Advertisement
Entertainment
ലാലേട്ടൻ ബോധപൂർവ്വം നടത്തുന്ന ആ കാര്യം തീർച്ചയായും എല്ലാവരും കണ്ടുപഠിക്കണം: ഹരീഷ് പേരടി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Jan 26, 04:12 am
Friday, 26th January 2024, 9:42 am

മലയാളികൾ ആകാംക്ഷയോടെ കാത്തിരുന്ന മലൈക്കോട്ടൈ വാലിബൻ കഴിഞ്ഞ ദിവസം തിയേറ്ററുകളിൽ എത്തി.

മോഹൻലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ഒന്നിക്കുന്ന ആദ്യ ചിത്രം എന്ന നിലയിൽ തുടക്കം മുതൽ തന്നെ വലിയ ഹൈപ്പുള്ള ചിത്രമായിരുന്നു വാലിബൻ. മുൻ ചിത്രങ്ങളെപ്പോലെ തന്നെ ലിജോയുടെ ഒരു പരീക്ഷണ ചിത്രം തന്നെയാണ് വാലിബനും.

ചിത്രത്തിൽ മോഹൻലാലിനോടൊപ്പം മുഴുനീള വിഷത്തിൽ അഭിനയിച്ച താരമാണ് ഹരീഷ് പേരടി. മോഹൻലാലിൽ കണ്ടുപഠിക്കേണ്ട ഒരുപാട് കാര്യങ്ങൾ ഉണ്ടെന്നാണ് ഹരീഷ് പേരടി പറയുന്നത്. മറ്റ് അഭിനേതാക്കളുടെ കാര്യത്തിൽ മോഹൻലാൽ ഇടപെടാറില്ലെന്നും സില്ലി മോങ്ക്സ് മോളിവുഡിനോട് അദ്ദേഹം പറഞ്ഞു.

‘അദ്ദേഹം ബോധപൂർവ്വം നടത്തുന്ന ഒരു അനുസരണശീലം ഉണ്ട്. അതാണ് നമ്മൾ കണ്ട് പഠിക്കേണ്ടത്. അത് അസാധ്യമായ ഒരു കാര്യം തന്നെയാണ്. നമ്മൾ കണ്ട് ശീലിക്കേണ്ട ഒന്നാണത്. കാരണം ഞാൻ കുറച്ച് സിനിമകൾ ചെയ്തപ്പോഴും അദ്ദേഹം ആരെയും പഠിപ്പിക്കുന്നത് ഞാൻ കണ്ടിട്ടില്ല, ഒരാളോടും അദ്ദേഹം, ഇത് ഇങ്ങനെയല്ല അങ്ങനെ ചെയ്തൂടെയെന്ന് ചോദിക്കുന്നത് കണ്ടിട്ടില്ല. ഒന്നും പറയില്ല.

ഞാൻ അഭിനയിക്കുമ്പോൾ പോലും ഒന്നും പറയില്ല. അങ്ങനെ ചോദിക്കുന്ന നടന്മാരുണ്ട്. പക്ഷെ അദ്ദേഹം ഒന്നും ചോദിക്കില്ല. വാലിബനിലെ ഒരു സീൻ അഭിനയിച്ചു കഴിഞ്ഞ ഓക്കേ പറയുന്നതിന് വേണ്ടി ഞാനും ലാലേട്ടനും കാത്തിരിക്കുകയായിരുന്നു.

ലിജോ പിന്നീട് ഓക്കെ പറഞ്ഞു. ലിജോ അടുത്ത ഫ്രെയിം സെറ്റ് ചെയ്യാൻ പോയപ്പോൾ ലാലേട്ടൻ എന്നോട് ചോദിച്ചു, ഇത് ഹരീഷ് ചെയ്തത് ആ രീതിയിൽ അല്ലേയെന്ന്. അതെന്ത് രീതിയാണെന്ന് ഞാൻ ഇപ്പോൾ പറയുന്നില്ല.

ഞാൻ അത് തന്നെയാണ് സാർ എന്ന് പറഞ്ഞു. എനിക്ക് തോന്നിയെന്ന് ലാലേട്ടനും പറഞ്ഞു. അങ്ങനെയാണ് അദ്ദേഹം ചോദിക്കുന്നത്. ഇതൊന്നും ലാലേട്ടന് അറിയാഞ്ഞിട്ടല്ല. പക്ഷെ ആ വഴി തന്നെയല്ലേയെന്ന് ചോദിച്ചു. ചില സൃഷ്ടികൾ നടക്കുന്നതിന്റെ ഒരു സുഖമുണ്ടല്ലോ അതൊരു അനുഭവമാണ്,’ഹരീഷ് പറയുന്നു.

Content Highlight: Hareesh Peradi Talk About Mohanlal