| Friday, 30th April 2021, 10:59 pm

അല്ലെങ്കില്‍ ഉത്തരേന്ത്യന്‍ തെരുവുകളില്‍ ശവങ്ങള്‍ ഊഴം കാത്തുകിടക്കുന്നതു പോലെ കിടക്കേണ്ടി വരും; ശ്മശാനം പോസ്റ്റ് വിവാദത്തില്‍ ആര്യ രാജേന്ദ്രന് പിന്തുണയുമായി ഹരീഷ് പേരടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ആധുനിക ശ്മശാനം തയ്യാറാക്കിയെന്ന ഫേസ്ബുക്ക് പോസ്റ്റിനെ തുടര്‍ന്ന് വിവാദത്തിലായ തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന് പിന്തുണയുമായി നടന്‍ ഹരീഷ് പേരടി. നല്ല റോഡും പാലവും സ്‌കൂളും ആശുപത്രിയുമൊക്കെ പോലെ തന്നെ പ്രധാനമാണ് മരിച്ചാല്‍ അന്തസ്സായി കിടക്കാന്‍ ഒരു ശ്മശാനമുണ്ടെന്ന് പറയുന്നതെന്നും അതുകൊണ്ട് തന്നെ സഖാവ് ആര്യയ്‌ക്കൊപ്പം നില്‍ക്കുന്നുവെന്നാണ് ഹരീഷ് പേരടി ഫേസ്ബുക്കിലെഴുതിയത്.

‘നല്ല റോഡുണ്ടാക്കി, നല്ല പാലമുണ്ടാക്കി, നല്ല സ്‌കൂളുണ്ടാക്കി, നല്ല ആശുപത്രിയുണ്ടാക്കി, റേഷന്‍ ഷോപ്പില്‍ നല്ല ഭക്ഷ്യ പദാര്‍ത്ഥങ്ങളുണ്ട്, കുടംബശ്രി ഹോട്ടലുകളില്‍ നല്ല ഭക്ഷണമുണ്ട്… എന്ന് പറയുന്നതു പോലെ തന്നെയാണ്, അല്ലെങ്കില്‍ അതിനേക്കാള്‍ അപ്പുറമാണ്, മരിച്ചു കഴിഞ്ഞാല്‍ ഇവിടെ അന്തസായി കിടക്കാന്‍ ഒരു പൊതു ശമ്ശാനം ഉണ്ടെന്ന് പറയുന്നതും.

അല്ലെങ്കില്‍ ഈ മഹാമാരിയുടെ കാലത്ത് ഉത്തരേന്ത്യയിലേ തെരുവുകളില്‍ ശവങ്ങള്‍ ഊഴം കാത്തു കിടക്കുന്നതുപോലെ കിടക്കേണ്ടി വരും. സ്വന്തക്കാരുടെ ശവങ്ങള്‍ സൈക്കളിലുന്തി തളര്‍ന്ന് വഴിയരികില്‍ ഹൃദയം തകര്‍ന്ന് ഇരിക്കേണ്ടി വരും. പ്രിയപ്പെട്ട അനിയത്തി ആര്യാ നിങ്ങളാണ് ശരി. ആധുനിക കേരളത്തിന് നിങ്ങളില്‍ പ്രതീക്ഷയുണ്ട്. നൂറ് വട്ടം സഖാവ് ആര്യയോടൊപ്പം,’ ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

വെള്ളിയാഴ്ച രാവിലെയാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ച ആധുനിക ഗ്യാസ് ശ്മശാനം പ്രവര്‍ത്തനം ആരംഭിച്ചുവെന്ന് മേയര്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. ശ്മശാനത്തിന്റെ ചിത്രങ്ങളും പങ്കുവെച്ചിരുന്നു.

‘രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ തൈക്കാട് ശാന്തികവാടത്തില്‍ യുദ്ധകാല അടിസ്ഥാനത്തില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച ആധുനിക ഗ്യാസ് ശ്മശാനം ഇന്നലെ മുതല്‍ പ്രവര്‍ത്തനം ആരംഭിച്ചു. നിലവില്‍ ശാന്തികവാടത്തില്‍ വൈദ്യുതി, ഗ്യാസ്, വിറക് എന്നീ സംവിധാനങ്ങളാണ് ശവസംസ്‌കാരത്തിനായി ഉള്ളത്,’ എന്നായിരുന്നു ആര്യ രാജേന്ദ്രന്റെ പോസ്റ്റിലെ വരികള്‍.

ഇതിന് തൊട്ടുപിന്നാലെ മേയര്‍ക്കെതിരെ രൂക്ഷവിമര്‍ശനവും ട്രോളുകളും ഉയര്‍ന്നു. കൊവിഡ് മരണങ്ങളെ രാഷ്ട്രീയനേട്ടത്തിനായി ഉപയോഗിക്കുന്നു, മരണങ്ങളെ കുറിച്ച് ഇത്തരത്തില്‍ സംസാരിച്ചത് ശരിയായില്ല എന്നിങ്ങനെയായിരുന്നു വിമര്‍ശനങ്ങള്‍.

പോസ്റ്റ് വിവാദമായതോടെ മേയര്‍ ഇത് ഡിലീറ്റ് ചെയ്‌തെങ്കിലും പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Hareesh Peradi supports TVM Mayor Arya Rajendran in the crematorium FB post controversy

We use cookies to give you the best possible experience. Learn more