| Friday, 21st July 2023, 10:11 pm

എട്ടുതവണ ഒരു നടൻ സംസ്ഥാന പുരസ്കാരം തലോടുന്നു; മമ്മൂക്കാ, നിങ്ങളെ അഭിനന്ദിക്കാൻ ഞാനാരുമല്ല: ഹരീഷ് പേരടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ മമ്മൂട്ടിയെ അഭിനന്ദിച്ചുകൊണ്ടുള്ള നടൻ ഹരീഷ് പേരടിയുടെ ഫേസ്ബുക് പോസ്റ്റ് ശ്രദ്ധ നേടുന്നു. മമ്മൂട്ടി എട്ടു തവണ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടി എന്ന് പറഞ്ഞാണ് പോസ്റ്റ് ആരംഭിക്കുന്നത്. കഥാപാത്രങ്ങൾക്കുവേണ്ടി മമ്മൂട്ടി നടത്തുന്ന സഹനവും സമരവുമാണ് അദ്ദേഹത്തിന് ലഭിച്ച വിജയമെന്നും മമ്മൂട്ടിയെ അഭിനന്ദിക്കാൻ താൻ ആരുമല്ലെന്നും ഹരീഷ് പോസ്റ്റിൽ കുറിച്ചു.

താൻ അഭിനന്ദിച്ചുകൊണ്ടിരിക്കുമ്പോഴും മമ്മൂട്ടി ഏതെങ്കിലും മികച്ച കഥാപാത്രത്തെ അവതരിപ്പിക്കാനുള്ള തിരക്കിലായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെന്നും ഹരീഷ് കുറിച്ചു.

ഹരീഷ് പേരടിയുടെ പോസ്റ്റിന്റെ പൂർണ രൂപം:

എട്ട് തവണ..എത്ര തവണ ?..എട്ട് തവണ…ഒരു നടൻ അയാളുടെ കയ്യിൽ സംസ്ഥാന പുരസ്കാരം തലോടുന്നു..കഥാപാത്രങ്ങൾക്കുവേണ്ടി ഈ മനുഷ്യൻ നടത്തുന്ന സഹനവും സമരവുമാണി വിജയം…

ലിജോയുടെ അസാമാന്യ പ്രതിഭയോട് അയാളിലെ നടൻ സമരസപ്പെടുമ്പോൾ..ജയിംസിൽ നിന്ന് സുന്ദരത്തിലേക്കും സുന്ദരത്തിൽ നിന്ന് വീണ്ടും ജയിംസിലേക്കും മാറാൻ അയാളുടെ ആയുധം പകർന്നാട്ടത്തിന്റെ ഒരു ഉറക്കം മാത്രമാണെന്നുള്ളത് കാഴച്ചക്കാരനെ കുറച്ച് ഉൾകിടിലത്തോടെ ഇപ്പോഴും വേട്ടയാടുന്നു..മമ്മൂക്കാ നിങ്ങളെ അഭിനന്ദിക്കാൻ ഞാൻ ആരുമല്ല…പകരം മമ്മൂക്കാ മമ്മൂക്കാ എന്ന് പലയാവർത്തി ഉറക്കെ വിളിച്ച് ഈ എഴുപത്തിരണ്ടാം വയസ്സിലും കത്തികൊണ്ടിരിക്കുന്ന അഭിനയത്തിന്റെ ചൂട് പറ്റാൻ ഇനിയും നിരന്തരമായി ശ്രമിച്ചുകൊണ്ടേയിരിക്കും എന്ന് മാത്രം..

ഞാൻ ഇതെഴുതുമ്പോഴും മറ്റെതോ കഥാപാത്രത്തിനെ ആർത്തിയോടെ നിങ്ങൾ ഭക്ഷിച്ചുകൊണ്ടിരിക്കുകയായിരിക്കും എന്ന ഉറപ്പോടെ..ഹരീഷ് പേരടി,’ ഹരീഷ് പേരടി കുറിച്ചു.

അതേസമയം മമ്മൂട്ടിയെ ആശംസിച്ചുകൊണ്ടുള്ള ദുൽഖറിന്റെ പോസ്റ്റും വൈറൽ ആണ്. ഭീഷ്മ പർവ്വം എന്ന ചിത്രത്തിലെ മമ്മൂട്ടിയുടെ മാസ് ചിത്രത്തിനൊപ്പം ബെസ്റ്റെസ്റ്റ് എന്ന ക്യാപ്ഷ്യനോടെയാണ് അദ്ദേഹം ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

മികച്ച നടനായി മമ്മൂട്ടി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ മികച്ച നടിക്കുള്ള പുരസ്കാരം കരസ്ഥമാക്കിയത് വിന്‍സി അലോഷ്യസാണ്. ‘രേഖ’യിലെ പ്രകടനത്തി നാനാണ് വിന്‍സി മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടത്.

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘നന്‍പകല്‍ നേരത്ത് മയക്ക’മാണ് മികച്ച ചിത്രം. മന്ത്രി സജി ചെറിയാനാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. ഗൗതം ഘോഷ് അധ്യക്ഷനായ ജൂറിയാണ് ഇത്തവണ സിനിമകള്‍ വിലയിരുത്തിയത്. 154 ചിത്രങ്ങളാണ് ആകെ മത്സരിക്കാനുണ്ടായിരുന്നത്.

Content Highlights: Hareesh Peradi wishes Mammootty for winning Kerala State Film Award

We use cookies to give you the best possible experience. Learn more