| Saturday, 9th October 2021, 12:15 pm

ശാസ്ത്രീയ സംഗീതത്തെ പബ്ബുകളിലേക്ക് കയറ്റിയോ; മറുപടിയുമായി ഹരീഷ് ശിവരാമകൃഷ്ണന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിന്റെ പ്രിയപ്പെട്ട ഗായകനാണ് ഹരീഷ് ശിവരാമകൃഷ്ണന്‍. ഹരീഷ് പാടിയ കവര്‍ സോഗുകള്‍ക്ക് നിരവധി ആരാധകരാണ് ഉള്ളത്. അതേസമയം സംഗീതവുമായി ബന്ധപ്പെട്ട് പലതരത്തിലുള്ള വിമര്‍ശനങ്ങളും ഹരീഷിനെതിരെ ഉയരാറുണ്ട്.

ശാസ്ത്രീയ സംഗീതത്തെ പബ്ബുകളിലേക്ക് കയറ്റി അതിന്റെ ശുദ്ധി നഷ്ടപ്പെടുത്തി, അതിനെ വിവസ്ത്രമാക്കി കോലം കെട്ടിച്ചു എന്നിങ്ങനെയുള്ള വിമര്‍ശനങ്ങളാണ് ഉയരാറ്.

ഇത്തരം വിമര്‍ശനങ്ങളെ എങ്ങനെ കാണുന്നു എന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് ഹരീഷ് ശിവരാമകൃഷ്ണന്‍. കൈരളി ടിവിയിലെ ജെ.ബി ജങ്ഷന്‍ എന്ന പരിപാടിയില്‍ സംസാരിക്കവേയായിരുന്നു താന്‍ നേരിടുന്ന വിമര്‍ശനങ്ങള്‍ക്ക് ഹരീഷ് മറുപടി നല്‍കിയത്.

‘ഞാന്‍ കര്‍ണാടക സംഗീതം മാത്രം പഠിച്ച ഒരാളാണ്. വളരെ മഹാന്മാരായ ഗുരുക്കന്‍മാരാണ് എന്നെ കര്‍ണാടക സംഗീതം പഠിപ്പിച്ചത്. കര്‍ണാടക സംഗീതത്തിനെ അത്രയധികം സ്‌നേഹിച്ച് അത്രയധികം ബഹുമാനിച്ച്, ആ കലാരൂപം അര്‍ഹിക്കുന്ന ബഹുമാനം എങ്ങനെ കൊടുക്കണം എന്ന് അഞ്ച് വയസുതൊട്ട് എന്നെ പഠിപ്പിച്ചത് ഈ ഗുരുക്കന്‍മാരാണ്.

അങ്ങനെയുള്ള എനിക്ക് കര്‍ണാടക സംഗീതത്തിനെ തള്ളിപ്പറയാനോ അതിനെ വിവസ്ത്രമാക്കാനോ അതിനെ മനസുകൊണ്ട് പോലും തെറ്റായ ദിശയിലേക്ക് കൊണ്ടുപോകാനോ സാധിക്കില്ല.

അതിനേക്കാളുപരി എനിക്ക് പറയാനുള്ളത് ഈ കര്‍ണാടിക് മ്യൂസിക് എന്നത് ഇന്ന് പ്രാക്ടീസ് ചെയ്യുന്ന എല്ലാ മ്യുസിഷന്‍സിനേക്കാള്‍ എത്രയോ ഉയരത്തിലാണ്. ഈ ആര്‍ട്ടിന്റെ ചെറിയൊരു മിനിസ്‌ക്യൂള്‍ പ്രാക്ടീഷ്യനേഴ്‌സ് മാത്രമാണ് ഇന്ന് കര്‍ണാടിക് മ്യൂസിക് കേള്‍ക്കുന്നവരും പാടുന്നവരും.

ഈ ആര്‍ട്ട് വളരെ ഉയരത്തിലാണ്. നമ്മള്‍ പലപ്പോഴും ഈ ആര്‍ട്ടിനെ ഫോര്‍മാറ്റായി കണ്‍ഫ്യൂസ് ചെയ്യും. കര്‍ണാടിക് മ്യൂസിക് എന്നൊരു ആര്‍ട്ടുണ്ട്. ഇത് അവതരിപ്പിക്കുന്ന ഒരു ഫോര്‍മാറ്റുണ്ട്. ഇതുരണ്ടും രണ്ടാണ്. ഫോര്‍മാറ്റാണ് നമ്മള്‍ കണ്ടുശീലിക്കുന്നത്.

ഉദാഹരണം പറഞ്ഞാല്‍ ഒരു സിനിമയില്‍ ടൈ കെട്ടി പാന്റു ഷൂസും ബാഡ്ജും ഇട്ടുവരുന്ന ആളെ ഐ.ടി തൊഴിലാളിയായി കാണിക്കുന്നതുപോലെ തന്നെയാണ് ഇത്. ഓരോ ആര്‍ട്‌ഫോമും അനുഭവിക്കുന്ന പ്രശ്‌നവും ഇതാണ്. കര്‍ണാടിക് മ്യൂസിക് എന്ന് പറയുമ്പോഴേക്കും മുണ്ടും ചന്ദനക്കുറിയും കുര്‍ത്തയുമൊക്കെയിട്ട് ചമ്രം പടിഞ്ഞ് ഇരുന്ന് പാടുന്ന രീതിയാണ്.

ഈ ഫോര്‍മാറ്റിനോട് എനിക്ക് ബഹുമാനവും സ്‌നേഹവുമാണ്. എന്നാല്‍ ഈ ഫോര്‍മാറ്റ് മാത്രമാണ് കര്‍ണാടിക് മ്യൂസിക് എന്ന് പറയുന്നതിനോട് വിയോജിപ്പുണ്ട്. എന്റെ ഈയൊരു രൂപത്തില്‍ ഇതേ പാട്ട് ഞാനൊരു കോണ്‍സേര്‍ട്ട് ഹോളിലോ അല്ലെങ്കില്‍ ഒരു പബ്ബിലോ അല്ലെങ്കില്‍ എന്റെ തന്നെ ഓഫീസിന്റെ കാര്‍ പാര്‍ക്കിലോ ഞാന്‍ പാടുന്നത് ഒരേ ആത്മാര്‍ത്ഥതിയിലാണ്. ചുറ്റുമുള്ള ഫോര്‍മാറ്റിന്റെ എലിമെന്റ്‌സ് മാത്രമാണ് മാറുന്നത്. അല്ലാതെ കര്‍ണാടിക് മ്യൂസിക്കിനെ മാറ്റാനുള്ള, അല്ലെങ്കില്‍ അതിനെ മാറ്റി പ്രതിഷ്ഠിക്കാനോ റെവല്യൂഷനൈസ് ചെയ്യാനോ ഉള്ള ഒരു മ്യൂസിക്കല്‍ നോളജോ മെച്യൂരിറ്റിയോ ഒന്നും എനിക്കില്ല.

ആസ്വാദകരുള്ള എന്ത് ആര്‍ട്ട് ഫോമിനും നിലനില്‍പ്പുണ്ടാകും. ചെമ്പൈ സംഗീതോത്സവത്തിന് ഞാന്‍ പാടിയ കര്‍ണാടക സംഗീതത്തിന് ലക്ഷോപലക്ഷം ആരാധകരുണ്ട്. അതുപോലെ ഞാന്‍ എന്റെ ബാന്റിനൊപ്പം പാടുന്നത് കേള്‍ക്കാനും അഭിനന്ദിക്കാനും ആളുകളുള്ളിടത്തോളം കാലം ഒരു കലാകാരനെന്ന നിലയില്‍ എന്റെ അവകാശമാണ് അത് പാടുക എന്നത്. അത് എന്നില്‍ നിന്ന് എടുത്ത് മാറ്റുന്നത് തെറ്റല്ലേ,” എന്നായിരുന്നു ഹരീഷ് ശിവരാമകൃഷ്ണന്‍ നല്‍കിയ മറുപടി.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content highlight: Hareesh sivaramakrishnan About the Controversies

We use cookies to give you the best possible experience. Learn more