| Saturday, 9th November 2019, 4:19 pm

'ഇതുപോലെ തന്ത (തള്ളയും) ഇല്ലാത്തൊരു വിധി സുപ്രീംകോടതിയുടെ ചരിത്രത്തിലുണ്ടോ?'; അയോധ്യ വിധിയില്‍ ഹരീഷ് വാസുദേവന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബാബ്‌റി മസ്ജിദ് കേസ് നിലനിന്നിരുന്ന ഭൂമിയെ ചൊല്ലിയുള്ള തര്‍ക്കകേസിലെ വിധിയില്‍ പ്രതികരിച്ച് അഭിഭാഷകന്‍ ഹരീഷ് വാസുദേവന്‍. ഇതുപോലെ തന്ത (തള്ളയും) ഇല്ലാത്തൊരു വിധി സുപ്രീംകോടതിയുടെ ചരിത്രത്തിലുണ്ടോ?.(പച്ച മലയാളമാണ്, അശ്ലീലമോ നിലവാരക്കുറവോ ആല്ല. ആര്‍ക്ക് പിറന്ന വിധിയാണിത്?) എന്നാണ് ഹരീഷിന്റെ പ്രതികരണം.

സാധാരണ ഒരു ബെഞ്ച് പുറപ്പെടുവിക്കുന്ന വിധിന്യായത്തില്‍ അതു തയ്യാറാക്കിയ ജഡ്ജിയെക്കുറിച്ചു വ്യക്തമാക്കാറുണ്ട്. എന്നാല്‍ അയോധ്യാ വിധിയില്‍ അതുണ്ടായിട്ടില്ല. ഇതിലാണ് ഹരീഷ് പ്രതികരിച്ചത്. ഇക്കാര്യം വിശദീകരിച്ച് ഹരീഷ് ഫേസ്ബുക്കില്‍ മറ്റൊരു പോസ്റ്റിട്ടുണ്ട്.

‘ഏതു വിധിയും എഴുതിയയാള്‍ ഓണ്‍ അപ്പ ചെയ്യും. യോജിക്കുന്നവര്‍ ഒപ്പിടും. വിയോജിക്കുന്നവര്‍ അതു രേഖപ്പെടുത്തി ഒപ്പിടും. അയോധ്യാ വിധിയില്‍ അതുണ്ടായിട്ടില്ല. അതിനുള്ള കാരണവും വ്യക്തമാക്കിയിട്ടില്ല. അഞ്ചുപേരും ഒപ്പിട്ട വിധി അതിലാരുടെ സൃഷ്ടിയാണ്?

അതു മനസിലാകാത്ത ആളുകള്‍ പൊങ്കാലയായി ഉപയോഗിച്ചിരുന്ന ആ പോസ്റ്റില്‍ കമന്റ് ചെയ്തിട്ട് കാര്യമില്ല. ഞാനത് വായിക്കാന്‍ ഉദ്ദേശിക്കുന്നില്ല. വിധിയെപ്പറ്റി മെറിറ്റില്‍ പ്രതികരണം വായന പൂര്‍ത്തിയാക്കിയ ശേഷം മാത്രം.’- ഹരീഷ് പറഞ്ഞു.

തര്‍ക്കഭൂമി ഉപാധികളോടെ ഹിന്ദുക്കള്‍ക്ക് വിട്ടു നല്‍കണം. മുസ്ലീങ്ങള്‍ക്ക് ആരാധനയ്ക്ക് പകരം ഭൂമി നല്‍കുമെന്നുമാണ് കോടതി വിധി.

കേന്ദ്രസര്‍ക്കാരോ സംസ്ഥാന സര്‍ക്കാരോ സുന്നി വഖഫ് ബോര്‍ഡിന് അഞ്ച് ഏക്കര്‍ ഭൂമി നല്‍കും. അത് ഉചിതമായ സ്ഥലത്ത് നല്‍കും.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

എല്ലാവരുടേയും വിശ്വാസവും ആരാധനയും അംഗീകരിക്കണമെന്നും കോടതിക്ക് തുല്യത കാണിക്കേണ്ടതുണ്ടെന്നും വിധിന്യായത്തിനിടെ ബെഞ്ച് വ്യക്തമാക്കി.

അയോധ്യയില്‍ രാമന്‍ ജനിച്ചു എന്ന ഹിന്ദുക്കളുടെ വിശ്വാസത്തില്‍ യാതൊരു തര്‍ക്കവുമില്ലെന്നും തര്‍ക്കഭൂമി ആരുടേതെന്ന് തീരുമാനിക്കുന്നത് നിയമപരമായ വശങ്ങള്‍ കണക്കിലെടുത്തായിരിക്കുമെന്നും ദൈവശാസ്ത്രമല്ല ചരിത്ര വസ്തുതകളാണ് അടിസ്ഥാനമെന്നും കോടതി പറഞ്ഞു.

തര്‍ക്കഭൂമിയുമായി ബന്ധപ്പെട്ട് പുരാവസ്തു വകുപ്പിന്റെ രേഖകള്‍ തള്ളിക്കളയാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. തുറസ്സായ സ്ഥലത്തല്ല ബാബറി മസ്ജിദ് നിര്‍മ്മിച്ചത്. ബാബ്റി മസ്ജിദ് നിര്‍മിച്ചത് മറ്റൊരു നിര്‍മിതിക്ക് മുകളിലാണെന്നും എന്നാല്‍ ക്ഷേത്രം പൊളിച്ചാണ് പള്ളി പണിതതെന്ന് കണ്ടെത്താനായിട്ടില്ലെന്നും കോടതി പറഞ്ഞു.

അയോധ്യയിലാണ് രാമന്‍ ജനിച്ചതെന്ന ഹിന്ദു വിശ്വാസം തള്ളിക്കളയാനാവില്ല. എന്നാല്‍ രാമജന്മഭൂമിക്ക് നിയമപരമായ അസ്തിത്വമില്ലെന്നും അതേസമയം ദൈവ സങ്കല്‍പ്പത്തിന് നിയമപരമായ അസ്തിത്വമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

കോടതിക്ക് സന്തുലിതാവസ്ഥ കാണിക്കേണ്ടതുണ്ടെന്നും ഭൂമിയുടെ ഉടമസ്ഥാവകാശം തീരുമാനിക്കുക നിയമവഴിയിലൂടെയായിരിക്കുമെന്നും കോടതി വിധിന്യായത്തിനിടെ പറഞ്ഞു.

വിശ്വാസവും ആചാരവും നോക്കി അവകാശം തീരുമാനിക്കാന്‍ ആവില്ല. വിശ്വാസയ്ക്കും രാഷ്ട്രീയത്തിനും മുകളിലാണ് നിയമവ്യവസ്ഥ. മതേതരത്വമാണ് ഭരണഘടനയുടെ ആണിക്കല്ല്. എല്ലാ വിശ്വാസങ്ങളും തുല്മയാണ്.

മുസ്ലീം വിശ്വാസികള്‍ എക്കാലത്തും ആരാധന നടത്തിയിരുന്നു. മുസ്ലീം വിശ്വാസികള്‍ ഒരു കാലത്തും പള്ളി ഉപേക്ഷിച്ച് പോയിട്ടില്ല. വിശ്വാസം നേര്‍വഴിക്കുള്ളതാണെങ്കില്‍ കോടതിക്ക് ഇടപെടാന്‍ ആവില്ല.

തര്‍ക്കമന്ദിരത്തിന്റെ ഉള്‍ഭാഗത്ത് മുസ്ലീങ്ങള്‍ ആരാധന നടത്തിയതിന് തെളിവുണ്ട്. അതേസമയം പുറത്ത് ഹിന്ദുക്കള്‍ ആരാധന നടത്തിയതിനും തെളിവുണ്ടെന്നും രഞ്ജന്‍ ഗൊഗോയ് പറഞ്ഞു.

അതിനിടെ ഉടമസ്ഥാവകാശം സംബന്ധിച്ച ഷിയാ വഖഫ് ബോര്‍ഡിന്റെ ഹരജി തള്ളി. സുന്നികള്‍ക്കല്ല ഷിയാക്കള്‍ക്കായിരുന്നു അവകാശ വാദമെന്നായിരുന്നു ഹരജി. 40 ദിവസം നീണ്ട വാദപ്രതിവാദങ്ങള്‍ക്കു ശേഷമാണ് അയോധ്യാക്കേസില്‍ ഇന്ന് വിധിപ്രഖ്യാപനം വന്നത്.

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ഭരണഘടനാബെഞ്ചാണ് വിധി പ്രഖ്യാപിച്ചത്.

അയോധ്യയിലെ 2.77 ഏക്കര്‍ വരുന്ന തര്‍ക്കഭൂമി മൂന്നായി വിഭജിക്കാനുള്ള അലഹാബാദ് ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ള ഹരജികളിലാണ് ഭരണഘടന ബെഞ്ച് വിധി പറഞ്ഞത്.

2010 സെപ്റ്റംബര്‍ 30ന് അയോധ്യയിലെ തര്‍ക്കഭൂമി നിര്‍മോഹി അഖാഡ, രാംലല്ല, സുന്നി വഖഫ് ബോര്‍ഡ് എന്നിവര്‍ക്ക് തുല്യമായി വീതിച്ച് നല്‍കാന്‍ അലഹബാദ് ഹൈക്കോടതി വിധിച്ചിരുന്നു. ഇതിനെതിരെ ഹിന്ദു സംഘടനകളും സുന്നി വഖഫ് ബോര്‍ഡ് ഉള്‍പ്പെടെയുള്ള മുസ് ലീം കക്ഷികളും സുപ്രീം കോടതിയില്‍ എത്തുകയായിരുന്നു.

കേസില്‍ ചീഫ് ജസ്റ്റിസ് രജ്ഞന്‍ ഗൊഗോയി അധ്യക്ഷനായ അഞ്ചംഗ ഭരണ ഘടന ബെഞ്ച് ഓഗസ്റ്റ് 7 മുതല്‍ ഒക്ടോബര്‍ 17 വരെ 40 പ്രവര്‍ത്തി ദിനങ്ങളില്‍ തുടര്‍ച്ചയായി വാദം കേട്ടിരുന്നു.

മധ്യസ്ഥശ്രമത്തിലൂടെ അയോധ്യ തര്‍ക്കം തീര്‍ക്കാന്‍ ആദ്യം ഭരണഘടന ബെഞ്ച് ശ്രമിച്ചു. അതിനായി റിട്ട. ജസ്റ്റിസ് ഖലീഫുള്ള അധ്യക്ഷനായ മൂന്നംഗം സമതിക്ക് രൂപം നല്‍കി. മധ്യസ്ഥ ശ്രമം പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി സുന്നി വഖഫ് ബോര്‍ഡ് ഒഴികെയുള്ള കക്ഷികള്‍ കോടതിയിലെത്തിയതോടെയാണ് കേസില്‍ വാദം കേള്‍ക്കാനുള്ള തീരുമാനം ചീഫ് ജസ്റ്റിസ് എടുത്തത്.

ചീഫ് ജസ്റ്റിസ് നവംബര്‍ 17-ന് വിരമിക്കുന്നതോടെയാണ് ഈയാഴ്ച വിധി പ്രഖ്യാപിക്കാന്‍ തീരുമാനിച്ചത്. വിധി പ്രഖ്യാപിക്കുന്നതിനു മുന്നോടിയായി ചീഫ് ജസ്റ്റിസ് ഉത്തര്‍പ്രദേശ് ചീഫ് സെക്രട്ടറിയുമായും ഡി.ജി.പിയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. വിധിയുടെ പശ്ചാത്തലത്തില്‍ ക്രമസമാധാന നില പരിശോധിക്കുന്നതിന്റെ ഭാഗമായായിരുന്നു കൂടിക്കാഴ്ച.

വിധിയുടെ പശ്ചാത്തലത്തില്‍ വന്‍ സുരക്ഷാ ക്രമീകരണങ്ങളാണ് രാജ്യത്ത് വിന്യസിച്ചത്.

ഉത്തര്‍പ്രദേശിലെ മുഴുവന്‍ ജില്ലകളിലേയും സ്ഥിതിഗതികള്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അവലോകനം ചെയ്തു. പ്രശ്നങ്ങള്‍ ഉണ്ടാവാതിരിക്കാനുള്ള നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

അയോധ്യയില്‍ ഡിസംബര്‍ 10 വരെ നിരോധനാജ്ഞ തുടരുമെന്നു നേരത്തേ വ്യക്തമാക്കിയിരുന്നു. ക്ഷേത്ര നിര്‍മ്മാണത്തിനായി വി.എച്ച്.പി 1990 മുതല്‍ തുടങ്ങി വെച്ച കല്‍പ്പണികള്‍ നിര്‍ത്തി വെച്ചിട്ടുണ്ട്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more