| Monday, 22nd January 2024, 8:24 am

'ആ കുലുക്കം ഒരു മാനസിക വൈബ്രേഷനാണ്, ടിനു പറഞ്ഞത് തെറ്റല്ല'; വാലിബന്റെ ഇൻട്രോയെ കുറിച്ച് ഹരീഷ് പേരടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. ലിജോ ജോസ് പെല്ലിശ്ശേരിയും മോഹൻലാലും ആദ്യമായി ഒന്നിക്കുന്ന ചിത്രം എന്ന നിലയിൽ തുടക്കം മുതലേ ചർച്ചയായ ചിത്രമാണ് വാലിബൻ.

ചിത്രത്തിന്റെ സംവിധാന സഹായിയായ ടിനു പാപ്പച്ചൻ ഒരു അഭിമുഖത്തിൽ വാലിബനിലെ മോഹൻലാലിന്റെ ഇൻട്രോയെ കുറിച്ച് പറഞ്ഞത് വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു. മോഹൻലാലിന്റെ ഇൻട്രോയിൽ തിയേറ്റർ കുലുങ്ങുമെന്നായിരുന്നു അന്ന് ടിനു പറഞ്ഞത്.

ടിനു അത് സത്യസന്ധമായി പങ്കുവെച്ചതാണെന്നും ടിനു ഉദ്ദേശിച്ച കുലുക്കം ഒരു മാനസിക വൈബ്രേഷൻ ആണെന്നും നടൻ ഹരീഷ് പേരടി പറയുന്നു. അതിനെ കുറിച്ച് ലിജോയും മോഹൻലാലുമെല്ലാം വ്യക്തമായി പറഞ്ഞിട്ടുണ്ടെന്നും റേഡിയോ സുനോയ്‌ക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

‘അതിനെ കുറിച്ച് ഞാൻ ഒന്നും പറയുന്നില്ല. കാണാൻ പോവുന്ന പൂരത്തെ കുറിച്ച് ഞാൻ അധികം പറയുന്നില്ല. ടിനു പറഞ്ഞത് തെറ്റേയല്ല. ടിനു ടിനുവിന്റെ എക്സ്പീരിയൻസാണ് പറഞ്ഞത്. ടിനുവിനെ പോലൊരു സംവിധാകയൻ അദ്ദേഹത്തിന്റെ അഭിപ്രായം സത്യസന്ധമായി പങ്കുവെച്ചതാണ്. അതിൽ അദ്ദേഹത്തെ കളിയാക്കേണ്ട യാതൊരു കാര്യവുമില്ല.

പക്ഷേ അതേ സമയത്ത് തിയേറ്റർ കുലുങ്ങുമോ എന്നതിന് മറുപടി പറയാൻ ഞങ്ങൾ ആളുകൾ അല്ലായെന്ന് ലാലേട്ടനും ലിജോയുമൊക്കെ ഒരുപോലെ പറഞ്ഞിരുന്നു. ടിനു ഉദ്ദേശിച്ച കുലുക്കം, മാനസികമായ ഒരു വൈബ്രേഷനാണ്. ആ വൈബ്രേഷനെ കുറിച്ചാണ് ടിനു പറഞ്ഞത്. ഒരുതരം ആലങ്കാരികമായ പദം കൂടിയാണ്,’ഹരീഷ് പേരടി പറയുന്നു.

വാലിബൻ ഒരു മാസ് സിനിമയാണോ ക്ലാസ്സ്‌ സിനിമയാണോ എന്ന ചോദ്യത്തിന്, ഇതൊരു ജനകീയ സിനിമയാണെന്നും ഹരീഷ് പറഞ്ഞു.

‘ഞാൻ അതിന് ഒറ്റ ഉത്തരമേ പറയുന്നുള്ളൂ, ഇതൊരു പഴയ കാലത്തിലൂടെയുള്ള യാത്രയാണ്. പഴയകാലത്തിലൂടെ നടത്തുന്ന യാത്രയാണെങ്കിലും പുതിയകാലത്തും മനസിലാവുന്ന ഒരു ജനകീയ സിനിമയായിരിക്കും വാലിബൻ. ഞാൻ ഇതിനെ ജനകീയ സിനിമ എന്നായിരിക്കും വിളിക്കുക.

കാരണം മനുഷ്യന്റെ മനസും തലച്ചോറുമൊക്കെ എത്രയൊക്കെ വികസിച്ചുവെന്ന് പറഞ്ഞാലും എന്താണ് എന്നൊരു ചോദ്യമുണ്ടല്ലോ, അത്തരം ഒരു അന്വേഷണവും കൂടെ ഇതിൽ നടക്കുന്നുണ്ട്. പുതിയ കാലത്തെ മനുഷ്യനോട് സംവദിക്കുന്ന ഒരു ജനകീയ സിനിമയായിരിക്കും വാലിബൻ,’ഹരീഷ് പേരടി പറഞ്ഞു.

Content Highlight: Hareesh Peradi Talk About Introduction Of Mohanlal In Malaikotte Valiban

We use cookies to give you the best possible experience. Learn more