Entertainment
റാം ചരണും ജൂനിയർ എൻ.ടി.ആറുമെല്ലാം മലയാളത്തിലെ ആ യുവനടന്റെ സിനിമയ്ക്ക് കാത്തിരിക്കാറുണ്ട്: ഹരീഷ് ഉത്തമൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Sep 21, 09:35 am
Saturday, 21st September 2024, 3:05 pm

പ്രഭുവിന്റെ മക്കൾ എന്ന സിനിമയിലൂടെ കരിയർ തുടങ്ങിയ നടനാണ് ടൊവിനോ തോമസ്. പൃഥ്വിരാജ് ചിത്രങ്ങളായ സെവൻത്ത് ഡേ, എന്ന് നിന്റെ മൊയ്‌തീൻ എന്നീ സിനിമകളിലൂടെ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയ ടൊവിനോ, ഗപ്പി എന്ന ചിത്രത്തിലെ നായകവേഷത്തിലൂടെയാണ് മുൻനിര നായക നടനായി മാറുന്നത്.

ഇപ്പോൾ തിയേറ്ററിൽ തകർത്തോടികൊണ്ടിരിക്കുന്ന അജയന്റെ രണ്ടാം മോഷണം എന്ന ചിത്രത്തിലൂടെ ഒരു പാൻ ഇന്ത്യൻ താരമായി മാറിയിരിക്കുകയാണ് ടൊവിനോ. അജയൻ, കുഞ്ഞിക്കേളു, മണിയൻ എന്നീ മൂന്ന് കഥാപാത്രങ്ങളെയാണ് ടൊവിനോ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

അജയന്റെ രണ്ടാം മോഷണത്തിൽ ഒരു പ്രധാന കഥാപാത്രത്തെയാണ് നടൻ ഹരീഷ് ഉത്തമൻ അവതരിപ്പിക്കുന്നത്. വിവിധ ഭാഷകളിൽ വലിയ താരങ്ങളോടൊപ്പം അഭിനയിച്ചിട്ടുള്ള നടനാണ് ഹരീഷ്. ടൊവിനോയെ കുറിച്ചും അന്യാഭാഷ താരങ്ങൾ മലയാള സിനിമയെ കാണുന്നതിന് കുറിച്ചുമെല്ലാം സംസാരിക്കുകയാണ് ഹരീഷ്.

തെലുങ്ക് ഫിലിം ഇൻഡസ്ട്രിയിലെ  ജൂനിയർ എൻ.ടി.ആറും റാം ചരണുമെല്ലാം മലയാള സിനിമയെ ഒരുപാട് ശ്രദ്ധിക്കാറുണ്ടെന്നും ടൊവിനോ അഭിനയിക്കുന്ന ഒരു സിനിമയുണ്ടെന്നറിഞ്ഞാൽ അതൊന്ന് കാണണമെന്ന് അവർ തീരുമാനിക്കാറുണ്ടെന്നും ഹരീഷ് ഉത്തമൻ പറഞ്ഞു. സില്ലി മോങ്ക്സ് മോളിവുഡിനോട് സംസാരിക്കുകയായിരുന്നു ഹരീഷ് ഉത്തമൻ.

‘അവിടെയുള്ള എല്ലാവരും വലിയ സ്റ്റാറുകളാണ്. റാം ചാരണാണെങ്കിലും ജൂനിയർ എൻ.ടി.ആർ ആണെങ്കിലും എല്ലാവരും വലിയ സ്റ്റാറുകളാണ്. പക്ഷെ അവരൊക്കെ മലയാള സിനിമയെ ഇങ്ങനെ നോക്കി കൊണ്ടിരിക്കുകയാണ്. അടുത്ത ആഴ്ച ഒരു മലയാള സിനിമ ഇറങ്ങുന്നില്ലേയെന്ന് ഒരിക്കൽ ജൂനിയർ എൻ.ടി.ആർ എന്നോട് ചോദിച്ചിട്ടുണ്ട്.

ടൊവിനോ എന്ന നടൻ ചെയ്യുന്ന സിനിമകൾ വളരെ റെലെവെന്റാണെന്ന് അവർക്ക് നന്നായിട്ടറിയാം. അങ്ങനെയുള്ള സിനിമകൾ തന്നെയാണ് ടൊവിനോ ചെയ്യുന്നത്. ടൊവിനോ ഒരു സിനിമ ചെയ്യുന്നുണ്ട് എന്നറിഞ്ഞാൽ, എന്നാൽ അതൊന്ന് കാണണം എന്നുപറയുന്ന ഒരു മൈൻഡ് സെറ്റ് അവിടെയുണ്ട്. അവിടെ എല്ലാവരും ടൊവിനോയെ വാച്ച് ചെയ്യാറുണ്ട്. മലയാള സിനിമയെന്ന പറയുമ്പോൾ എല്ലാവരും ഇങ്ങനെ കാത്തിരിക്കുന്നുണ്ട് എന്നാണ് എനിക്ക് തോന്നുന്നത്,’ടൊവിനോ പറയുന്നു.

 

Content Highlight: Hareesh Uthaman About Tovino Thomas