| Wednesday, 31st July 2024, 1:30 pm

ദുരന്തകാരണങ്ങളെപ്പറ്റിയുള്ള ഊഹാപോഹങ്ങളെ കുറിച്ച് ഇപ്പോള്‍ മിണ്ടാതിരിക്കാം, അതിപ്പോ ഏത് ഗാഡ്ഗില്‍ ആയാലും: ഹരീഷ് വാസുദേവന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

വയനാട്: വയനാട്ടിലെ ഉരുള്‍പൊട്ടലിന്റെ ദുരന്തകാരണങ്ങളെപ്പറ്റിയുള്ള ഊഹാപോഹങ്ങള്‍ പ്രചരിക്കവേ വിഷയത്തില്‍ പ്രതികരണവുമായി പരിസ്ഥിതി പ്രവര്‍ത്തകനും അഭിഭാഷകനുമായ ഹരീഷ് വാസുദേവന്‍. ദുരന്തകാരണങ്ങളെപ്പറ്റിയുള്ള അവനവന്റെ തോന്നലുകളോ മുന്‍ പഠനങ്ങളോ പറയേണ്ട സമയമല്ലിപ്പോളെന്നും ഇത് നമുക്ക് പരിചയമുള്ളതരം ദുരന്തമല്ലെന്നും ഹരീഷ് വാസുദേവന്‍ ഫേസ്ബുക്കില്‍ എഴുതി.

ദുരന്തത്തിന്റെ ആഘാതം കുറയ്ക്കാന്‍ ശാസ്ത്രീയമായ വഴികളുണ്ടെന്നും അത് പറയാന്‍ ഇനിയും സമയമുണ്ടെന്നും ദയവായി ദുരന്തകാരണങ്ങളെപ്പറ്റിയുള്ള ഊഹാപോഹങ്ങളെ കുറിച്ച് ഇപ്പോള്‍ മിണ്ടാതിരിക്കാമെന്നും അതിപ്പോ ഏത് ഗാഡ്ഗില്‍ ആയാലും എന്നുമാണ് ഹരീഷ് വാസുദേവന്‍ ഫേസ്ബുക്കില്‍ എഴുതിയത്.

മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ 2013 ല്‍ പരിസ്ഥിതി ശാസ്ത്രജ്ഞന്‍ മാധവ് ഗാഡ്ഗില്‍ തന്റെ പഠന റിപ്പോര്‍ട്ടില്‍ ചൂണ്ടികാട്ടിയ ചില കാര്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു.

‘പശ്ചിമ ഘട്ടം ആകെ തകര്‍ക്കപ്പെട്ടിരിക്കുന്നു. ഇനിയും നടപടിയെടുത്തില്ലെങ്കില്‍ കേരളത്തെ കാത്തിരിക്കുന്നത് വന്‍ ദുരന്തമാണ്. അതിന് നിങ്ങള്‍ വിചാരിക്കും പോലെ യുഗങ്ങള്‍ ഒന്നും വേണ്ട, നാലോ അഞ്ചോ വര്‍ഷം മതി. അന്ന് ഞാനും നിങ്ങളും ജീവിച്ചിരിപ്പുണ്ടാകും. ആരാണ് കള്ളം പറയുന്നതെന്ന് നിങ്ങള്‍ക്ക് മനസ്സിലാകും.’ എന്ന ഗാഡ്ഗിലിന്റെ വാക്കുകള്‍ ആണ് ഇപ്പോള്‍ പ്രചരിക്കുന്നത്.

തന്നെ തള്ളി പറഞ്ഞവര്‍ സുരക്ഷിതരായി, സുഖമായി ജീവിക്കുന്നെന്നും തനിക്കെതിരെ തെരുവില്‍ ഇറക്കപ്പെട്ട പാവങ്ങള്‍ ഇന്ന് മണ്ണിനടിയിലും. ഇനിയെങ്കിലും എന്നെ വിശ്വസിക്കൂ…’ എന്ന് 2020 ലെ പെട്ടിമുടി ദുരന്തത്തിന് ശേഷം ഗാഡ്ഗില്‍ പറഞ്ഞ വാക്കുകളും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

ഗാഡ്ഗിലിനെ കേട്ടിരുന്നെങ്കില്‍ ഒരുപക്ഷെ ഇത്തരമൊരു ദുരന്തത്തെ അഭിമുഖീകരിക്കേണ്ടി വരില്ലായിരുന്നുവെന്ന് പലരും അഭിപ്രായപ്പെട്ടിരുന്നു. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് വിഷയത്തില്‍ നിലപാട് വ്യക്തമാക്കി ഹരീഷ് വാസുദേവന്‍ രംഗത്തെത്തിയത്.

‘ദുരന്തകാരണങ്ങളെപ്പറ്റിയുള്ള അവനവന്റെ തോന്നലുകളോ മുന്‍ പഠനങ്ങളോ പറയേണ്ട സമയമല്ലിപ്പോള്‍. 2013 മുതല്‍ മണ്ണിടിച്ചിലുകളെപ്പറ്റിയുള്ള പഠനങ്ങള്‍ വെച്ച് എത്രയോ കേസുകള്‍ നടത്തി വിജയിച്ച ആളാണ് ഞാന്‍.

ഇപ്പോള്‍ അത് സംസാരിച്ചാല്‍ അതിനൊരുപാട് മൈലേജ് കിട്ടുമെങ്കിലും മിണ്ടാതിരിക്കുക എന്നതാണ് ഈ സമയത്തെ മര്യാദ. ഇത് നമുക്ക് പരിചയമുള്ളതരം ദുരന്തമല്ല.

3 മാസം കൊണ്ട് പെയ്യേണ്ട മഴ ഒരൊറ്റ രാത്രി ഒരുമിച്ചു ഒരിടത്ത്, മണ്ണിടിച്ചില്‍ സാധ്യതാ മേഖലയില്‍ പെയ്താല്‍ ഈ ദുരന്തമുണ്ടാകും, നാളെയുമുണ്ടാകാം.

ദുരന്തലഘൂകരണത്തിന് ഒരു ഒറ്റമൂലിയുമില്ല. ആഘാതം കുറയ്ക്കാന്‍ ശാസ്ത്രീയമായ വഴികളുണ്ട്. അത് പറയാന്‍ ഇനിയും സമയമുണ്ട്. ദയവായി ദുരന്തകാരണങ്ങളെപ്പറ്റിയുള്ള ഊഹാപോഹങ്ങള്‍ ഇപ്പോള്‍ മിണ്ടാതിരിക്കാം. അതിപ്പോ ഏത് ഗാഡ്ഗില്‍ ആയാലും.

ആദ്യം മൃതദേഹങ്ങള്‍ എല്ലാം കണ്ടെടുക്കട്ടെ, സംസ്‌കരിക്കട്ടെ. ഒറ്റപ്പെട്ടവര്‍ സുരക്ഷിതമായ സ്ഥലങ്ങളില്‍ എത്തട്ടെ. എല്ലാവര്‍ക്കും ഭക്ഷണവും വസ്ത്രവും താത്ക്കാലിക പാര്‍പ്പിടവും കിട്ടട്ടെ.

ദുരന്തഭൂമി ഒന്നടങ്ങട്ടെ. രക്ഷാപ്രവര്‍ത്തനം കഴിഞ്ഞു നമുക്ക് ഇതിന്റെ കാരണങ്ങള്‍ ചര്‍ച്ച ചെയ്തു തുടങ്ങാം. അതുവരെ ബ്ലേം ഗെയിം ഇല്ലാതെ മിണ്ടാതിരിക്കുന്നതാണ് മിനിമം മര്യാദ.

നുണകളും അര്‍ധ സത്യങ്ങളും ശാസ്ത്രീയമെന്ന മട്ടില്‍ അവതരിപ്പിച്ച് നിരവധി പോസ്റ്റുകള്‍ കണ്ടു, അതുകൊണ്ട് പറഞ്ഞതാണ്. ഊഹാപോഹങ്ങള്‍ തടയാന്‍ ഷെയര്‍ ചെയ്യുന്നവരും വിചാരിക്കണം,’ ഹരീഷ് വാസുദേവന്‍ പറഞ്ഞു.

മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടലില്‍ മരണസംഖ്യ ഉയരുകയാണ്. ഇതുവരെയുള്ള കണക്കുകള്‍ അനുസരിച്ച് 171 പേരാണ് മരിച്ചത്. 89 പേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. നിലവില്‍ 191 ആളുകള്‍ മേപ്പാടിയിലെ സ്വകാര്യ-സര്‍ക്കാര്‍ ആശുപത്രികളിലും മറ്റുമായി ചികിത്സയിലാണ്.

ഔദ്യോഗിക കണക്കുകള്‍ പ്രകാരം 82 പേരെ കാണാതായിട്ടുണ്ട്. മുണ്ടക്കൈയില്‍ ഇന്ന് (ബുധനാഴ്ച) രാവിലെ മുതല്‍ ആരംഭിച്ച രക്ഷാപ്രവര്‍ത്തനത്തില്‍ 10 മൃതദേഹങ്ങള്‍ കണ്ടെടുത്തു. ചാലിയാര്‍ പുഴയില്‍ നിന്നും 10 മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. കാണാതായവരുടെ കണക്കുകള്‍ ഇപ്പോഴും വ്യക്തമല്ല. തിരിച്ചറിയാന്‍ കഴിയാത്ത മൃതദേഹങ്ങളുടെ എണ്ണം വര്‍ധിക്കുകയാണ്.

മേപ്പാടിയിലെ ഉരുള്‍പൊട്ടലില്‍ നാളെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സര്‍വകക്ഷിയോഗം ചേരും. വയനാട് വെച്ചാണ് സര്‍വകക്ഷിയോഗം ചേരുക. മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ രാവിലെ വയനാട് എത്തുമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ധനസഹായവുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ പിന്നീടുള്ള യോഗങ്ങളില്‍ എടുക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Content Highlight: Hareesh Vasudevan about Madhav Gadgil Report and Wayanad Landslide

We use cookies to give you the best possible experience. Learn more