Entertainment
വൃത്തികെട്ട രീതിയില്‍ ചോര ഒലിപ്പിച്ചല്ല ആ മോഹന്‍ലാല്‍ ചിത്രത്തില്‍ വയലന്‍സ് കാണിക്കുന്നത്, സംവിധായകന്റെ വിജയമാണത്: ഹരീഷ് പേരടി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Mar 13, 10:41 am
Thursday, 13th March 2025, 4:11 pm

നാടകത്തിലൂടെ അഭിനയജീവിതം ആരംഭിച്ച് സീരിയലുകളിലൂടെ സിനിമയിലെത്തിയ നടനാണ് ഹരീഷ് പേരടി. ചുരുങ്ങിയ കാലം കൊണ്ട് മലയാളം, തമിഴ്, തെലുങ്ക് ഭാഷകളില്‍ ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചു. കഴിഞ്ഞവര്‍ഷം പുറത്തിറങ്ങിയ മലൈക്കോട്ടൈ വാലിബനില്‍ മികച്ച പ്രകടനമായിരുന്നു ഹരീഷ് പേരടി കാഴ്ചവെച്ചത്.

സിനിമകളിലെ വയലന്‍സിനെക്കുറിച്ച് സംസാരിക്കുകയാണ് ഹരീഷ് പേരടി. കാണാന്‍ പോലും തോന്നാത്ത വയലന്‍സ് സീനുകളാണ് ഇപ്പോള്‍ പല സിനിമകളിലുമെന്ന് ഹരീഷ് പേരടി പറഞ്ഞു. എന്നാല്‍ വയലന്‍സിനെ അറപ്പില്ലാതെ കാണിക്കാന്‍ സാധിക്കുമെന്ന് തെളിയിച്ച സിനിമയാണ് ദൃശ്യമെന്ന് ഹരീഷ് പേരടി അഭിപ്രായപ്പെട്ടു.

ഒരു കൊലപാതകം ചെയ്തിട്ട് അതിനെ മറച്ചുവെക്കുന്ന സിനിമയാണെങ്കിലും അതില്‍ വൃത്തികെട്ട രീതിയില്‍ ചോര കാണിക്കുന്ന വയലന്‍സില്ലെന്നും ഹരീഷ് പേരടി പറഞ്ഞു. മറവ് ചെയ്ത മൃതദേഹത്തെ ചുറ്റിപ്പറ്റിയാണ് സിനിമയുടെ കഥയെങ്കിലും ഒരിക്കല്‍ പോലും ആ മൃതദേഹം കാണിക്കുന്നില്ലെന്നും ഹരീഷ് പേരടി കൂട്ടിച്ചേര്‍ത്തു.

ജീത്തു ജോസഫ് എന്ന സംവിധായകന്റെയും എഴുത്തുകാരന്റെയും വിജയമാണ് അതെന്നും ഹരീഷ് പറഞ്ഞു. ആ സിനിമയിലെ ചെറുപ്പക്കാരന്‍ തലക്കടിയേറ്റ് മരിക്കുന്നത് ഏറ്റവും വയലന്റായി ചിത്രീകരിക്കാമായിരുന്നിട്ടും അതിനൊന്നും സംവിധായകന്‍ മുതിരാത്തത് കൈയടി അര്‍ഹിക്കുന്ന ഒന്നാണെന്നും ഹരീഷ് പേരടി കൂട്ടിച്ചേര്‍ത്തു. കൗമുദി മൂവീസിനോട് സംസാരിക്കുകയായിരുന്നു ഹരീഷ് പേരടി.

‘സിനിമകളില്‍ ഇപ്പോള്‍ വയലന്‍സിന്റെ അളവ് കൂടിയിട്ടുണ്ട്. കണ്ടിരിക്കാന്‍ പറ്റാത്ത സീനുകളാണ് പലതും. എന്നാല്‍ വയലന്‍സിനെ അറപ്പില്ലാത്ത രീതിയില്‍ കാണിക്കാന്‍ പറ്റുമെന്ന് തെളിയിച്ച സിനിമയാണ് ദൃശ്യം. ഒരു കൊലപാതകം ചെയ്തിട്ട് അത് പിടിക്കപ്പെടാതിരിക്കാന്‍ കാണിക്കുന്ന ശ്രമങ്ങളെ ഒരിക്കലും ന്യായീകരിക്കാന്‍ കഴിയുന്നതല്ല.

എന്നാലും ആ സിനിമയില്‍ വൃത്തികെട്ട രീതിയില്‍ ചോര ഒലിപ്പിച്ചല്ല വയലന്‍സ് കാണിക്കുന്നത്. മറവ് ചെയ്ത മൃതദേഹം ഒരു സീനില്‍ പോലും കാണിക്കുന്നില്ല. അത് മാത്രമല്ല, ആ ചെറുപ്പക്കാരന്‍ മരിക്കുന്ന രംഗമൊക്കെ അധികം മോശമാകാതെയാണ് എടുത്തുവെച്ചത്. അതിന്റെ എല്ലാ കൈയടിയും സംവിധായകന്‍ ജീത്തു ജോസഫിനുള്ളതാണ്. അയാളുടെ വിജയമാണത്,’ ഹരീഷ് പേരടി പറയുന്നു.

Content Highlight: Hareesh Peradi talks about Drishyam movie