ടേണ്ട വിഷയമല്ല അഖില നന്ദകുമാറിനെതിരായ പൊലീസ് കേസെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലെഴുതി കുറിപ്പിലൂടെയായിരുന്നു ഹരീഷ് വാസുദേവന്റെ പ്രതികരണം.

ഒരാളുടെ മാനനഷ്ട പരാതിയോ അതിനുള്ള ഗൂഢാലോചനയോ എഫ്.ഐ.ആര്‍ ഇട്ടു അന്വേഷിക്കാന്‍ ഇന്ത്യന്‍ നിയമം പൊലീസിനെ ചുമതലപ്പെടുത്തിയിട്ടില്ലെന്നും അതിന് നിയമപരമായ പ്രശ്‌നമുണ്ടെന്നും ഹരീഷ് വാസുദേവന്‍ പറഞ്ഞു.

ഈ കേസില്‍ കോടതിയില്‍പ്പോയി മജിസ്ട്രേറ്റിന്റെ ഉത്തരവിനെ തുടര്‍ന്ന് മാത്രമേ അത് പൊലീസിന് എഫ്.ഐ.ആര്‍ ഇടാന്‍ പറ്റൂയെന്നും അദ്ദേഹം പറഞ്ഞു.
മാധ്യമദുരുപയോഗത്തിനുള്ള മറുപടി പൊലീസ് ദുരുപയോഗമല്ലെന്നും ആര്‍ഷോക്ക് നേരിട്ട മാധ്യമ അനീതിയെക്കാള്‍ എത്രയോ മടങ്ങു അനീതിയാണ് ഒരു പൊലീസ് സംവിധാനത്തെ ദുരുപയോഗം ചെയ്‌തെന്നും ഹരീഷ് വാസുദേവന്‍ കൂട്ടിച്ചേര്‍ത്തു.

ഹരീഷ് വാസുദേവന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

‘അന്തംകമ്മി’കള്‍ ഒരുവശത്തും ‘മാപ്ര’കള്‍ മറുവശത്തുമായി കുറച്ചുകാലമായി നടക്കുന്ന കൊടുക്കല്‍ വാങ്ങലിന്റെ നരേറ്റീവില്‍ കൂട്ടിക്കെട്ടേണ്ട വിഷയമല്ല അഖില നന്ദകുമാറിനെതിരായ പൊലീസ് കേസ്. അത് അധികാര ദുര്‍വിനിയോഗമാണ്. നിയമം പഠിച്ച സുഹൃത്തുക്കള്‍ വരെ ഓണ്‍ സൈഡഡായി കള്ളം പ്രചരിപ്പിക്കുന്നത് കണ്ടതുകൊണ്ടാണ് ഈ പോസ്റ്റ്.

ആര്‍ഷോക്ക് മാനനഷ്ടമുണ്ടാക്കാന്‍ കരുതിക്കൂട്ടി വ്യാജരേഖ ചമച്ചു സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചു എന്നാണ് പരാതി എന്ന് എഫ്.ഐ.ആറില്‍ പറയുന്നു. ആര്‍ഷോക്ക് മാനനഷ്ടം ഉണ്ടായിട്ടുള്ള രേഖ ഉണ്ടാക്കി അപ്‌ലോഡ് ചെയ്തത് എന്‍.ഐ.സിയാണ്. അതൊരു വ്യാജരേഖയല്ല, തെറ്റുപറ്റിയ ഔദ്യോഗികരേഖയാണ്. വ്യാജരേഖ നിര്‍മിക്കപ്പെട്ടിട്ടില്ല. ഉണ്ടെങ്കില്‍ എന്‍.ഐ.സി ഉള്‍പ്പെടെ റിസള്‍ട്ട് പ്രഖ്യാപിച്ചവര്‍ എല്ലാം പ്രതിയാവണം. അങ്ങനെയൊരു പരാതി എഫ്.ഐ.ആറിലില്ല.
ആ തെറ്റായ ഔദ്യോഗിക രേഖ എടുത്തുവെച്ചു ശരിയാണെന്നു സ്ഥാപിച്ചു രാഷ്ട്രീയമായി ദുരാരോപണം ഉന്നയിച്ചത് കെ.എസ്.യു, അതിനു ഗൂഢാലോചന നടന്നെങ്കില്‍ത്തന്നെ മാനനഷ്ടം ഉണ്ടാക്കാനാണ് ഗൂഢാലോചന നടന്നത്, വ്യാജരേഖ ഉണ്ടാക്കാനല്ല.

ഐ.പി.സി 120 ബി ഒരു സ്റ്റാന്റ് എലോണ്‍ പ്രൊവിഷനല്ല. മറ്റേതെങ്കിലും ഒഫന്‍സിന്റെ കൂടെയേ അത് നില്‍ക്കൂ. ഒരാളുടെ മാനനഷ്ട പരാതിയോ അതിനുള്ള ഗൂഢാലോചനയോ എഫ്.ഐ.ആര്‍ ഇട്ടു അന്വേഷിക്കാന്‍ ഇന്ത്യന്‍ നിയമം പൊലീസിനെ ചുമതലപ്പെടുത്തിയിട്ടില്ല. അതൊരു നോണ്‍ കൊഗ്‌നിസബിള്‍ ഒഫെന്‍സാണ്.

കോടതിയില്‍പ്പോയി മജിസ്ട്രേറ്റിന്റെ ഉത്തരവിനെ തുടര്‍ന്ന് മാത്രമേ അത് പൊലീസിന് എഫ്.ഐ.ഐര്‍ ഇടാന്‍ പറ്റൂ. ആണ്ടുകളോ മാസങ്ങളോ വേണ്ട നിയമപ്രക്രിയ അല്ല ഞാനീ പറയുന്നത്, ഒരാഴ്ച കൊണ്ട് നടക്കാവുന്ന ഒന്ന്. പക്ഷെ കോടതി തീരുമാനിക്കണം പ്രഥമദൃഷ്ട്യാ കേസുണ്ടെന്ന്. പൊലീസല്ല അത് തീരുമാനിക്കേണ്ടത്. പ്രാഥമിക തെളിവ് നല്‍കേണ്ടത് ആര്‍ഷോയാണ്.

ആര്‍ഷോയ്ക്ക് മാത്രമായി പൊലീസ് അധികാരം ദുരുപയോഗിച്ച് മാനനഷ്ടക്കേസില്‍ എഫ്.ഐ.ആര്‍ ഇടുന്നതെങ്ങനെ? അവിടെയാണ് അധികാര ദുര്‍വിനിയോഗം നടക്കുന്നത്. അതാണ് ഇതിലെ പ്രശ്‌നവും.

ഒരുപക്ഷെ ആര്‍ഷോക്ക് നേരിട്ട മാധ്യമ അനീതിയെക്കാള്‍ എത്രയോ മടങ്ങു അനീതിയാണ് ഒരു പൊലീസ് സംവിധാനത്തെ മുഴുവന്‍ ഡിഫമേഷന്‍ കേസിനു ദുരുപയോഗിച്ചിട്ടു കോടതിയില്‍പ്പോയി പ്രതി തെളിയിക്കട്ടെ എന്ന വായ്ത്താരി! അങ്ങനെയല്ലന്നേ ഇന്ത്യയില്‍ നിയമവ്യവസ്ഥ പ്രവര്‍ത്തിക്കുന്നത്.

ആയിരുന്നെങ്കില്‍ മോദിയും അമിത്ഷായും ആദിത്യനാഥും അദാനിയും മറ്റും ഒരൊറ്റ മാധ്യമങ്ങളെയും ഇതിനകം വെച്ചേക്കില്ലയിരുന്നു. നാളെ അധികാരമുള്ള ആരും ആര്‍ക്കും എതിരെ പൊലീസിനെ ദുരുപയോഗിക്കും. നിയമവ്യവസ്ഥ അത് അനുവദിക്കുന്നില്ല.

അഖിലയുടെ കേസിനാധാരമായ റിപ്പോര്‍ട്ടിങ് കണ്ടു, ലൈവില്‍ കെ.എസ്.യുക്കാരന്‍ ഉന്നയിക്കുന്ന ആരോപണം ആരോപണമാണ് എന്ന മട്ടില്‍ത്തന്നെയാണ് അഖില റിപ്പോര്‍ട്ട് ചെയ്യുന്നത്. അതില്‍ വ്യാജരേഖ ചമയ്ക്കാന്‍ എന്ത് ഗൂഢാലോചന നടന്നെന്നാണ് ആര്‍ഷോയ്ക്ക് പരാതി ഉള്ളത്? ഏതാണാ വ്യാജരേഖ? എന്ത് അധികാരം വെച്ചാണ് പൊലീസ് കേസെടുക്കുന്നത്? ആഭ്യന്തര വകുപ്പ് മറുപടി പറയണം, പോലീസ് തെറ്റു തിരുത്തണം. അഖിലയോട് കോടതിയില്‍ പോകാന്‍ പറയലല്ല മറുപടി.

ജേണലിസ്റ്റിക് പ്രിവിലേജേയല്ല ഇവിടുള്ള പോയന്റ്. ഇപ്പോഴിത് അഖിലയുടെ പ്രശ്‌നമല്ല. ഓരോ പൗരനുമെതിരെ ഓരോ മാധ്യമങ്ങളും കള്ളവാര്‍ത്ത നല്‍കുമ്പോള്‍ അത് മുഴുവന്‍ സമൂഹത്തിനും എതിരായ കുറ്റകൃത്യമാകുന്നു എന്ന് സ്വര്‍ണക്കടത്ത് വാര്‍ത്താക്കാലത്ത് ഞാന്‍ പറഞ്ഞതുപോലെ ഇവിടെ പൊലീസിന്റെ അധികാരം ദുര്വിനിയോഗിക്കുന്ന ഓരോ കേസും സമൂഹത്തിനു പൊതുവില്‍ എതിരായ കുറ്റമാണ്.
നീതിബോധമുള്ള പൗരസമൂഹത്തിനു ഇത് അനുവദിക്കാന്‍ പറ്റില്ല.

മാധ്യമദുരുപയോഗത്തിനുള്ള മറുപടി പൊലീസ് ദുരുപയോഗമല്ല. തെറ്റായ മാധ്യമ സംസ്‌കാരം വഴി മാനനഷ്ടം ഉണ്ടാകുന്ന ഇരകള്‍ക്കൊപ്പം(ആര്‍ഷോ അടക്കമുള്ള) നിലപാട് എടുക്കേണ്ടതുണ്ട്. അത്തരം മാധ്യമങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കേണ്ടതുണ്ട്. അതിനര്‍ത്ഥം പൊലീസിനെ ദുരുപയോഗിച്ച് കള്ളക്കേസ് എടുപ്പിക്കുന്നതിനെ ന്യായീകരിക്കുക എന്നല്ല. തോന്നിയവാസമാണത്. അനുവദിക്കരുത്.

Content Highlight: Hareesh Vasudevan says Police have no authority here to lodge an FIR against asianet news reporter

We use cookies to give you the best possible experience. Learn more