|

വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയ്‌ക്കെതിരായ പരാമര്‍ശം; ഹരീഷ് വാസുദേവനെതിരെ കേസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയ്‌ക്കെതിരായ പരാമര്‍ശത്തില്‍ അഭിഭാഷകനായ ഹരീഷ് വാസുദേവനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം. പാലക്കാട് മണ്ണാര്‍ക്കാട് എസ്.സി-എസ്.ടി സ്‌പെഷ്യല്‍ കോടതിയാണ് കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയത്.

നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തലേദിവസം ഫേസ്ബുക്കില്‍ അപകീര്‍ത്തികരമായ പോസ്റ്റ് ഇട്ടുവെന്നാണ് പരാതി.

സ്ത്രീത്വത്തെ അപമാനിച്ചു, ലൈംഗിക ചുവയുള്ള പരാമര്‍ശം നടത്തി തുടങ്ങിയ ആരോപണങ്ങളാണ് പരാതിയിലുള്ളത്. എസ്.സി-എസ്.ടി ആക്ടിലെ വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുക്കണമെന്നാണ് ആവശ്യം.

പൊലീസില്‍ പരാതി നല്‍കിയിട്ടും നടപടി ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് കോടതിയെ സമീപിച്ചതെന്ന് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ വ്യക്തമാക്കി.

വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയ്‌ക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഹരീഷ് ഫേസ്ബുക്കില്‍ ഉന്നയിച്ചിരുന്നത്. വാളയാര്‍ സംഭവത്തില്‍ വേദനയുണ്ടെന്നും എന്നാല്‍ കേസിന്റെ നാള്‍വഴികള്‍ പരിശോധിക്കുമ്പോള്‍ അമ്മയുടെ ഭാഗത്തു നിന്നുണ്ടായ വീഴ്ചകള്‍ വ്യക്തമാണെന്ന് ഹരീഷ് വാസുദേവന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിരുന്നു.

ആദ്യ മകള്‍ തൂങ്ങി മരിച്ചപ്പോള്‍ മാതാപിതാക്കള്‍ക്ക് പരാതി ഉണ്ടായിരുന്നില്ല. ഒരിക്കല്‍ അച്ഛനും മറ്റൊരിക്കല്‍ ഒരു പ്രതിയും പെണ്‍കുട്ടിയെ പീഡിപ്പിക്കുന്നത് കണ്ടിട്ടും ആ അമ്മ മിണ്ടിയില്ലെന്ന് ഹരീഷ് ആരോപിച്ചു.

രാഷ്ട്രീയ വിഷയമാകുന്നതിനു മുമ്പുവരെ അവര്‍ക്ക് പരാതി ഉണ്ടായിരുന്നില്ല. എന്തിനാണ് അമ്മ പ്രതികളെ സഹായിക്കുന്ന നിലപാടെടുത്തത്.

പെണ്‍കുട്ടികളുടെ അമ്മയെപ്പറ്റിയുള്ള മൊഴികള്‍ വായിക്കുമ്പോള്‍ നമുക്കവരെ ചെന്ന് കൊല്ലാന്‍ തോന്നും. ഇതുപോലൊരമ്മ വേറൊരു കുട്ടികള്‍ക്കും ഉണ്ടാവരുതേയെന്ന് പ്രാര്‍ത്ഥിക്കുമെന്നും ഹരീഷ് പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Hareesh Vasudevan case Valayar Rape Case