| Sunday, 3rd May 2020, 12:24 pm

'ഹരിമുരളീരവം പോലുള്ള പാട്ടുകള്‍ പാടാന്‍ എനിക്ക് കഴിയില്ല'; അത് കൊണ്ടാണ് പാടാത്തതെന്ന് ഹരീഷ് ശിവരാമകൃഷ്ണന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

വിമര്‍ശനങ്ങളെ വളരെ പോസീറ്റിവായി സ്വീകരിക്കുന്നുവെന്ന് ഗായകന്‍ ഹരീഷ് ശിവരാമകൃഷ്ണന്‍. വിമര്‍ശനങ്ങളില്‍ തന്നെ ക്രിയാത്മകമായവയെ സ്വീകരിക്കും അല്ലാത്തത് തിരസ്‌കരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഹരീഷ് ഇക്കാര്യം പറഞ്ഞത്.

തനിക്ക് ഇഷ്ടമുള്ള പാട്ടുകളാണ് സോഷ്യല്‍ മീഡിയയിലൂടെ പാടുന്നത്. ഫെയ്‌സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലുമൊക്കെയായി ലോക്ഡൗണ്‍ സമയത്ത് മിക്കദിവസവും ലൈവായി പാടാറുണ്ട്. മാതൃഭൂമിയ്ക്ക് വേണ്ടിയും ലൈവ് ചെയ്തിരുന്നു. തനിക്ക് ഏറെ ഇഷ്ടമുള്ള പാട്ടുകള്‍ മാത്രമാണ് പാടാന്‍ ശ്രമിക്കാറുള്ളത്. ജോണ്‍സണ്‍, ബാബുരാജ്, വിദ്യാസാഗര്‍, എ.ആര്‍ റഹ്മാന്‍ തുടങ്ങിയവരാണ് എന്റെ പ്രിയപ്പെട്ട സംഗീത സംവിധായകര്‍. അവരുടെ പാട്ടുകളാണ് കൂടുതലായി പാടാറ്. ഹരിമുരളീരവം പോലുള്ള രവീന്ദ്രന്‍ മാഷിന്റെ പാട്ടുകള്‍ പാടിക്കൂടെ എന്ന് പലരും ചോദിക്കാറുള്ളത്. അത്തരം പാട്ടുകള്‍ പാടാന്‍ തനിക്ക് കഴിയില്ല. അത് കൊണ്ടാണ് ശ്രമിക്കാത്തതെന്ന് ഹരീഷ് പറഞ്ഞു.

ഗൂഗിളിലാണ് ജോലി ചെയ്തിരുന്നത്. രണ്ട് വര്‍ഷം മുമ്പ് അതില്‍ നിന്ന് വിരമിച്ചു. ഇപ്പോള്‍ സ്വന്തമായി ഒരു സ്റ്റാര്‍ട്ടപ്പുണ്ട്. ജോലിയും സംഗീതവും ഒരു നാണയത്തിന്റെ ഇരുവശങ്ങളെന്ന പോലെ ഒരുമിച്ച് കൊണ്ടുപോകുന്നുവെന്നും ഹരീഷ് പറഞ്ഞു.

കൊവിഡിനെ പ്രതിരോധിക്കാന്‍ പ്രയത്‌നിക്കുന്ന ഏവര്‍ക്കും വേണ്ടി ലോക്ഡൗണ്‍ കാലത്ത് ഒരു ഗാനം ചിട്ടപ്പെടുത്തി പാടാന്‍ സാധിച്ചുവെന്നും ഹരീഷ് പറഞ്ഞു. കെ. ജയകുമാര്‍ ഐ.എ.എസിന്റെതാണ് വരികള്‍. ധന്യവാദം എന്നാണ് ആല്‍ബത്തിന്റെ പേരെന്നും ഹരീഷ് ശിവരാമകൃഷ്ണന്‍ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

We use cookies to give you the best possible experience. Learn more