'കൈതേരി സഹദേവന്‍ വിരിഞ്ഞ നെഞ്ചുമായാണ് നടക്കുന്നത്, പിണറായി വിജയന്‍ അങ്ങനെയല്ലല്ലോ'; കൈതേരി സഹദേവനായതിന് പിന്നിലെ കഥ തുറന്ന് പറഞ്ഞ് ഹരീഷ് പേരടി
Daily News
'കൈതേരി സഹദേവന്‍ വിരിഞ്ഞ നെഞ്ചുമായാണ് നടക്കുന്നത്, പിണറായി വിജയന്‍ അങ്ങനെയല്ലല്ലോ'; കൈതേരി സഹദേവനായതിന് പിന്നിലെ കഥ തുറന്ന് പറഞ്ഞ് ഹരീഷ് പേരടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 19th September 2017, 4:00 pm

കോഴിക്കോട്: മലയാളക്കര കടന്ന് തമിഴിലും തന്റെ സാന്നിധ്യം അറിയിച്ച് മുന്നേറുകയാണ് ഹരീഷ് പേരടി. വിക്രം വേദയിലെ ചേട്ടനായി ഹരീഷ് കയ്യടി നേടി. എന്നാലിന്നും തനി കോഴിക്കോട്ടുകാരന്‍ തന്നെയാണ് ഹരീഷ്.

ആറ് വര്‍ഷം മുമ്പ് മുരളീ ഗോപി-അരുണ്‍ കുമാര്‍ അരവിന്ദ് കൂട്ടുകെട്ടില്‍ പിറന്ന ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിലെ കൈതേരി സഹദേവനായിരുന്നു ഹരീഷിന്റെ കരിയറില്‍ നാഴികക്കല്ലായി മാറിയത്. ചിത്രത്തിലെ കൈതേരി സഹദേവനായിട്ടാണ് പലരും ഇന്നും ഹരീഷിനെ കാണുന്നത്. കൈതേരി സഹദേവനെ കുറിച്ച് ഹരീഷ് മനസു തുറക്കുകയാണ്.

കൈതേരി സഹദേവന്‍ പിണറായി വിജയനാണോ എന്ന പ്രേക്ഷകരുടെ ചോദ്യത്തെ കുറിച്ചായിരുന്നു ഹരീഷിന് പറയാനുണ്ടായിരുന്നത്.” സിനിമ ഇറങ്ങിയപ്പോള്‍ പലരും ചോദിച്ചു, പിണറായി വിജയനാണോ കൈതേരി സഹദേവന്‍ എന്ന്. കൈതേരി സഹദേവന്‍ വിരിഞ്ഞ നെഞ്ചുമായാണ് നടക്കുന്നത്. പിണറായി വിജയന്‍ അങ്ങനെയല്ലല്ലോ. കാര്‍ക്കശ്യമുണ്ടെങ്കില്‍ പോലും നടപ്പ് നെഞ്ച് വിരിച്ചിട്ടല്ല. എന്തായാലും അതോടെ എന്റെ ഭാഗ്യം തെളിഞ്ഞു.” ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ഹരീഷ് മനസു തുറന്നത്.


Also Read:  മതം മാറിയതിന്റെ പേരില്‍ സംഘപരിവാര്‍ കൊലപ്പെടുത്തിയ കൊടിഞ്ഞി ഫൈസലിന്റെ അച്ഛനും ഇസ്‌ലാം മതം സ്വീകരിച്ചു


വഴിത്തിരിവായി മാറിയ ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിലെ വേഷം തനിക്ക് കിട്ടിയതിന് പിന്നിലെ കഥ താരം പറയുന്നത് ഇങ്ങനെയാണ്.

” നിര്‍മ്മാതാവ് രഞ്ജിത്ത് ഒരു ദിവസം എന്നെ വിളിച്ചു. അടുത്ത പടത്തില്‍ ഹരീഷിന് നല്ലൊരു റോളുണ്ട്. വേഗം മുരളി ഗോപിയേയും അരുണ്‍കുമാറിനേയും പോയി കാണണം. അടുത്ത ദിവസം തന്നെ പോയി കണ്ടു. രണ്ട് കഥാപാത്രങ്ങളാണ് എനിക്കതില്‍. കൈതേരി ചാത്തുവും കൈതേരി സഹദേവനും.

ഇത് ചില്ലറക്കളിയല്ലെന്ന് ഉറപ്പായി. അങ്ങനെ കൈതേരി എന്ന സ്ഥലത്ത് പോയി. തിരിച്ചു വരുമ്പോള്‍ ഒരു പ്ലാസ്റ്റിക് കവറില്‍ കുറച്ച് മണ്ണ് വാരിയെടുത്തു. അത് തൊട്ട് തലയില്‍ വച്ചാണ് ലൊക്കേഷനില്‍ പോയത്.”