Film News
മോഹന്‍ലാലിന്റെ കഥാപാത്രത്തിനല്ല പ്രശ്‌നം, ഡീഗ്രേഡിങ് നടത്തിയവര്‍ വിജയിച്ചു: ഹരീഷ് പേരടി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Jul 03, 05:24 pm
Monday, 3rd July 2023, 10:54 pm

മോഹന്‍ലാല്‍ നായകനായ മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിനെതിരെ ബോധപൂര്‍വമുള്ള ഡീഗ്രേഡിങ് ആണ് ഉണ്ടായതെന്ന് ഹരീഷ് പേരടി. സിനിമ തുടങ്ങി ഒരു അരമുക്കാല്‍ മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ തന്നെ പ്ലാന്‍ ചെയ്തുവെച്ച അഭിപ്രായങ്ങള്‍ വരാന്‍ തുടങ്ങിയെന്ന് ഹരീഷ് പറഞ്ഞു. കാന്‍ചാനല്‍മീഡിയക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ഹരീഷിന്റെ വാക്കുകള്‍.

‘ആ സിനിമക്കെതിരെ ഭയങ്കരമായ ഡീഗ്രേഡിങ് ബോധപൂര്‍വം ഉണ്ടായിട്ടുണ്ട് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ആ ഡീഗ്രേഡിങ് നടത്തിയവര്‍ വിജയിച്ചു. അല്ലാതെ അദ്ദേഹത്തിന്റെ കഥാപാത്രത്തിന് പ്രശ്‌നമുള്ളതായി എനിക്ക് തോന്നിയിട്ടില്ല.

സിനിമ തുടങ്ങി ഒരു അരമുക്കാല്‍ മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ തന്നെ അതിലെ സംഗതികള്‍ പുറത്തേക്ക് വരാന്‍ തുടങ്ങി. അത് പ്ലാന്‍ ചെയ്തുവെച്ച അഭിപ്രായങ്ങളാണ് വരാന്‍ തുടങ്ങിയത്. സിനിമയുടെ ആദ്യത്തെ ഷോ നമ്മള്‍ ഒന്നിച്ചല്ലേ കണ്ടത്. വളരെ സ്വീകരിക്കപ്പെടാന്‍ സാധ്യതയുള്ള സാധനമായിരുന്നു. പിന്നെ കൊവിഡ് ഒക്കെ കഴിഞ്ഞ് ലേറ്റായത് അതിനെ ബാധിച്ചിട്ടുണ്ടാവാം. അതിനെല്ലാം ഉത്തരം പറയാന്‍ ഞാന്‍ ആളല്ല,’ ഹരീഷ് പേരടി പറഞ്ഞു.

ചിത്രത്തില്‍ കുഞ്ഞാലിയെ ആദ്യമായി കാണുന്ന രംഗം ഷൂട്ട് ചെയ്തതിനെ പറ്റിയും ഹരീഷ് പേരടി സംസാരിച്ചു. ‘ഒറ്റ ടേക്കിലാണ് ആ രംഗം എടുത്തത്. ഒരു വൈകുന്നേരമാണ് അത് ഷൂട്ട് ചെയ്തത്. പ്രഭു സാറും മോഹന്‍ലാല്‍ സാറുമുണ്ടായിരുന്നു. അതിന്റെ ഒരു സമീപനം ഇങ്ങനെ ആണ്, കൂടുതല്‍ പറയുന്നില്ല, ചെയ്തുകഴിഞ്ഞിട്ട് എന്തെങ്കിലും മാറ്റമുണ്ടെങ്കില്‍ പറയാം എന്നാണ് പ്രിയേട്ടന്‍ പറഞ്ഞത്.

ആ സ്‌ക്രിപ്റ്റ് ഞാന്‍ ഏകദേശം ഉള്‍ക്കൊണ്ടിരുന്നു. അത് പിന്നെ രണ്ടാമത് എടുക്കേണ്ടി വന്നില്ല. മങ്ങാട്ടച്ചന്റെ മകന്‍ മരിച്ചതിന് ശേഷം ശവം വിട്ടുകൊടുക്കാത്തതുകൊണ്ട് കുഞ്ഞാലിയെ ഒളിഞ്ഞു കാണാന്‍ വരികയാണ്. മകന്റെ ബോഡി തരണം എന്ന് ആവശ്യപ്പെടാന്‍ വേണ്ടി. അത് വൈകാരികമായ സന്ദര്‍ഭമായിരുന്നു.

ലാലേട്ടനെ പോലെ ഒരാള്‍ എതിരെ നില്‍ക്കുമ്പോഴുള്ള ഒരു കൊടുക്കല്‍ വാങ്ങലുണ്ട്. ഡയലോഗ് പറയലോ, കൗണ്ടര്‍ റിയാക്ഷന്‍ കൊടുക്കല്‍ മാത്രമോ അല്ല. മനസും മനസും തമ്മില്‍ കണ്ണിലൂടെ കൈ മാറുന്ന ഒരുപാട് സന്ദേശങ്ങള്‍ ഉണ്ട്,’ ഹരീഷ് പേരടി പറഞ്ഞു.

Content Highlight: hareesh peradi talks about marakkar movie