| Wednesday, 28th June 2023, 9:30 pm

സംഘടനാ മെമ്പര്‍ഷിപ്പ് കിട്ടിയാല്‍ ഇവരുടെ ലഹരി ഉപയോഗം നിയമവിധേയമാകുമോ; വ്യക്തിപരമായ കാര്യങ്ങളില്‍ സംഘടന എങ്ങനെ ഉത്തരവാദിത്തം ഏറ്റെടുക്കും: ഹരീഷ് പേരടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമാ മേഖലയിലെ ലഹരി ഉപയോഗത്തെ കുറിച്ച് സംസാരിക്കുകയാണ് നടന്‍ ഹരീഷ് പേരടി. നടി-നടന്മാരുടെ വ്യക്തിപരമായ കാര്യങ്ങളില്‍ സംഘടന എങ്ങനെ ഉത്തരവാദിത്തം ഏറ്റെടുക്കുമെന്നും അതൊക്കെ ഓരോ വ്യക്തികളില്‍ അധിഷ്ഠിതമായ കാര്യങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. കാന്‍ മീഡിയ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഏതെങ്കിലുമൊരു ഒറ്റപ്പെട്ട സംഭവം ലൊക്കേഷനില്‍ നടക്കുന്നുണ്ടെങ്കില്‍ സംഘടനയുടെ നേതൃത്വത്തിന് ഉത്തരം പറയാന്‍ ഒരിക്കലും സാധിക്കില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഈയടുത്ത് തന്നെ ഒരു തിരക്കഥാകൃത്തിന്റെ ഹോട്ടല്‍ റൂമില്‍ റെയ്ഡ് ഉണ്ടായി. ബോധപൂര്‍വ്വമാണ് റെയ്‌ഡെന്ന് സംഘടനാ മേധാവികള്‍ കൃത്യമായി പറഞ്ഞു. പക്ഷെ എന്നിട്ടും അതവിടെ ഉണ്ടായി. ആ ഹോട്ടലില്‍ താമസിക്കുന്ന ആരുടെയും റൂമിലേക്ക് അത് പോയില്ല. അത് വളരെ ആസൂത്രിതമായിരുന്നുവെന്ന് അവര്‍ പറയുന്നത് യാഥാര്‍ത്ഥ്യമായിരിക്കാം. പക്ഷെ സംഘടനാ നേതൃത്വം ഉണ്ടായിട്ടും എന്ത് സംഭവിച്ചുവെന്ന ചോദ്യം അവിടെ ബാക്കിയാവുകയാണ്.

നടി-നടന്മാരുടെ വ്യക്തിപരമായ കാര്യങ്ങളില്‍ സംഘടന എങ്ങനെ ഉത്തരവാദിത്തം ഏറ്റെടുക്കും. അതൊക്കെ ഓരോ വ്യക്തികളില്‍ അധിഷ്ഠിതമായ കാര്യങ്ങളാണ്. ലഹരി ഉപയോഗിക്കുന്നുവെന്ന് ആരോപണമുള്ള ആളുകള്‍ തന്നെ സംഘടനയില്‍ മെമ്പര്‍ഷിപ്പിന് വേണ്ടി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഈ സംഘടനാ മെമ്പര്‍ഷിപ്പ് കിട്ടി കഴിഞ്ഞാല്‍ ഇവരുടെ ലഹരി ഉപയോഗം നിയവിധേയമാകുമോ. അതാണ് നമുക്കറിയേണ്ടത്. ലഹരി ഉപയോഗങ്ങള്‍ ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് വേണ്ടത്,’ ഹരീഷ് പേരടി പറഞ്ഞു.

ഏതെങ്കിലുമൊരു സംഘടനയുടെ ഐ.ഡി കാര്‍ഡ് ഉണ്ടെങ്കില്‍ മാത്രമേ ഇത്തരമൊരു വിശാലമായ കലാ ലോകത്ത് പ്രവര്‍ത്തിക്കാന്‍ കഴിയൂവെന്ന് പറയുന്നത് വിഡ്ഢിത്തമാണെന്നും അദ്ദേഹം പറഞ്ഞു.

‘ഏതെങ്കിലുമൊരു സംഘടനയുടെ ഐ.ഡി കാര്‍ഡ് ഉണ്ടെങ്കില്‍ മാത്രമേ ഇത്തരമൊരു വിശാലമായ കലാലോകത്ത് പ്രവര്‍ത്തിക്കാന്‍ കഴിയൂവെന്ന് പറയുന്നത് മൂഡത്തരമാണ്. അതേത് സംഘടന പറഞ്ഞാലും, വിഡ്ഢിത്തരമാണ്. അതൊന്നും അംഗീകരിക്കാന്‍ സാധിക്കില്ല. പിന്നെ സംഘടനയില്‍ അംഗത്വം വേണമെന്നുണ്ടെങ്കില്‍ എന്റെ കയ്യില്‍ കാര്‍ഡൊക്കെയുണ്ട്. അത് അമ്മയിലെ കാര്‍ഡ് അല്ല. സൗത്ത് ഇന്ത്യ മുഴുവന്‍ പ്രവര്‍ത്തിക്കാവുന്ന നടികര്‍ സംഘത്തിലെ മെമ്പര്‍ ആണ് ഞാന്‍. അതിത് പോലുള്ള ചാരിറ്റി സംഘടന ഒന്നുമല്ല. അസ്സല്‍ തൊഴിലാളി സംഘടനയാണ്. ഇങ്ങനെയായാല്‍ എങ്ങനെയാണ് പുതുമുഖങ്ങള്‍ കടന്ന് വരുക. വരുന്നവരെ ഒക്കെ പിടിച്ച് അംഗങ്ങളാക്കലാണോ പരിപാടി,’ ഹരീഷ് പേരടി പറഞ്ഞു.

Content Highlight: Hareesh peradi talks about drug uses in film industry

We use cookies to give you the best possible experience. Learn more