'എപ്പോഴെങ്കിലും നേരിട്ട് കാണുമ്പോള്‍ മോദിജിക്ക് ഉമ്മ തരാം'; കേരളത്തിന്റെ വേഗതയെ പരിഗണിച്ചതിന് നന്ദി: ഹരീഷ് പേരടി
Kerala News
'എപ്പോഴെങ്കിലും നേരിട്ട് കാണുമ്പോള്‍ മോദിജിക്ക് ഉമ്മ തരാം'; കേരളത്തിന്റെ വേഗതയെ പരിഗണിച്ചതിന് നന്ദി: ഹരീഷ് പേരടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 23rd April 2023, 11:23 pm

തിരുവനന്തപുരം: വന്ദേഭാരത് എക്‌സ്പ്രസിന്റെ ഉദ്ഘാടനം തിങ്കളാഴ്ച നടക്കാനിരിക്കെ വീണ്ടും ബി.ജെ.പി അനുകൂല പരമാര്‍ശവുമായി സിനിമാ താരം ഹരീഷ് പേരടി. വന്ദേഭാരത് ബുക്കിങ്ങിന് മികച്ച പ്രതികരണമാണ് കേരളത്തില്‍ നിന്ന് കിട്ടുന്നതെന്ന മാധ്യമ വാര്‍ത്തകള്‍ പങ്കുവെച്ച് കൊണ്ട് ഫേസ്ബുക്ക് പോസ്റ്റുമായാണ് നടന്‍ രംഗത്തെത്തിയത്.

ട്രെയിന്‍ ടിക്കറ്റുകള്‍ ചൂടപ്പം പോലെ വിറ്റ് പോയ സ്ഥിതിക്ക് കേരളത്തില്‍ മറ്റൊരു അപ്പത്തിന് പ്രസക്തിയില്ലെന്നാണ് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി എം.വി. ഗോവിന്ദന്‍ മാഷിന്റെ അപ്പം പരാമര്‍ശത്തെ കളിയാക്കിക്കൊണ്ട് നടന്‍ പറഞ്ഞത്. കേരളത്തിന് ട്രെയിന്‍ അനുവദിച്ച പ്രധാനമന്ത്രിയോട് നന്ദിയുണ്ടെന്നും എപ്പോഴെങ്കിലും നേരിട്ട് കാണുകയാണെങ്കില്‍ ഉമ്മ തരുമെന്നുമാണ് താരം പറഞ്ഞത്.

കെ-റെയിലിന്റെ പേരില്‍ ജനിക്കാനിരിക്കുന്ന കുട്ടികളെ പോലും കടത്തിലേക്ക് തള്ളി വിടാനാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും എന്നാല്‍ പരിമിതികള്‍ക്കുള്ളില്‍ നിന്നും കേരളത്തെ പരിഗണിക്കാന്‍ ശ്രദ്ധിച്ചവരാണ് ബി.ജെ.പിയെന്നും ഹരീഷ് പേരടി പറഞ്ഞു. കേരളത്തിന് വന്ദേഭാരത് അനുവദിച്ച മോദിക്ക് നിറയെ ഉമ്മകള്‍ എന്നും പറഞ്ഞാണ് പോസ്റ്റ് അവസാനിക്കുന്നത്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം.

‘ടിക്കറ്റുക്കള്‍ തന്നെ ചൂടപ്പമായി മാറിയ സ്ഥിതിക്ക് ഇനി മറ്റൊരു അപ്പത്തിന് പ്രസക്തിയില്ല…
കേരളത്തിലെ മനുഷ്യരുടെ തലയെണ്ണി ഒരു റെയിലിന്റെ പേരില്‍ ജനിക്കാരിക്കുന്ന കുട്ടികളെപോലും കോടികളുടെ കൊടും കടത്തിലേക്ക് തള്ളി വിടാതെ..ഒരു പാട് പരിമിതിക്കുള്ളില്‍ നിന്ന് ഞങ്ങളുടെ വേഗതയെ പരിഗണിച്ച പ്രിയപ്പെട്ട മോദിജീ…നിറയെ ഉമ്മകള്‍…എപ്പോഴെങ്കിലും നേരിട്ട് കാണുമ്പോള്‍ അനുവദിക്കുമെങ്കില്‍ ഉമ്മ തരാം…

ഞങ്ങള്‍ക്ക് ഇനിയും സ്പീഡ് വേണം. 25ന് വരുമ്പോള്‍ പുതിയ പദ്ധതികള്‍ പ്രഖ്യാപിക്കുന്നത് കേള്‍ക്കാനായി കേരളം കാത്തിരിക്കുന്നു…എത്ര കുരുക്കള്‍ പൊട്ടിയൊലിച്ചാലും നല്ലത് ആര് ചെയ്താലും നല്ലത് എന്ന് ഉറക്കെ പറയും…എന്റെ പേര്..ഹരീഷ് പേരടി

നേരത്തെ വന്ദേഭാരത് കേരളത്തിലെ ട്രാക്കുകളില്‍ 130 കിലോമീറ്റര്‍ വേഗതയാര്‍ജിച്ചാല്‍ താന്‍ ബി.ജെ.പിക്ക് വോട്ട് ചെയ്യുമെന്ന് പറഞ്ഞതിന്റെ പേരില്‍ വലിയ വിമര്‍ശനങ്ങളാണ് നടനെതിരെ ഉയര്‍ന്ന് വന്നത്. ഇതിന് പിന്നാലെയാണ് പുതിയ ഫേസ്ബുക്ക് പോസ്റ്റുമായി നടന്‍ രംഗത്തെത്തിയിരിക്കുന്നത്.

Content Highlight: hareesh perady facebook post on modi