തിരുവനന്തപുരം: ട്രിപ്പിള്‍ ലോക്ക്ഡൗണിനിടെ എ.കെ.ജി സെന്ററില്‍ തിങ്കളാഴ്ച നടന്ന കേക്ക് മുറിക്കലിനെ രൂക്ഷമായി വിമര്‍ശിച്ച് അഭിഭാഷകന്‍ ഹരീഷ് വാസുദേവന്‍. സാമ്പത്തികമായി തകര്‍ന്നിട്ടും ഇന്നാട്ടിലെ മനുഷ്യര്‍ വീട്ടിലിരിക്കുന്നത് നിയമത്തെ പേടിച്ചിട്ടാണെന്ന് സര്‍ക്കാര്‍ ധരിക്കരുതെന്നും നിയമം പാലിക്കുന്നത് സാമൂഹിക ഉത്തരവാദിത്തം എന്ന നിലയ്ക്ക് കൂടിയാണെന്നും ഹരീഷ് പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘ഭരണതലത്തില്‍ പോസ്റ്റുകള്‍ വഹിക്കുന്നവര്‍ക്ക് അവരുടെ ജോലി ചെയ്യുന്നതില്‍ ഇളവുണ്ട്, (അതിനുമാത്രം). ഒരു പോസ്റ്റും വഹിക്കാത്ത ആളുകളും ഈ ഫോട്ടോയിലുണ്ട്. അവര്‍ക്ക് ലോക്ക്ഡൗണില്‍ പ്രത്യേക ഇളവ് ഉണ്ടായിരുന്നോ? വീട്ടില്‍ നിന്നിറങ്ങാന്‍ പൊലീസ് പാസ് നല്‍കിയോ? എന്തായിരുന്നു പാസിലെ ആവശ്യം? 2 മീറ്റര്‍ അകലം പാലിച്ചിട്ടുണ്ടോ? ഇല്ലെങ്കില്‍ ഇവര്‍ക്കെതിരെ കേസെടുത്തോ?
കേസെടുത്തില്ലെങ്കില്‍ ഇതിന് എന്റെ അറിവില്‍ ഒരര്‍ത്ഥമേയുള്ളൂ. ഈ നാട്ടില്‍ രണ്ടുതരം പൗരന്മാര്‍ ഉണ്ടെന്നും അവര്‍ക്ക് രണ്ടുതരം നിയമം നിലനില്‍ക്കുന്നുണ്ടെന്നും’, ഹരീഷ് ഫേസ്ബുക്കിലെഴുതി.
മഴയത്തും വെയിലത്തും നിയമത്തില്‍ പറയാത്ത ജോലികള്‍ ഏറ്റെടുത്ത് ചെയ്യുന്ന സാധാരണ പൊലീസുകാരും, ആരോഗ്യ പ്രവര്‍ത്തകരും അവനവന്റെ ജോലിയില്‍ ഒരുവര്‍ഷമായി കാണിക്കുന്ന ആത്മാര്‍ത്ഥത വെറും ശമ്പളത്തോടുള്ള നന്ദിയല്ലെന്നും സാമൂഹികബോധമാണ് അവരെ നയിക്കുന്നതെന്നും ഹരീഷ് പറഞ്ഞു. അവരെയൊക്കെ നോക്കിയുള്ള കൊഞ്ഞനം കുത്തലാണ് ഈ ഫോട്ടോയില്‍ കാണുന്നതെന്നും ഹരീഷ് കൂട്ടിച്ചേര്‍ത്തു.
എ.കെ.ജി സെന്ററില്‍ തിങ്കളാഴ്ച നടന്ന ഇടതുമുന്നണി യോഗത്തില്‍ ഘടകകക്ഷി നേതാക്കള്‍ കേക്ക് മുറിച്ച് ആഘോഷം നടത്തിയിരുന്നു. എന്നാല്‍ ഇത് ജില്ലാ കളക്ടര്‍ പുറത്തിറക്കിയ ട്രിപ്പിള്‍ ലോക്ഡൗണ്‍ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളുടെ ലംഘനമാണെന്ന് വിമര്‍ശനമുയരുകയാണ്.
നേതാക്കളുടെ കൂട്ടം കൂടല്‍ അനാവശ്യമായി പുറത്തിറങ്ങരുതെന്ന നിര്‍ദ്ദേശങ്ങളുടെ ലംഘനമാണെന്ന് പരാതിയില്‍ പറയുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍, സി.പി.ഐ.എം നേതാവ് കോടിയേരി ബാലകൃഷ്ണന്‍, സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, മുതിര്‍ന്ന നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ മറ്റ് തുടങ്ങി എല്ലാ ഘടകകക്ഷി നേതാക്കളും ആഘോഷത്തില്‍ പങ്കെടുത്തിരുന്നു.
കൊവിഡ് തീവ്രവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരമടക്കം നാലു ജില്ലകളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണാണ്.
ഹരീഷ് വാസുദേവന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
ട്രിപ്പിള്‍ ലോക്ക്ഡൗണ് ഉത്തരവ് നിലവിലുള്ള തിരുവനന്തപുരം ജില്ലയില്‍ നടന്ന പരിപാടിയാണ് ഈ കേക്ക് മുറിക്കല്‍. ഇതിലെ ആളുകള്‍ നേരിട്ടുവന്നു ഇത്ര സമയത്തിനുള്ളില്‍ ചെയ്യണമെന്ന് ഭരണഘടനയില്‍ പറഞ്ഞ പരിപാടിക്കല്ല ഈ കൂട്ടം എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ.
ഭരണതലത്തില്‍ പോസ്റ്റുകള്‍ വഹിക്കുന്നവര്‍ക്ക് അവരുടെ ജോലി ചെയ്യുന്നതില്‍ ഇളവുണ്ട്, (അതിനുമാത്രം). ഒരു പോസ്റ്റും വഹിക്കാത്ത ആളുകളും ഈ ഫോട്ടോയിലുണ്ട്. അവര്‍ക്ക് ലോക്ക്ഡൗണില്‍ പ്രത്യേക ഇളവ് ഉണ്ടായിരുന്നോ? വീട്ടില്‍ നിന്നിറങ്ങാന്‍ പോലീസ് പാസ് നല്‍കിയോ? എന്തായിരുന്നു പാസിലെ ആവശ്യം? 2 മീറ്റര്‍ അകലം പാലിച്ചിട്ടുണ്ടോ? ഇല്ലെങ്കില്‍ ഇവര്‍ക്കെതിരെ കേസെടുത്തോ?
കേസെടുത്തില്ലെങ്കില്‍ ഇതിന് എന്റെയറിവില്‍ ഒരര്‍ത്ഥമേയുള്ളൂ. ഈ നാട്ടില്‍ രണ്ടുതരം പൗരന്മാര്‍ ഉണ്ടെന്നും അവര്‍ക്ക് രണ്ടുതരം നിയമം നിലനില്‍ക്കുന്നുണ്ടെന്നും.
അപ്പോഴാ സത്യപ്രതിജ്ഞയുടെ വാക്കുകളെന്താണ്? ‘ഭീതിയോ പക്ഷപാതിത്വമോ പ്രീതിയോ വിദ്വേഷമോ കൂടാതെ നീതി നടപ്പാക്കുമെന്ന്…
**********************************
സാമ്പത്തികമായി തകര്‍ന്നിട്ടും ഇന്നാട്ടിലെ മനുഷ്യര്‍ വീട്ടിലിരിക്കുന്നത് നിയമത്തെ പേടിച്ചിട്ടാണെന്നു സര്‍ക്കാര്‍ ധരിക്കരുത്. ദുരന്തനിവാരണ നിയമം ലംഘിച്ചാല്‍ പൊലീസിനോ കോടതിക്കോ നേരിട്ട് കേസെടുക്കാനാകില്ല എന്നറിയാവുന്നവരും, വാക്സിന്‍ എടുത്തവരും നിയമം പാലിക്കുന്നത് സാമൂഹിക ഉത്തരവാദിത്തം എന്ന നിലയ്ക്ക് കൂടിയാണ്. മഴയത്തും വെയിലത്തും നിയമത്തില്‍ പറയാത്ത ജോലികള്‍ ഏറ്റെടുത്ത് ചെയ്യുന്ന സാധാരണ പോലീസുകാരും, ആരോഗ്യ പ്രവര്‍ത്തകരും ഒക്കെ അവനവന്റെ ജോലിയില്‍ ഒരുവര്‍ഷമായി കാണിക്കുന്ന ആത്മാര്‍ത്ഥത വെറും ശമ്പളത്തോടുള്ള നന്ദിയല്ല. സാമൂഹികബോധമാണ് അവരെ നയിക്കുന്നത്. കടുത്ത മടുപ്പിനെ മറികടക്കുന്നതും ഇതേ സാമൂഹിക ബോധമുപയോഗിച്ചാണ്. എണ്ണയിട്ട യന്ത്രം പോലെ മനുഷ്യര്‍ പണിയെടുക്കുന്നത് ആ സോഷ്യല്‍ കമ്മിറ്റ്‌മെന്റിലാണ്.
അവരേയൊക്കെ നോക്കി കൊഞ്ഞനം കുത്തലല്ലേ ഈ ഫോട്ടോയില്‍ നാം കാണുന്നത്?
അവരുടെ മൊറൈല്‍ തകര്‍ന്നാല്‍, ‘ആര്‍ക്ക് വേണ്ടിയാണ് ഞാനിതൊക്കെ പാലിക്കുന്നത്’ എന്നു ജനത്തിന് തോന്നിയാല്‍, ഒരുവര്‍ഷം കൊണ്ട് കെട്ടിയുണ്ടാക്കിയത് ഒക്കെ തകരാന്‍ അധിക ദിവസം വേണ്ടിവരില്ല.
ഇതില്‍ തിരുവനന്തപുരം ജില്ലാ കളക്ടര്‍ പരാതി നല്‍കി കേസെടുക്കണം. ഇന്നാട്ടില്‍ രണ്ടുനിയമവും രണ്ടുതരം പൗരന്മാരും ഇല്ല. ഇപ്പറയുന്നത് എന്തെങ്കിലും ഔദാര്യത്തെപ്പറ്റി അല്ല. കടമയാണ്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: Hareesh Vasudevan Facebook Post