Kerala News
അന്വേഷണം കഴിയും മുമ്പ് ഊഹാപോഹം മാധ്യമങ്ങളോട് വിളിച്ചുപറയുന്നത് ഗുണംചെയ്യുന്നത് പ്രതികള്‍ക്ക്; പൊലീസിന്റെ മീഡിയ ബ്രീഫിങ് അവസാനിക്കണം: ഹരീഷ് വാസുദേവന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Oct 12, 08:59 am
Wednesday, 12th October 2022, 2:29 pm

കോഴിക്കോട്: പത്തനംതിട്ട ഇലന്തൂര്‍ ഇരട്ട നരബലി കേസുമായി ബന്ധപ്പെടുത്തിയുള്ള പൊലീസിന്റെ വെളിപ്പെടുത്തലിനെ വിമര്‍ശിച്ച് അഡ്വ. ഹരീഷ് വാസുദേവന്‍. അന്വേഷണം കഴിയും മുമ്പ് ഊഹാപോഹം മാധ്യമങ്ങളോട് വിളിച്ചുപറയുന്നത് ഗുണമാകുന്നത് പ്രതികള്‍ക്കാണെന്ന് അദ്ദേഹം പറഞ്ഞു. വിഷയവുമായി ബന്ധപ്പെട്ട് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ എച്ച്. നാഗരാജു നേതൃത്വത്തില്‍ വിളിച്ചു ചേര്‍ത്ത ദീര്‍ഘമായ വാര്‍ത്താസമ്മേളനത്തിന് ശേഷമായിരുന്നു ഹരീഷ് വാസുദേവന്റെ പ്രതികരണം.

പൊലീസിന്റെയീ മീഡിയ ബ്രീഫിങ് അവസാനിപ്പിക്കാനുമുള്ള നട്ടെല്ലില്ലെങ്കില്‍ പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന കേരളത്തിന്റെ പൊളിറ്റിക്കല്‍ ലീഡര്‍ഷിപ്പ് പ്രതികളെ സഹായിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

‘പ്രമാദമായ എല്ലാ കേസിന്റെയും വിചാരണയില്‍ പ്രതിഭാഗം ഉപയോഗിക്കുന്നത് അറസ്റ്റിന് ശേഷവും മുമ്പും പൊലീസ് മാധ്യമങ്ങള്‍ക്ക് നല്‍കുന്ന വിശദീകരണങ്ങളാണ്. അന്വേഷണം കഴിയുന്നതിനു മുമ്പ് കിട്ടുന്ന അറ്റവും മൂലയും കൂട്ടിമുട്ടാത്ത എല്ലാ ഊഹാപോഹവും വെച്ച് കഥയുണ്ടാക്കി അന്വേഷണ ഉദ്യോഗസ്ഥന്‍ മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ മോക് ട്രയല്‍ നടത്തും, ഷൈന്‍ ചെയ്യാന്‍. പ്രതിഭാഗം തെളിവെല്ലാം ശേഖരിക്കും. അന്വേഷണം പൂര്‍ത്തിയാക്കുമ്പോള്‍ ആദ്യം പറഞ്ഞ കഥ ഒക്കില്ല. അതാവില്ല കുറ്റപത്രത്തില്‍ പൊലീസിന്റെ വേര്‍ഷന്‍.

നിയമപരമായ വലിയ സാധുതയില്ലെങ്കിലും ഒറിജിനല്‍ ട്രയല്‍ വരുമ്പോള്‍ പൊലീസിന്റെ ഈ അന്വേഷണ സ്റ്റേജിലെ മീഡിയ ട്രെയല്‍ മുഴുവന്‍ പ്രതികള്‍ക്ക് അനുകൂലമായാണ് കണ്ടിട്ടുള്ളത്. അതായത്, സത്യമറിയാനെന്ന പേരില്‍ ഗര്‍ഭപാത്രത്തില്‍ക്കയറി കൊച്ചുണ്ടായോ എന്ന് നോക്കുന്ന മാധ്യമങ്ങളും അതിനു നിന്നുകൊടുക്കുന്ന പൊലീസും ചേര്‍ന്ന് തകര്‍ക്കുന്നത് നിയമപരമായി നടക്കേണ്ട ഇന്‍വെസ്റ്റിഗേഷനും ട്രെയലുമാണ്. പ്രതികള്‍ക്ക് അനുകൂലമാണ് അതെപ്പോഴും.

പ്രോസിക്യൂഷന് എതിരും. ഇത് മനസിലാക്കാനും പൊലീസിന്റെയീ മീഡിയ ബ്രീഫിങ് അവസാനിപ്പിക്കാനുമുള്ള നട്ടെല്ലില്ലെങ്കില്‍ പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന കേരളത്തിന്റെ പൊളിറ്റിക്കല്‍ ലീഡര്‍ഷിപ്പ് പ്രതികളെ സഹായിക്കുകയാണ്. പ്രോസിക്യൂഷനെ ദുര്‍ബലപ്പെടുത്തുകയാണ്,’ ഹരീഷ് വാസുദേവന്‍ പറഞ്ഞു.

അതേസമയം, ഇലന്തൂര്‍ ഇരട്ട നരബലി കേസിലെ പ്രതി മുഹമ്മദ് ഷാഫി സ്ഥിരം കുറ്റവാളിയാണെന്നും പത്ത് വര്‍ഷത്തിനിടെ 15 കേസുകളില്‍ ഷാഫി പ്രതിയായെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ എച്ച്. നാഗരാജു വ്യക്തമാക്കി.

ലൈംഗിക മനോവൈകൃതവും സാഡിസവുമുള്ളയാളാണ് ഷാഫി എന്നും കമ്മീഷണര്‍ പറഞ്ഞു. ഷാഫിയാണ് ഈ കുറ്റകൃത്യം ആസൂത്രണം ചെയ്തത്. സാമ്പത്തിക തട്ടിപ്പ് ലക്ഷ്യമിട്ടാണ് ഫേസ്ബുക്കില്‍ ഷാഫി വ്യാജ ഐ.ഡി ഉണ്ടാക്കിയതെന്നും പൊലീസ് പറഞ്ഞു.