| Friday, 23rd December 2022, 12:04 pm

'ഏകപക്ഷീയമായ തലക്കെട്ടുകള്‍'; മനോരമ വായിക്കുന്ന ഏത് മലയോര കര്‍ഷകനും ബഫര്‍സോണില്‍ ഇതുവരെയില്ലാത്ത ആശങ്കയുണ്ടാകും: ഹരീഷ് വാസുദേവന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മലയാള മനോരമ പത്രം വായിക്കുന്നയാള്‍ക്ക് ബഫര്‍സോണ്‍ വിഷയത്തില്‍ ഇതുവരെയില്ലാത്ത ആശങ്കയുണ്ടാകുമെന്നും ആ രീതിയില്‍ ഏകപക്ഷീയമായാണ് പത്രം വാര്‍ത്തകള്‍ നല്‍കുന്നതെന്നും ഹൈക്കോടതി അഭിഭാഷകന്‍ ഹരീഷ് വാസുദേവന്‍.

ഇക്കോളജിക്കല്‍ സെന്‍സിറ്റീവ് സോണ്‍ എന്നാല്‍ എന്താണെന്നും അതിനു നിലവിലുള്ള വനം നിയമങ്ങളുമായി യാതൊരു ബന്ധവും ഇല്ലെന്നും മനോരമക്ക് അറിയാഞ്ഞിട്ടല്ലെന്നും അദ്ദേഹം ആരോപിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘മലയാള മനോരമയുടെ കഴിഞ്ഞ കുറച്ചുദിവസത്തെ ഒന്നാംപേജ് ആര്‍ക്കൈവ് ചെയ്തിട്ടുണ്ട്, അതിന്റെ ഇംഗ്ലീഷ് ട്രാന്‍സ്ലേഷനും ഉണ്ടാക്കിയിട്ടുണ്ട്. ബഫര്‍സോണ്‍ എന്ന പേരില്‍ സ്‌തോഭജനകമായ, ഏകപക്ഷീയമായ തലക്കെട്ടുകള്‍ സൃഷ്ടിച്ച്, ആശങ്കയുണ്ട് എന്ന് പറഞ്ഞു വലിയ ആശങ്കയും അങ്കലാപ്പും ഉണ്ടാക്കുകയാണ് മനോരമ. ഈ പത്രം വായിക്കുന്ന ഏത് മലയോര കര്‍ഷകനും ആശങ്ക ഇല്ലെങ്കിലും ഉണ്ടായിപ്പോവും സ്വാഭാവികം.

ഇക്കോളജിക്കല്‍ സെന്‍സിറ്റീവ് സോണ്‍ എന്നാല്‍ എന്താണെന്നും അതിനു നിലവിലുള്ള വനം നിയമങ്ങളുമായി യാതൊരു ബന്ധവും ഇല്ലെന്നും മനോരമയ്ക്ക് അറിയാഞ്ഞിട്ടല്ല. എരിയുന്ന തീയിലേക്ക് നെയ് ഒഴിച്ചാണ് ശീലം, ശരിയായ വിവരങ്ങള്‍ നല്‍കി കെടുത്തി അല്ല. പരിസ്ഥിതി സംരക്ഷണ നിയമത്തിനു കീഴില്‍ വനമേഖല ആണോ വനേതര ഭൂമികള്‍ ആണോ നിയന്ത്രിക്കപ്പെടുക? പ്രണബ്‌സെന്‍ കമ്മിറ്റി റിപ്പോര്‍ട്ട് മുതലിങ്ങോട്ട് 22 വര്‍ഷത്തെ ശ്രമങ്ങള്‍ എങ്ങനെയാണു തെറ്റായ വിവരങ്ങളിലൂടെ ഏകപക്ഷീയമായ സ്റ്റോറികളിലൂടെ അജണ്ട വെച്ച് ഒരു മീഡിയ പൊളിക്കുന്നത് എന്നതിന് ഇതിലും മികച്ച ഉദാഹരണം കിട്ടാന്‍ ബുദ്ധിമുട്ടാവും,’ ഹരീഷ് വാസുദേവന്‍ പറഞ്ഞു.

സുപ്രീം കോടതി വിധിയിലും ഗൈഡ്‌ലൈനിലും തെറ്റുകളുണ്ട്. അത് തിരുത്തണം. മനുഷ്യര്‍ താമസിക്കുന്ന മുഴുവന്‍ ഇടങ്ങളും ESZ ല്‍ നിന്ന് ഒഴിവാക്കിയിട്ടല്ല ആശങ്ക പരിഹരിക്കുക. തെറ്റുകള്‍ തിരുത്തി ആണ്. മനുഷ്യര്‍ക്ക് ബുദ്ധിമുട്ട് ഒഴിവാക്കിയാണ്. മറ്റെല്ലാ കാര്യത്തിലും ലോകം വളരുന്ന മാതൃകയില്‍ കേരളം വളരണം എന്ന് വാശി പിടിക്കുന്നവര്‍ നിയന്ത്രണങ്ങള്‍ എങ്ങനെയാണ് വികസിത സമൂഹങ്ങളില്‍ പ്രവര്‍ത്തിക്കുന്നത് എന്നതിന്റെ യാതൊരു വിവരങ്ങളും വായനക്കാരന് ലഭ്യമാക്കുന്നില്ലെന്നും ഹരൂഷ് വാസുദേവന്‍ പറഞ്ഞു.

‘ഇക്കാര്യത്തില്‍ യേശുവിന്റെ മൂല്യത്തേക്കാള്‍ യൂദാസിന്റെ 30 വെള്ളികാശാണല്ലോ ക്രിസ്തുമസ് കാലത്തും പലരെയും നയിക്കുന്നത്.
വാര്‍ത്തകളും മറ്റും ആര്‍ക്കൈവ് ചെയ്യുന്നത് 2032 ലേ ആവശ്യത്തിനാണ്.

പരിസ്ഥിതി സംരക്ഷണത്തില്‍ മാധ്യമങ്ങളുടെ പങ്ക്, ശരിയായ വിവരങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കേണ്ടതിന്റെ ആവശ്യകത, സ്റ്റോക്‌ഹോം കണ്‍വെന്‍ഷന്‍ മാനവരാശിയുടെ നിലനില്‍പ്പിന്, പശ്ചിമഘട്ട സംരക്ഷണത്തില്‍ മനോരമയുടെ പങ്ക് എന്നീ വിഷയങ്ങളെ ആസ്പദമാക്കി അന്താരാഷ്ട്ര സെമിനാറുകള്‍ കോണ്‍ക്ലേവുകള്‍ ഒക്കെ മനോരമ സംഘടിപ്പിക്കും. അന്ന് സെര്‍ച്ച് ചെയ്തു നോക്കുന്നവര്‍ക്ക് വായിക്കാനുള്ള ശരിയായ പരിസ്ഥിതി റിപ്പോര്‍ട്ടിങ്ങിന്റെ ചരിത്രം പബ്ലിക് ഡൊമൈനില്‍ രേഖപ്പെടുത്തി വെക്കാമല്ലോ,’ ഹരീഷ് വാസുദേവന്‍ കൂട്ടിച്ചേര്‍ത്തു.

Content Highlight: Hareesh Vasudevan says Any hill farmer who reads Manorama will have an unprecedented concern for the buffer zone 

We use cookies to give you the best possible experience. Learn more