| Saturday, 17th December 2022, 11:29 pm

ദേവാസുരത്തിലെ പാട്ടിന്റെ ഈണത്തില്‍ കൂവിയും കുരച്ചും രഞ്ജിത്തിനെതിരെ ഹരീഷ് പേരടി; വീഡിയോ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഐ.എഫ്.എഫ്.കെയില്‍ പ്രതിഷേധിച്ചവരെ നായ്ക്കളോട് ഉപമിച്ച സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ രഞ്ജിത്തിനെ പരിഹസിച്ച് നടന്‍ ഹരീഷ് പേരടി. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ കൂവുകയും കുരക്കുകയും ചെയ്ത ഹരീഷ്, ഇത് രഞ്ജിത്തിന്റെ മാടമ്പിത്തരത്തിനെതിരായ പ്രതിഷേധമാണെന്ന് പറഞ്ഞു. രഞ്ജിത്തിന്റെ തിരക്കഥയിലിറങ്ങിയ ദേവാസുരത്തിലെ ‘വന്ദേ മുകുന്ദ ഹരേ,’ എന്ന പാട്ടിന്റെ ഈണത്തിലായിരുന്നു ഹരീഷ് വീഡിയോയില്‍ കൂവിയത്.

‘ഞാനടക്കമുള്ള പൊതുസമൂഹത്തിന്റെ നികുതിപ്പണം കൊണ്ട് നടത്തുന്ന ചലച്ചിത്രമേളയില്‍ പ്രതിഷേധിച്ചവരെ പട്ടികളും നായ്ക്കളുമായി ഉപമിച്ച ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ മാടമ്പിത്തരത്തിനെതിരെയുള്ള പ്രതിഷേധമാണ് ഈ കൂവലും കുരയും (കൂവുകയും കുരക്കുകയും ചെയ്യുന്നു). മേലാല്‍ ഇത്തരം തെമ്മാടിത്തരങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുക,’ ഹരീഷ് വീഡിയോയില്‍ പറഞ്ഞു.

ആള്‍ക്കൂട്ട പ്രതിഷേധം നായകള്‍ കുരയ്ക്കുന്നത് പോലെയാണെന്നും തനിക്ക് അത് കാണുമ്പോള്‍ ചിരിയാണ് വരാറുള്ളതെന്നുമാണ് പ്രതിഷേധക്കാരെ അധിക്ഷേപിച്ച് രഞ്ജിത്ത് പറഞ്ഞത്. ന്യൂസ് 18നോടായിരുന്നു രഞ്ജിത്തിന്റെ പ്രതികരണം.

‘കോഴിക്കോടാണ് ഞാന്‍ ജീവിക്കുന്നത്. വയനാട്ടില്‍ എനിക്കൊരു വീടുണ്ട്. അവിടെ വീട് നോക്കുന്ന ഒരു ബാലകൃഷ്ണനുണ്ട്. അദ്ദേഹം നാടന്‍ നായ്ക്കളെ വളര്‍ത്താറുണ്ട്. അവ എന്നെ കാണുമ്പോള്‍ കുരയ്ക്കാറുണ്ട്. എന്റെ വീടാണെന്ന യാഥാര്‍ത്ഥ്യം അവര്‍ക്ക് അറിയില്ല. എനിക്ക് അത് കാണുമ്പോള്‍ ചിരിയാണ് തോന്നാറുള്ളത്. അതുപോലെയേ ഞാന്‍ ഈ അപശബ്ദങ്ങളെയും കാണുന്നുള്ളു. നായ ഒരിക്കലും എന്നെ ടാര്‍ഗറ്റ് ചെയ്ത് കുരക്കുന്നതല്ലല്ലോ. വല്ലപ്പോഴുമെത്തുന്ന ഒരാളെന്ന പോലെ അവ എന്നെ കാണുമ്പോള്‍ കുരയ്ക്കുന്നു.

അതുകൊണ്ട് ഞാന്‍ ആ നായയെ തല്ലി പുറത്താക്കുന്നില്ലല്ലോ. ഒരുനാള്‍ അവക്ക് എന്നെ പരിചയത്തിലാവുകയും അവര്‍ എന്നെ എവിടെ എങ്കിലും വെച്ച് തിരിച്ചറിയുകയും ചെയ്യും. അത്രമാത്രമെ ഇതിലൊക്കെയുള്ളു,” രഞ്ജിത്ത് പറഞ്ഞു.

മേള നടത്തിപ്പിന്റെ കാര്യത്തില്‍ അക്കാദമിയുടെ ഭാഗത്ത് നിന്ന് വീഴ്ച വന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ‘നിങ്ങളിതിനെ കൂവി വിളിയെന്ന് പറഞ്ഞ് വലുതാക്കരുത്. ആരോ എന്തോ ബഹളമുണ്ടാക്കിയെന്ന് വിചാരിച്ചാല്‍ മതി. അതൊന്നും വലിയ കാര്യമല്ല. മേളയുടെ ഏറ്റവും വലിയ ലക്ഷ്യമെന്ന് പറയുന്നത് നല്ല കണ്ടന്റ് കൊണ്ടുവരുക എന്നതാണ്.

അത് കാണാനായി ക്ഷണിച്ചപ്പോള്‍ വളരെ ഉത്സാഹത്തോടെ വന്ന ഒരുപാട് പ്രേക്ഷകര്‍ നമുക്ക് ഒപ്പമുണ്ട്. അതാണ് നമ്മുടെ കരുത്ത്. അല്ലാതെ ബഹളം വെക്കുക എന്ന് പറയുന്നതില്‍ ഒരു കാര്യവുമില്ല. അത്തരം ബഹളം വെക്കുന്നവരെ നമ്മള്‍ കാര്യമായിട്ട് എടുക്കാറുമില്ല.

അക്കാദമിയുടെ ഭാഗത്ത് നിന്ന് നടത്തിപ്പിന്റെ കാര്യത്തില്‍ ഒരു വീഴ്ചയുമില്ല. അക്കാദമിക്ക് ഇതുവരെ ഒരു പ്രശ്നവും നേരിടേണ്ടി വന്നിട്ടുമില്ല. നല്ല സിനിമകള്‍, വിഖ്യാതരായ പലരുടെയും സാന്നിധ്യം എന്നിവ നമുക്ക് ഒരുക്കാന്‍ കഴിഞ്ഞു. ഈ കൂവിയവരെ നിങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ പാടില്ല,’ രഞ്ജിത്ത് പറഞ്ഞു.

Content Highlight: hareesh peradi video against renjith

We use cookies to give you the best possible experience. Learn more