| Friday, 19th January 2024, 3:23 pm

അദ്ദേഹമൊരു പാഠപുസ്തകം, മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കുന്ന ആ കാര്യമാണ് എല്ലാം മനോഹരമാക്കുന്നത്: ഹരീഷ് പേരടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നാടക രംഗത്ത് നിന്ന് സിനിമയിലേക്ക് എത്തിയ നടനാണ് ഹരീഷ് പേരടി. ഇന്ന് അന്യഭാഷകളിലും ഹരീഷ് നിറസാന്നിധ്യമാണ്.

ലിജോ ജോസ് പെല്ലിശ്ശേരി – മോഹൻലാൽ കൂട്ടുകെട്ടിൽ ഇറങ്ങുന്ന മലൈക്കോട്ടൈ വാലിബനാണ് അടുത്തതായി റിലീസാവാനുള്ള ഹരീഷിന്റെ ചിത്രം. മലയാള സിനിമ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ.

മോഹൻലാലിനെ കുറിച്ച് സംസാരിക്കുകയാണ് ഹരീഷ് പേരടി. മുമ്പും ഹരീഷ് മോഹൻലാലിനൊപ്പം അഭിനയിച്ചിട്ടുണ്ട്.

താനൊരു പാഠപുസ്തകം ആയിട്ടാണ് മോഹൻലാലിനെ കാണുന്നതെന്ന് ഹരീഷ് പറയുന്നു. എന്ത് കാര്യങ്ങളും പഠിക്കുക, മറക്കുക, ചെയ്യുക എന്ന രീതിയാണ് മോഹൻലാലിനെന്നും ആ രീതി അധികം ആർക്കില്ലെന്നും ഹരീഷ് പറയുന്നു. അതൊരു മനോഹരമായ കാര്യമാണെന്നും വാർത്ത സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.

‘ചെറുപ്പം മുതൽ കാണുന്ന ഒരു പാഠപുസ്തകം എന്ന നിലയിലാണ് ഞാൻ ലാലേട്ടനെ കാണുന്നത്. എന്നെ ഏറ്റവും ആകർഷിച്ച ഒരു കാര്യമുണ്ട്. പഠിക്കുക മറക്കുക ചെയ്യുക എന്നൊരു രീതിയാണ് ലാലേട്ടൻ പിന്തുടരുന്നതെന്ന് എനിക്ക് തോന്നാറുണ്ട്.

പൊതുവെ അധികം അഭിനേതാക്കളും, പഠിക്കുക പഠിക്കുക ഓർമ്മിക്കുക അങ്ങനെയാണ് പോവാറുള്ളത്. അത് സിനിമയുടെ സ്ക്രിപ്റ്റിന് ഉള്ളിൽ നിൽക്കുന്ന പോലെയാണ്. മറിച്ച് പഠിക്കുക മറക്കുക ചെയ്യുക എന്ന രീതി ലാലേട്ടൻ ചെയ്തത് കൊണ്ട് വല്ലാത്തൊരു ക്രീയേറ്റീവിറ്റി ലാലേട്ടൻ അഭിനയിക്കുമ്പോൾ തോന്നാറുണ്ട്. അതാണ് എനിക്ക് ഏറ്റവും മനോഹരമായി തോന്നിയ ഒരു കാര്യം.

അതുകൊണ്ട് അങ്ങനെയുള്ള കാര്യങ്ങൾ ഞങ്ങളും പഠിക്കാൻ ശ്രമിക്കുന്നു. എന്തെങ്കിലും മാറ്റമുണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു,’ഹരീഷ് പേരടി പറയുന്നു.

Content Highlight: Hareesh Peradi Talk About Mohanlal

We use cookies to give you the best possible experience. Learn more